തൊടുപുഴ: ഹൈറേഞ്ചിലെ ആദ്യ കത്തോലിക്കാ ദേവാലയവും തീര്‍ഥാടന കേന്ദ്രവുമായ മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ദേവാലയം ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ പ്രഖ്യാപനം 25ന് നടക്കുമെന്ന് റെക്ടര്‍ ഫാ. മൈക്കിള്‍ വലയിഞ്ചിയില്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് വിജയപുരം രൂപത മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന നടക്കും. കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ വചന സന്ദേശം നല്‍കും. ലത്തീന്‍, സീറോമലബാര്‍, സീറോ മലങ്കര രൂപതകളില്‍ നിന്നുള്ള ബിഷപ്പുമാരും വൈദികരും വിശ്വാസികളും ഉള്‍പ്പെടെ 5000-ഓളം പേര് പങ്കെടുക്കും. ജില്ലയിലെ ആദ്യത്തെ ബസിലിക്കയും കേരളത്തിലെ 11-ാമത്തെയും ഇന്ത്യയില്‍ 31-ാമത്തെയും ബസിലിക്കയാണിത്. 1898-ലാണ് മൗണ്ട് കാര്‍മല്‍ ദേവാലയം സ്ഥാപിതമായത്.
സ്പെയിനില്‍ നിന്നും എത്തിയ കര്‍മലീത്ത മിഷനറി വൈദികനായ ഫാ. അല്‍ഫോന്‍സ് ഒസിഡിയാണ് ദേവാലയം സ്ഥാപിച്ചത്. ആദ്യകാലഘട്ടങ്ങളില്‍ ആലുവയില്‍ നിന്നു കാല്‍നടയായാണ് വൈദികര്‍ മൂന്നാറിലെത്തി കുര്‍ബാന അര്‍പ്പിച്ചിരുന്നത്.
ദേവാലയത്തിന്റെ 125-ാംവര്‍ഷ ജൂബിലി ആഘോഷവേളയിലാണ് ബസിലിക്ക പദവി ലഭിക്കുന്നത്. ജൂബിലി സമാപനം 26നു ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. വിജയപുരം രൂപത സഹായമെത്രാന്‍ ജസ്റ്റിന് മഠത്തിപ്പറമ്പില്‍ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പൊതുസമ്മേളനം നടക്കും. മൂന്നാറിന്റെ സാമൂഹിക, സാംസ്കാരിക, ആധ്യാത്മിക രംഗങ്ങളിലെ മുന്നേറ്റത്തിന് നിര്‍ണായക പങ്കാണ് ദേവാലയം വഹിച്ചിട്ടുണ്ട്. നിലവില്‍ 800-ഓളം കുടുംബങ്ങളാണ് ബസിലിക്കയുടെ കീഴിലുള്ളതെന്നും സംഘാടകര്‍ പറഞ്ഞു. വാർത്ത സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.ആര്. ജെയിന്, പബ്ലിസിറ്റി കണ്‍വീനര്‍ ജെ.സി. ആന്റണി, സെക്രട്ടറി നിഗേഷ് ഐസക്ക് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.