തൊടുപുഴ: പാർട്ടിയുടെ താഴെത്തട്ട് മുതൽ ഗ്രൂപ്പിസം പിടിമുറുക്കിയതോടെ ജില്ലയിൽ മുസ്ലിം ലീഗ് വിയർക്കുന്നു. ഔദ്യോഗിക പക്ഷത്തേക്കാൾ വിമതർ ശക്തി പ്രാപിച്ചതും ജില്ല-സംസ്ഥാന നേതൃത്വത്തിൽ ജില്ലയിൽ നിന്നുള്ളവർ സജീവമായി ഇടപെടാത്തതുമാണ് പാർട്ടിയെ തളർത്തുന്നത്. സംസ്ഥാന കമ്മിറ്റി തീരുമാനിക്കുന്ന പരിപാടികളൊന്നും ജില്ലയിൽ നടപ്പാകാതായിട്ട് നാളേറെയായി.
അഥവാ നടന്നാൽ പോഷക സംഘടനകളുടെ ലേബലിൽ വിമതരാകും സംഘാടകർ. ഫുൾകോറം ജില്ല കമ്മിറ്റി കൂടിയിട്ടുതന്നെ രണ്ടു വർഷമായത്രേ. നിയോജക മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികള്‍ ചേര്‍ന്നിട്ടും നാളുകളായി. ഭിന്നതയെ തുടര്‍ന്ന് സംഘടനാസംവിധാനം തീർത്തും ദുർബലമായതാണ് പ്രശ്നം. ദേശീയ ആസ്ഥാന ഫണ്ട് പിരിവ്, പാർട്ടി പത്രം കാമ്പയിൻ അടക്കം ഒരു പ്രവർത്തനവും നടന്നിട്ടില്ല.
വയനാട് ദുരിതാശ്വാസ ഫണ്ട് സമാഹരണം പല ജില്ലകളിലും തകൃതിയാണെങ്കിലും ഇവിടെ ആലോചന യോഗം ചേരാൻ പോലും സാധിച്ചിട്ടില്ല. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിനായി ജില്ലതല ഏകോപനത്തിന് പാർട്ടിക്ക് കഴിഞ്ഞില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു. യു.ഡി.എഫ് പരിപാടികളിൽ മുസ്ലിം ലീഗിന്റെ പങ്കാളിത്തം തീരെ കുറഞ്ഞതും ഗ്രൂപ്പ് പോരിന്റെ അനന്തര ഫലമാണ്.
യൂത്ത് ലീഗ് അടക്കം പോഷക ഘടകങ്ങളിലേക്കും ഭിന്നത പടര്‍ന്നതോടെയാണ് പരിപാടികളൊന്നും നടക്കാത്ത സ്ഥിതി രൂപപ്പെട്ടിരിക്കുന്നത്. സ്വതന്ത്ര കർഷക സംഘം, എസ്.ടി.യു തുടങ്ങിയ സംഘടനകൾ വിമതപക്ഷത്തിന്റെ പോക്കറ്റിലെന്ന സ്ഥിതിയുമുണ്ട്. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ 2023ല്‍ കമ്മിറ്റി നിലവില്‍ വന്നതുമായി ബന്ധപ്പെട്ടാണ് ലീഗില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെട്ടത്.
മുമ്പുണ്ടായിരുന്ന ടി.എം. സലിം- കെ.എം.എ. ഷുക്കൂര്‍ ചേരികളില്‍ മാറ്റമുണ്ടായി. ഷുക്കൂര്‍ ജില്ല പ്രസിഡന്റും സലിം സംസ്ഥാന വൈസ് പ്രസിഡന്റുമാണ് നിലവിൽ. സലീം പക്ഷത്തോടൊപ്പം ചേർന്ന് ഷുക്കൂർ പ്രവർത്തകരെ ഒറ്റുകൊടുത്തെന്ന് ആരോപിച്ച് പ്രബലവിഭാഗം വിട്ടുനിൽക്കുന്നതാണ് മുഖ്യ പ്രശ്നം.
ഷുക്കൂറിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റണമെന്നാണ് ആവശ്യം. സലിം കൈപ്പാടം, പി.എം. അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ ഗ്രൂപ്പ്. പുതിയ നേതൃത്വം എന്ന വാദവുമായി യുവാക്കളും രംഗത്തുണ്ട്. ജില്ലയില്‍ തന്നെ ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചെങ്കിലും വിജയം കണ്ടില്ല.
ഇരുപക്ഷവും വാശിയോടെ നിലയുറപ്പിച്ചതും വിഷയം പരിഹരിക്കാൻ നേതൃത്വത്തിലെ ചിലർക്കുതന്നെ താൽപര്യക്കുറവുള്ളതുമാണ് കാരണമെന്ന് അണികൾ അടക്കം പറയുന്നു. ജില്ലയിലെ ഗുരുതര സ്ഥിതി സംസ്ഥാന നേതൃത്വത്തെ ധരിപ്പിക്കാതിരിക്കാൻ ജില്ലയിലെ പ്രമുഖർ കരുനീക്കുന്നതായും വിമതർ പറയുന്നു. അതിനിടെ ജില്ല പ്രസിഡന്റ് അവധിയെടുത്ത് മാസങ്ങളായി വിദേശ യാത്രയിലാണ്.
മൂന്നു മാസത്തിന് ശേഷവും തിരിച്ചെത്തിയിട്ടില്ല. പകരം ചാര്‍ജ്ജുള്ള ജില്ല വൈസ് പ്രസിഡന്റ് പി.എന്‍. അബ്ദുൽ അസീസാകട്ടെ ജില്ല കമ്മിറ്റി ഓഫീസില്‍ പോലും വന്നിട്ടില്ല. ഗ്രൂപ്പിനതീതമായി പാര്‍ട്ടി എന്ന വികാരത്തില്‍ ചിന്തിക്കുന്ന പ്രവര്‍ത്തകരും നേതാക്കളും ഇതോടെ നിരാശയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.