തൊടുപുഴ: ജില്ലയിലെ പ്രധാന പുഴകളിൽ മലിനീകരണത്തോത് വൻതോതിൽ വർധിക്കുന്നതായി കണക്കുകൾ. പുഴയിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെയും ഈ കോളി ബാക്ടീരിയകളുടെയും അളവ് വളരെ കൂടുതലാണെന്ന് ജില്ലയിലെ എട്ട് പുഴകളുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിൽനിന്ന് വ്യക്തമാകുന്നത്. കക്കൂസ് മാലിന്യങ്ങളും മറ്റും തള്ളുന്നതാണ് ഈ കോളി ബാക്ടീരിയകളുടെ അളവ് വർധിക്കാൻ കാരണം.
തൊടുപുഴയാറിന്‍റെ പരിസരങ്ങളിൽനിന്ന് 100 മില്ലി സാമ്പിൾ ശേഖരിച്ചതിൽ പരിശോധന നടത്തിയപ്പോൾ വൻ തോതിൽ കോളിഫോം ബാക്ടീരിയയുടെയും ഇകോളിയുടെയും സാന്നിധ്യംകണ്ടെത്തി.
മൂന്നാറിലും സമാന അളവിലാണ് പുഴയിൽ ഇവയുടെ സാന്നിധ്യം. ഇരുമ്പുപാലം, മൂലമറ്റം, മ്രാല, തേക്കടി, ഉപ്പുതറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലൂടെ ഒഴുകുന്ന പുഴകളിലും വലിയ തോതിൽ തന്നെയാണ് മലിനീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. തേക്കടിയിൽ മാത്രമാണ് ആശ്വാസകരമായ കാര്യം. ഇവിടെ വളരെ കുറഞ്ഞ അളവിലാണ് കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇവിടെ ഇകോളിയും കുറവാണ്.
നാടിന്‍റെ പ്രധാന കുടിവെള്ള സ്രോതസ്സായ പുഴയിലേക്ക് വൻതോതിൽ മാലിന്യം വലിച്ചെറിയുന്നതാണ് പുഴ മലിനീകരണത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കടകളിലെയും, കശാപ്പുശാലകളിലെയും, മത്സ്യ സ്റ്റാളുകളിലെയും, വീടുകളിലെയും മാലിന്യങ്ങളെല്ലാം തള്ളാനുള്ള ഇടമായി പുഴകളെ മാറ്റിയിരിക്കുകയാണ്. സെപ്റ്റിക് ടാങ്കുകളിൽ നിന്നുള്ള മാലിന്യം ഒഴുക്കുന്നതും പുഴയിലേക്കാണ്.
ഇതിനു പുറമെയാണ് പുഴയിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത്. വീടുകളിലും കടകളിലും ആവശ്യമില്ലാത്ത ജൈവ അജൈവ മാലിന്യങ്ങളെല്ലാം തള്ളാനുള്ള ഇടമായി പുഴ മാറിയിരിക്കുകയാണ്.
പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് പുറമെ കുപ്പിച്ചില്ല്, ഇലക്ട്രോണിക് വേസ്റ്റുകൾ, തുടങ്ങിയവയെല്ലാം പുഴയിൽ അടിഞ്ഞുകൂടുന്നുണ്ട്. പുഴയുടെ നാശത്തിന് ഇടയാക്കുന്ന തരത്തിൽ പുഴയിലേക്ക് മാലിന്യം ഉൾപ്പെടെയുള്ള തള്ളുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നുണ്ടെങ്കിലും പുഴകളെ വീണ്ടെടുക്കുന്ന പരിപാടികളും നടക്കുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും മലിനീകരണത്തോത് കുറയുന്നില്ലെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യം തുടർന്നാൽ വൈകാതെ പുഴകളുടെ ചരമഗീതം തന്നെ പാടേണ്ടി വരുമെന്ന് പരിസ്ഥിതി സ്നേഹികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.