തൊടുപുഴ: മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കാൻ ശിശുദിനത്തിൽ ജില്ല ശുചിത്വ മിഷൻ നേതൃത്വത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും. പുതുതലമുറക്ക് ശാസ്ത്രീയ മാലിന്യ സംസ്കരണം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക, മാലിന്യമുക്ത നവകേരള സൃഷ്ടിക്ക് പുതിയ തലമുറയുടെ ആശയങ്ങൾ പങ്കുവെക്കാനുള്ള വേദി ഒരുക്കുക, ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ മാതൃകയായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക, വിദ്യാലയങ്ങളിൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹരിതസഭ സംഘടിപ്പിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കലക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആലോചന യോഗം ചേർന്നു. ഹരിതസഭയിലും തുടർപ്രവർത്തനങ്ങളിലും എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് കലക്ടർ പറഞ്ഞു. ഓരോ തദ്ദേശ സ്ഥാപന പരിധിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ഹരിതസഭയിലേക്ക് തെരഞ്ഞെടുക്കേണ്ടതും ഇവരിൽ ആൺ-പെൺ അനുപാതം തുല്യമായിരിക്കേണ്ടതുമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കുട്ടികളുടെയും എണ്ണത്തിന് അനുസരിച്ച് ഹരിതസഭയിൽ 150 മുതൽ 200 വരെ അംഗങ്ങളെ പങ്കെടുപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾ അതത് തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണം, നിലവിലെ അവസ്ഥ, മാലിന്യക്കൂനകൾ, മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, ജലാശയങ്ങളുടെ മലിനീകരണം, നിരോധിത ഡിസ്പോസബിൾ, പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം വിൽപന തുടങ്ങിയ നിയമ ലംഘനങ്ങൾ ഇവ സംബന്ധിച്ചു റിപ്പോർട്ട് തയാറാക്കും.
കുട്ടികൾ കണ്ടെത്തുന്ന പ്രശ്നങ്ങളും നിരീക്ഷണങ്ങളും തദ്ദേശ സ്ഥാപനങ്ങൾ വിലയിരുത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുകയും വേണമെന്നുമാണ് നിർദേശം. കുട്ടികൾ തങ്ങളുടെ നിരീക്ഷണത്തിലൂടെ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്ന പ്രശ്നങ്ങളും അപാകതകളും പരിഹരിക്കാൻ ഓരോ തദ്ദേശ സ്ഥാപനങ്ങളും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടും ഹരിതസഭയിൽ അവതരിപ്പിക്കും. ഹരിതസഭ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കുട്ടികൾ റിപ്പോർട്ടുകൾ തദ്ദേശ സ്ഥാപനങ്ങളെ സമയബന്ധിതമായി അറിയിക്കാനും അധ്യാപകരെ നോഡൽ ഓഫിസർമാരായി നിയോഗിക്കും. ഹരിതസഭയും അനുബന്ധ പ്രവർത്തനങ്ങളും പൂർണമായും ഹരിതച്ചട്ടം പാലിച്ചായിരിക്കും സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.