തൊടുപുഴ: കുടുംബകോടതി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഹൈകോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായി നിർവഹിച്ചു. മൊബൈല്‍ ഇ-സേവകേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ഹൈകോടതി ജഡ്ജി എ. മുഹമ്മദ് മുസ്താഖ് നിർവഹിച്ചു. തൊടുപുഴയിൽ 2005ല്‍ കുടുംബകോടതി ആരംഭിച്ചതു മുതല്‍ മിനിസിവില്‍ സ്റ്റേഷന് കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം. തുടർന്ന് 2021 സെപ്റ്റംബർ മൂന്നിന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തില്‍ ഹൈകോടതി ജസ്റ്റിസ് സുനില്‍ തോമസാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. 6.5 കോടി ചെലവിലാണ് പൊതുമരാമത്ത് കോടതി സമുച്ചയം നിർമിച്ചത്.
കോടതികളുടെ ഒന്നിലധികം ആവശ്യങ്ങള്‍ നിറവേറ്റാൻ രണ്ട് കാബിനോടുകൂടി രൂപകല്പനചെയ്യ ഒരു മള്‍ട്ടി പര്‍പ്പസ് വാഹനമാണ് മൊബൈല്‍ ഈ-സേവ കേന്ദ്ര. ഇ-സേവ സേവനങ്ങളായ കേസിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ പകര്‍പ്പ് അപേക്ഷ, കേസുകളുടെ ഇ-ഫയലിങ്, ഇ-പേമെന്റ് സഹായം, കോടതികളുടെ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സഹായിക്കല്‍, വെര്‍ച്വല്‍ കോടതികളിലെ ട്രാഫിക് ചലാന്‍ തീര്‍പ്പാക്കല്‍, വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം ലഭ്യമാക്കൽ, മൊബൈല്‍ കോടതിയായി പ്രവര്‍ത്തിപ്പിക്കുക, സംവാദ പ്രോഗ്രാമുകള്‍, സാക്ഷി മൊഴി രേഖപ്പെടുത്തല്‍ തുടങ്ങിയവ ഇ-സേവ കേന്ദ്രയുടെ സവിശേഷതകളാണ്.
ഉദ്ഘാടനവേളയിൽ ജില്ലയുടെ ചുമതലയുള്ള ഹൈകോടതി ജഡ്ജി സി.എസ്. ഡയസ്, ജില്ല ജഡ്ജി പി.എസ്. ശശികുമാര്‍, കേരള ബാര്‍ കൗണ്‍സില്‍ മെംബര്‍ ജോസഫ് ജോണ്‍, ജില്ല കോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റ് എം.എം. തോമസ്, സെക്രട്ടറി സിജോ ജെ. തൈച്ചേരില്‍, തൊടുപുഴ ഗവ. പ്ലീഡര്‍ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് വി.എസ്. സനീഷ്, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ എൽ. ബീന ,കേരള അഡ്വക്കറ്റ് ക്ലര്‍ക്ക് അസോസിയേഷന് തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് സജീവ് ടി. കുറ്റിച്ചിറ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.