തൊടുപുഴ: മൂന്നാർ മേഖലയിൽ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങൾക്ക് അമ്യൂസ്മെന്റ് പാർക്ക് നിർമാണത്തിന് കൈമാറിയത് ഇല്ലാത്ത ഉത്തരവിന്റെ മറവിലാണെന്നും ഹൈഡൽ ടൂറിസം സെന്ററും സഹകരണ സംഘങ്ങളും തമ്മിലുള്ള കരാർ റദ്ദാക്കണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അമ്യൂസ്മെന്റ് പാർക്കിനെന്ന പേരിൽ മൂന്നാറിലും ആനയിറങ്കലിലും വൈദ്യുതി വകുപ്പ് ഭൂമി നിയമവിരുദ്ധമായാണ് ഹൈഡൽ ടൂറിസം സെന്റർ പാട്ടത്തിന് നൽകിയത്. വൈദ്യുതി ബോർഡിന്റെ ഭൂമിയിൽ ഹൈഡൽ ടൂറിസം പദ്ധതികൾ തുടങ്ങാൻ ഡയറക്ടർ ബോർഡ് അനുമതിയും ഡാമിനോട് ചേർന്ന നിർമാണങ്ങൾക്ക് ഡാം സേഫ്റ്റി അതോറിറ്റി അനുമതിയും വേണം. എന്നാൽ, മൂന്നാറിലും ആനയിറങ്കലിലും അമ്യൂസ്മെന്റ് പാർക്ക് നിർമിക്കാൻ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡോ ഡാം സേഫ്റ്റി അതാറിറ്റിയോ അനുമതി നൽകിയിട്ടില്ല.
2015ൽ വിവിധ ഡാമുകളിൽ ബോട്ടിങ്ങിന് നൽകിയ അനുമതിയുടെ മറവിലാണ് ഇപ്പോൾ അമ്യൂസ്മെന്റ് പാർക്ക് നിർമാണം നടക്കുന്നത്. എം.എം. മണി വൈദ്യുതി മന്ത്രിയും ഹൈഡൽ ടൂറിസം സെന്റർ ചെയർമാനുമായ കാലയളവിലാണ് സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റികൾക്ക് കോടികൾ വിലമതിക്കുന്ന ഭൂമി കൈമാറിയത്. നിർമാണങ്ങൾ നിയമപരമാണെന്നാണ് ബാങ്കിന്റെ വാദം. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് ബാങ്ക് എൻ.ഒ.സിക്കായി നൽകിയ അപേക്ഷ.
എം.എം. മണിയുടെയും സി.പി.എമ്മിന്റെയും നേതൃത്വത്തിൽ കോടികൾ വിലയുള്ള ഭൂമി കൈയേറുന്നതിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് ബിജോ മാണി ആരോപിച്ചു. അടിയന്തരമായി കരാർ റദ്ദുചെയ്ത് സർക്കാർ ഭൂമി ഏറ്റെടുക്കണം. അധികാര ദുർവിനിയോഗത്തിനും അഴിമതിക്കും എം.എം. മണിക്കും അന്നത്തെ ഹൈഡൽ ടൂറിസം ഡയറക്ടർക്കുമെതിരെ കേസെടുക്കണം. അല്ലാത്ത പക്ഷം നിയമനടപടിയുമായി മുമ്പോട്ട് പോകുമെന്നും ബിജോ മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.