ഇ-ഹെൽത്ത് 16 ആശുപത്രികളിൽ

തൊടുപുഴ: ഒ.പി രജിസ്ട്രേഷൻ മുതൽ പരിശോധനയും ചികിത്സയും മറ്റൊരിടത്തേക്ക് റഫർ ചെയ്യുന്നതുമടക്കം ഡിജിറ്റലായി മാറുന്ന ഇ-ഹെൽത്ത് പദ്ധതി ജില്ലയിലെ 16 സർക്കാർ ആശുപത്രികളിൽ സജ്ജം. ആദ്യഘട്ടത്തിൽ 16 കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് ഇത് നിലവിൽവന്നത്. രണ്ട് മാസത്തിനകം നാല് ആശുപത്രികളിൽകൂടി നടപ്പാകും. അടുത്ത സാമ്പത്തികവർഷം ഏഴ് ആശുപത്രികളിലും രണ്ടുവർഷത്തിനകം ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഇത് യാഥാർഥ്യമാകും.

സർക്കാർ ആശുപത്രികളുടെ പ്രവർത്തനം രോഗീസൗഹൃദവും കടലാസ് രഹിതവുമായി മാറുന്നതിലൂടെ ചികിത്സ സംവിധാനങ്ങൾക്ക് കൂടുതൽ കൃത്യതയും വേഗതയും കൈവരുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്തെ ഏത് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നാലും രോഗിയുടെ ആരോഗ്യരേഖയുടെ അടിസ്ഥാനത്തിൽ പരമാവധി വേഗത്തിൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ കഴിയുന്നു എന്നതാണ് പദ്ധതിയുടെ നേട്ടം. ഇതിന്‍റെ ഭാഗമായി വ്യക്തികളുടെ വിവരങ്ങൾ ശേഖരിച്ച് കേന്ദ്രീകൃത ഇ-ഹെൽത്ത് സംവിധാനത്തിൽ ക്രോഡീകരിക്കും. ഇത് നിലവിൽവന്ന ആശുപത്രികളിൽ ആരോഗ്യ തിരിച്ചറിയൽ കാർഡ് വിതരണം (യു.എച്ച്.ഐ.ഡി) പുരോഗമിക്കുകയാണ്. ഈ കാർഡ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നതിനുള്ള അടിസ്ഥാന രേഖയായിരിക്കും. ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളെയും കമ്പ്യൂട്ടർ ശൃംഖല വഴി ബന്ധിപ്പിക്കും. സംവിധാനം നടപ്പാകുന്നതോടെ ആശുപത്രിയിലെ ഒ.പി. രജിസ്ട്രേഷൻ, ടോക്കൺ ഡിസ്പ്ലേ, മുൻകൂർ ബുക്കിങ്, ക്യൂ മാനേജ്മെന്‍റ് സംവിധാനങ്ങൾ ഡിജിറ്റലായി മാറും. ഇതോടെ ഒ.പികളിലെ തിരക്കും അനാവശ്യ കാലതാമസവും ഒഴിവാകും. മുൻഗണന ക്രമത്തിൽ പദ്ധതി നടപ്പാക്കാൻ തെരഞ്ഞെടുത്ത മൂന്ന് ജില്ലകളിൽ ഒന്നാണ് ഇടുക്കി. സംവിധാനം നടപ്പാക്കിയ ആശുപത്രികളിലെല്ലാം വിജയമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. നവീകരണ, നിർമാണജോലി നടക്കുന്ന ആശുപത്രികളിൽ അത് പൂർത്തിയായ ശേഷമേ ഇ-ഹെൽത്ത് സജ്ജമാകൂ.

ഇ-ഹെൽത്ത് ഇവിടങ്ങളിൽ

കാഞ്ചിയർ, കരിങ്കുന്നം, ഇളംദേശം, മരിയാപുരം, പെരുവന്താനം, ഉടുമ്പൻചോല, വട്ടവട, കൊന്നത്തടി, കുടയത്തൂർ, കുമാരമംഗലം, രാജകുമാരി, കാമാക്ഷി, കുമളി, ആലക്കോട്, ബൈസൺവാലി എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പാറക്കടവ് യു.പി.എച്ച്.സിയിലുമാണ് നിലവിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായത്. ഇടുക്കി, മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, കരുണാപുരം, അറക്കുളം കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ രണ്ട് മാസത്തിനകം സജ്ജമാകും.

എല്ലാം കടലാസ് രഹിതം

രേഖകൾ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിനാൽ ആശുപത്രിയിൽ വരുന്ന രോഗിയുടെ കൈവശമുള്ള യു.എച്ച്.ഐ.ഡി കാർഡ് സ്കാൻ ചെയ്യുമ്പോൾതന്നെ അയാളെ സംബന്ധിച്ച വിവരങ്ങളെല്ലാം കമ്പ്യൂട്ടറിൽ ലഭ്യമാകും. പ്രത്യേക ടോക്കൺ മാനേജ്മെന്‍റ് സംവിധാനം വഴി തങ്ങളുടെ ഊഴമെത്തുമ്പോൾ ഡോക്ടറെ കാണാം. പരിശോധനക്കുശേഷം ടെസ്റ്റുകൾ ആവശ്യമെങ്കിൽ വിവരങ്ങൾ അപ്പോൾതന്നെ ലാബിലെ കമ്പ്യൂട്ടറിലെത്തും. പരിശോധനഫലം തയാറായാൽ ഡോക്ടറുടെ കമ്പ്യൂട്ടറിൽ കാണാം. തുടർന്ന് ഡോക്ടറെ കണ്ട ശേഷം ഫാർമസിയിലെത്തിയാൽ ആവശ്യമായ മരുന്ന് ലഭിക്കും. ഈ നടപടികളെല്ലാം കടലാസ്രഹിതമാണ്. മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുന്ന കേസുകളിൽ ഡോക്ടറെ കാണാൻ പോകേണ്ട സമയം അപ്പോൾതന്നെ ലഭിക്കും. യു.എച്ച്.ഐ.ഡി കാർഡുമായി ബന്ധപ്പെട്ട ആശുപത്രിയിൽ എത്തിയാൽ മതിയാകും. 

Tags:    
News Summary - E-Health in 16 hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.