തൊടുപുഴ: ശമ്പളം വെട്ടിക്കുറച്ചതിനെ തുടർന്ന് വിവിധ തസ്തികകളിലുള്ള ഉദ്യോഗസ്ഥർ സമരം ആരംഭിച്ചതിനെ തുടർന്ന് സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലെ ശിശു സംരക്ഷണ പ്രവർത്തനം താളംതെറ്റുന്നു.
ജില്ലകളിലെ ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി, യൂനിറ്റ് (ഡി.സി.പി.യു) ജീവനക്കാർ ആറു ദിവസമായി സമരത്തിലായതോടെയാണിത്. ജുഡീഷ്യൽ അധികാരങ്ങളുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റി, ബാലാവകാശ സമിതി എന്നിവ പരിഗണിക്കുന്ന കേസുകളിൽ ഉൾപ്പെട്ട കുട്ടികളുടെ കൗൺസലിങ്, ദത്തെടുക്കൽ, രക്ഷപ്പെടുത്തൽ, പുനരധിവാസം തുടങ്ങിയവയാണ് തടസ്സപ്പെട്ടത്. ജീവനക്കാരുടെ കുറവ് മൂലം ശ്വാസം മുട്ടുന്ന സി.ഡബ്ല്യു.സികളിൽ ഇതുമൂലം കേസുകൾക്ക് പൂർണ പരിഹാരം കാണാൻ കഴിയുന്നില്ല.
കരാർ സമയബന്ധിതമായി പുതുക്കി നൽകുക, മൂന്നുവർഷ കരാർ നടപ്പാക്കുക, പ്രസവാവധി അനുവദിക്കുക, ശിശുസംരക്ഷണ പ്രവർത്തനങ്ങൾ നിയമം അനുശാസിക്കുന്ന തരത്തിൽ സൊസൈറ്റിയായി പ്രവർത്തിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ശമ്പളം വെട്ടിക്കുറച്ചതാണ് സമരത്തിന് പ്രധാന കാരണം. കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവും എന്ന കണക്കിലായിരുന്നു ഇവരുടെ ശമ്പളം നൽകുന്നത്.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജോലിഭാരം പരിഗണിച്ച് പ്രത്യേകമായി നൽകി വന്നിരുന്ന തുകയാണ് റദ്ദാക്കിയത്. ഇത് പുനഃസ്ഥാപിക്കണമെന്നതാണ് ആവശ്യം. ഇന്റഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സ്കീമിനു കീഴിലായിരുന്നു ഡി.സി.പി.യു ജീവനക്കാരുടെ നിയമനം. അത് മിഷൻ വാത്സല്യ എന്നാക്കി മാറ്റി. പിന്നാലെ ജീവനക്കാർക്ക് ആവശ്യമായ യോഗ്യതയിലും മാറ്റം വന്നു. ബിരുദ ബരുദാനന്തര യോഗ്യതകൾ ആവശ്യമില്ലാതായി. കുറഞ്ഞ ശമ്പളത്തിൽ ആളുകളെ നിയമിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ജീവനക്കാർ ആരോപിക്കുന്നു. ജില്ലയിൽ ആകെ 16 ജീവനക്കാരാണുള്ളത്. കൗൺസലിങ്, പുനരധിവാസം (പോക്സോ കേസുകളിൽ ഉൾപ്പെടുന്ന കുട്ടികളെ ഉൾപ്പെടെ) ദത്തെടുക്കൽ നടപടികൾ രക്ഷപ്പെടുത്തൽ അന്വേഷണങ്ങൾ (കുട്ടികളുടെ വീട്ടിൽ പോയി അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കൽ), കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് ധനസഹായം നൽകൽ, കുട്ടികളുടെ പഠനത്തിന് സ്പോൺസർഷിപ് ഏർപ്പെടുത്തൽ എന്നിവയാണ് ഇവരുടെ ചുമതലകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.