തൊടുപുഴ: കേസുകളിൽപെട്ടും മറ്റുമായി സ്റ്റേഷൻ പരിസരത്ത് കൊണ്ടിടുന്ന വാഹനങ്ങളാൽ വീർപ്പുമുട്ടുകയാണ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകൾ. പലയിടങ്ങളും വാഹനങ്ങൾ കാടുമൂടി ഇഴജന്തുക്കളുടെ വാസസ്ഥലമായി മാറിക്കഴിഞ്ഞു. ലോറിയും കാറും ബൈക്കും ജീപ്പുമടക്കം നിരവധി വാഹനങ്ങളാണ് ഇത്തരത്തിൽ കാടുമൂടിയും തുരുമ്പെടുത്തും നശിക്കുന്നത്. വേനൽ കടുത്തതോടെ തീപിടിക്കാനുള്ള സാധ്യതയുമേറി.
അപകടങ്ങൾ ഉൾപ്പെടെയുള്ള കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള നിരവധി വാഹനങ്ങളാണ് ഇങ്ങനെ സ്റ്റേഷൻ പരിസരത്ത് കിടക്കുന്നത്. ജില്ലയിലെ സ്റ്റേഷനുകളിൽ ഇങ്ങനെയുള്ള അഞ്ഞൂറിലധികം വാഹനങ്ങളുണ്ടെന്നാണ് വിവരം. തൊടുപുഴ പൊലീസ് സ്റ്റേഷൻ സ്റ്റേഷൻ പരിസരത്ത് മാത്രമുള്ളത് നൂറിലധികം വാഹനങ്ങളാണ്. അതിൽ പലതും ഉപയോഗശൂന്യമാണ്. കുമളി, കമ്പംമെട്ട് തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധികളിൽ ലഹരി കടത്തിന് ഉപയോഗിച്ച വാഹനങ്ങളടക്കം പിടിച്ചെടുത്തവയിലുണ്ട്.
കുമളി, വണ്ടൻമേട്, മറയൂർ തുടങ്ങിയ സ്റ്റേഷനുകളിൽ മണൽ കടത്തിയ വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. ഇത്തരം കേസുകൾ തീരാൻ ഏറെക്കാലമെടുക്കും. അത്രയുംകാലം വാഹനങ്ങൾ സ്റ്റേഷൻ പരിസരത്ത് കിടക്കും. കേസിൽപെട്ട വാഹനങ്ങൾ കോടതി നിയന്ത്രണത്തിലായതിനാൽ ലേലം ചെയ്യണമെങ്കിലും കോടതി അനുമതി വേണം.
ഉപ്പുതറ -നാല്, വണ്ടിപ്പെരിയാർ -21, കട്ടപ്പന -50, വണ്ടൻമേട് -20, കുമളി -23, മുട്ടം -16, കാളിയാർ -31, പീരുമേട് -66, പെരുവന്താനം -15, മറയൂർ -42, വാഗമൺ -16, കരിങ്കുന്നം -മൂന്ന്, നെടുങ്കണ്ടം - ഒമ്പത്, കമ്പംമെട്ട് -30, ഇടുക്കി -46, മുരിക്കാശ്ശേരി -15, തങ്കമണി -രണ്ട്, കഞ്ഞിക്കുഴി -25 എന്നിങ്ങനെയാണ് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലെ നിർത്തിയിട്ട വാഹനങ്ങളുടെ ഏകദേശ കണക്ക്. വർഷങ്ങൾക്ക് മുമ്പ് കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾവരെ സ്റ്റേഷൻ പരിസരങ്ങളിലുണ്ട്.
പൊലീസ് നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങളിൽ ചിലത് തിരിച്ചെടുക്കാൻ ഉടമകൾ വരാത്ത സംഭവങ്ങളുമുണ്ട്. വ്യക്തമായ രേഖകൾ ഇല്ലാത്ത വാഹനങ്ങളും പലരും ഉപേക്ഷിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.