തൊടുപുഴ: കഴിഞ്ഞ പാർലമെന്റ്, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിച്ച പല ബൂത്തുകളിൽപോലും ഇത്തവണ ഡീൻ കുര്യാക്കോസിന് ലീഡ്. ഇടുക്കിയിലെ ഇടതു സ്ഥാനാർഥി ജോയ്സ് ജോർജ് വോട്ട് ചെയ്ത ബൂത്തിൽ ഡീൻ കുര്യാക്കോസിന് ലഭിച്ചത് 28 വോട്ടിന്റെ ഭൂരിപക്ഷം.
വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളി അംഗൻവാടിയിലെ 88ാം നമ്പർ ബൂത്തിൽ ജോയ്സ് ജോർജിന് 320 വോട്ട് ലഭിച്ചപ്പോൾ ഡീൻ കുര്യാക്കോസിനു 348 വോട്ടാണ് ലഭിച്ചത്. ഇവിടെ എൻ.ഡി.എ സ്ഥാനാർഥി സംഗീത വിശ്വനാഥിന് 29 വോട്ടും ലഭിച്ചു.
അതേസമയം, ജോയ്സിന്റെ വീടിരിക്കുന്ന വാഴത്തോപ്പ് പഞ്ചായത്തിലെ തടിയമ്പാട് 79ാം നമ്പർ ബൂത്തിലും ഡീൻ തന്നെയാണ് ലീഡ് ചെയ്തത്. ഇവിടെ ജോയ്സിന് 245 വോട്ട് ലഭിച്ചപ്പോൾ ഡീൻ കുര്യാക്കോസിന് 289 വോട്ട് ലഭിച്ചു. എൻ.ഡി.എ സ്ഥാനാർഥി സംഗീത വിശ്വനാഥിന് ഇവിടെ 43 വോട്ട് ലഭിച്ചു.
എം.എം. മണി എം.എൽ.എയുടെ ബൂത്തിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് 15 വോട്ടിന്റെ ലീഡ് ലഭിച്ചു. ദേവികുളം മണ്ഡലത്തിലെ ബൈസൺവാലി പഞ്ചായത്തിൽ 169 ാം ബൂത്തിലാണ് എം.എം. മണിക്ക് വോട്ടുള്ളത്. കഴിഞ്ഞ പാർലമെന്റ്, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിച്ച ബൂത്താണിത്. ഇത്തവണ ഡീൻ കുര്യാക്കോസിന് 235 വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന് 220 വോട്ടും ലഭിച്ചു.
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്റെ വീട് ഉൾപ്പെടുന്ന ബൂത്തിൽ ഡീൻ കുര്യാക്കോസിന് 334 വോട്ടിന്റെ ലീഡ്. പുറപ്പുഴ ഗവ. എൽ.പി.എസിലെ 144ാം നമ്പർ ബൂത്തിൽ ഡീനിന് 434 വോട്ട് ലഭിച്ചു. ഇവിടെ രണ്ടാം സ്ഥാനത്ത് എൻ.ഡി.എ സ്ഥാനാർഥി സംഗീത വിശ്വനാഥനാണ്. സംഗീതക്ക് 100 വോട്ട് ലഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന് 73 വോട്ട് മാത്രമാണ് ലഭിച്ചത്.
ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു വോട്ട് ചെയ്ത മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ 95ാം നമ്പർ ബൂത്തിൽ ഡീൻ കുര്യാക്കോസിന് 157 വോട്ടിന്റെ ലീഡ് ലഭിച്ചു.
ആകെ 298 വോട്ട് ലഭിച്ചു. ഇവിടെയും രണ്ടാം സ്ഥാനത്ത് എത്തിയത് എൻ.ഡി.എ സ്ഥാനാർഥി സംഗീത വിശ്വനാഥനാണ്. സംഗീതക്ക് 141 വോട്ട് ലഭിച്ചു. മൂന്നാം സ്ഥാനത്ത് എത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന് 102 വോട്ട് മാത്രമാണ് കിട്ടിയത്. സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസിന്റെ ബൂത്തിലും ഡീൻ കുര്യാക്കോസിനാണ് ലീഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.