തൊടുപുഴ: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ഡിജിറ്റല്‍ സർവേക്ക് തുടക്കമായി. 2022 ഏപ്രില്‍ ഒന്നിന് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഉൽപാദന, സേവന മേഖലയിലെ യൂനിറ്റുകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. വ്യവസായ വകുപ്പ് നിയോഗിച്ച എന്യൂമറേറ്റര്‍മാര്‍ വഴിയാണ് വിവരശേഖരണം.
നിലവില്‍ പ്രവര്‍ത്തിക്കുന്ന യൂനിറ്റുകളുടെ കൃത്യവും പൂർണവുമായ വിവരങ്ങള്‍ ശേഖരിച്ച് ഓരോ മേഖലക്കും ഉതകുന്ന പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് ലക്ഷ്യം. എല്ലാ സംരംഭകരും വ്യവസായ സംഘടനകളും സർവേയുമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാൻ സർവേ വിവരങ്ങള്‍ ഉപയോഗപ്പെടുത്തും.കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത വ്യവസായജാലകം എന്ന സംവിധാനത്തിലേക്കാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
യൂനിറ്റുകളുടെ നിക്ഷേപം, തൊഴില്‍, ഉല്പാദനശേഷി, ഊർജ-ജല ഉപഭോഗം തുടങ്ങിയവയോടൊപ്പം യൂനിറ്റിന്റെ ഫോട്ടോ, ഭൗമസ്ഥാനം എന്നിവയും ശേഖരിക്കും. അഞ്ചു വര്‍ഷം മുമ്പ് നടത്തിയ സർവേ പ്രകാരം ജില്ലയിൽ 5700 ഉല്പാദന-സേവന യൂനിറ്റുകളാണുള്ളത്.ഈ യൂനിറ്റുകളുടെ നിലവിലെ സ്ഥിതിയും ഇതില്‍ ഉള്‍പ്പെടാത്ത യൂനിറ്റുകളുടെ വിവരങ്ങളും നിലവിലെ സർവേയിലൂടെ ശേഖരിക്കും. രണ്ടു മാസം കൊണ്ട് സർവേ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.