തൊടുപുഴ: ജില്ലയിൽ തൊഴിൽ ദാതാക്കളുടെ അഭാവം വെല്ലുവിളി സൃഷ്ടിക്കുമ്പോൾ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഉൾപ്പെടെ തൊഴിൽ അവസരങ്ങളുടെ വാതിൽ തുറക്കാനൊരുങ്ങുകയാണ് സർക്കാർ. വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ സ്വകാര്യ തൊഴിൽദാതാക്കളെ കോർത്തിണക്കി മാർക്കറ്റിങ്, സെയിൽസ്, ഐ.ടി, ആരോഗ്യം, വ്യവസായം, അധ്യാപനം, ബാങ്കിങ് തുടങ്ങി നിരവധി മേഖലകളിലാണ് അവസരങ്ങൾ ഒരുക്കുന്നത്. 2023–24 സാമ്പത്തിക വർഷത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കുടുംബശ്രീ എന്നിവയിലൂടെ ഏഴ് തൊഴിൽമേളയാണ് ജില്ലയിൽ നടത്തിയത്. 392 പേർക്ക് ജോലി ലഭിച്ചു.
ക്രൈസ്റ്റ് കോളജ് പുളിയന്മല, ഗവ. കോളജ് കട്ടപ്പന, എം.ബി.സി കോളജ് കുട്ടിക്കാനം എന്നിവിടങ്ങളിലായിരുന്നു ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മേള നടത്തിയത്. 238 പേർക്കാണ് ജോലി കിട്ടിയത്. 53 തൊഴിൽദാതാക്കൾ ഉദ്യോഗാർഥികളെ തേടിയെത്തി. 2832 ഉദ്യോഗാർഥികൾ പങ്കെടുത്തു. കുടുംബശ്രീയുടെ കീഴിലുള്ള ഡി.ഡി.യു.ജി.കെ.വൈ, കെ.ഡിസ്കിന് കീഴിൽ കുടുംബശ്രീയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കേരള നോളജ് ഇക്കണോമി മിഷൻ എന്നിവയിലൂടെ നാല് മേളയും നടത്തി.
154 പേർക്കാണ് ജോലി കിട്ടിയത്. 88 കമ്പനികൾ മേളയുടെ ഭാഗമായി. 1416 ഉദ്യോഗാർഥികൾ പങ്കെടുത്തു. ബൈസൺവാലി പഞ്ചായത്തിന്റെ മൈക്രോ പ്ലാനുമായി ബന്ധപ്പെട്ട് കുഞ്ചിത്തണ്ണിയിലായിരുന്നു ഒരുമേള. അടിമാലി പഞ്ചായത്ത്, കാമാക്ഷി പഞ്ചായത്ത്, പെരുവന്താനം സെന്റ് ആന്റണീസ് കോളജ് എന്നിവിടങ്ങളിലായിരുന്നു മറ്റുള്ളവ. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരുടെ ഇഷ്ടമേഖലയിൽ നൈപുണ്യം വികസിപ്പിച്ച് മെച്ചപ്പെട്ട ജോലി കണ്ടെത്താൻ പ്രാപ്തരാക്കുകയാണ് നോളജ് ഇക്കണോമി മിഷൻ. പരിശീലനവും ഉറപ്പാക്കുന്നു.
ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) മൊബൈൽ ആപ്പിലൂടെ അവസരങ്ങൾ വിരൽതുമ്പിലെത്തും. മേളകൾക്ക് പുറമെ 400ലേറെ പേർ ഈ ആപ്പിലൂടെ ജോലിനേടി.
ജില്ലയിൽ തൊഴിൽ അവസരങ്ങൾ ഒരുക്കാൻ നടപടിയില്ലെന്ന് പറയുമ്പോഴും ജില്ല നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് തൊഴിൽദാതാക്കളുടെ കുറവ്. എറണാകുളം, കോട്ടയം പോലുള്ള ജില്ലകളിലേതുപോലെ വൻകിട കമ്പനികളും വ്യവസായങ്ങളും ജില്ലയിൽ കുറവാണ്. അയൽ ജില്ലകളിൽനിന്നുള്ള തൊഴിൽദായകരെയും ഉൾപ്പെടുത്തിയാണ് മേളകൾ നടത്തുന്നത്.
ജില്ലയിൽനിന്ന് പുറത്തുപോയി ജോലിചെയ്യാൻ മടിയുള്ള ഉദ്യോഗാർഥികളുമുണ്ട്. കൃഷി, കുടുംബം, മറ്റ് സാഹചര്യങ്ങൾ എന്നിവയാകാം കാരണമെന്ന് അധികൃതർ പറയുന്നു. ബംഗളൂരു, ഹൈദരാബാദ്, കൊച്ചി പോലുള്ള വൻകിട നഗരങ്ങളിലേക്ക് അവസരം ലഭിച്ചാൽപോലും സ്വീകരിക്കാത്ത ഒരു വിഭാഗമുണ്ട്.
എവിടെപ്പോയും ജോലിചെയ്യാൻ തയാറുള്ളവരുമുണ്ട്. ഈ മാറ്റം എല്ലാവരിലുമുണ്ടാകണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. വീടിനടുത്ത് ജോലിയെന്ന ചിന്തയിലും മാറ്റം വരണം. വേഷം, ആശയവിനിമയം, ഭാഷ തുടങ്ങിയവയിൽ മത്സരാധിഷ്ഠിത മികവ് പുലർത്തണം. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ ജോലി ലഭിക്കുന്നവർക്ക് നിയർ ഹോം എന്നൊരാശയവും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.