തൊടുപുഴ: മൂന്നാറിലേക്ക് പോകുന്ന യാത്രക്കാരെ സ്വാഗതമോതി നിൽക്കുന്ന നേര്യമംഗലം പാലത്തിന് പകരം പുതിയ പാലം വരുന്നു. കൊച്ചി -ധനുഷ്കോടി ദേശീയ പാതയിൽ (എൻ.എച്ച് -85) നേര്യമംഗലത്ത് പുതിയ പാലം നിർമാണ പ്രവൃത്തികൾക്ക് തുടക്കംകുറിച്ചു. നേര്യമംഗലം ഭാഗത്ത് ഡീൻ കുര്യാക്കോസ് എം.പി നിർമാണോദ്ഘാടനം നിർവഹിച്ചു.
ഒരു മാസത്തോളമായി കൊച്ചി മുതൽ മൂന്നാർ വരെയുള്ള പാതയുടെ നിർമാണജോലികൾ നടക്കുകയാണ്. പുതിയ പാലം നിർമാണവും ഇതിൽപ്പെടും. പാലത്തിന്റെ ഇരുകരകളിലും സ്ഥലമെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്.
ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്തിൽ വരുന്ന പാലത്തിന്റെ മറുഭാഗം നേര്യമംഗലം വനമാണ്. വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാകുമെന്ന് എം.പി പറഞ്ഞു. പഴമയുടെ തനിമ നിലനിർത്തി 214 മീറ്റർ നീളം, പാലത്തിന് ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാത,11.5 മീറ്റർ വീതി, 42.8 മീറ്റർ നീളമുള്ള അഞ്ച് സ്പാനുകൾ എന്നിവയോടെയാണ് പുതിയ പാലം നിർമിക്കുന്നത്. കൊച്ചി മുതൽ മൂന്നാർ വരെ ദൂരത്തിൽ നിർമാണങ്ങൾക്കായി 1250 കോടി രൂപയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽനിന്ന് ലഭിച്ചിരിക്കുന്നത്.
പാലം പൂർത്തിയാകുന്നതോടെ നാടിന്റെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. 1924ൽ തിരുവിതാംകൂർ ഭരണാധികാരി റാണി സേതുലക്ഷ്മി ബായിയുടെ കാലത്താണ് നേര്യമംഗലം പാലം നിർമാണത്തിന് നടപടി സ്വീകരിച്ചത്. 1935 മാർച്ച് 2ന് ചിത്തിര തിരുനാൾ ബാലരാമവർമയാണ് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തത്. സുർക്കി മിശ്രിതം ഉപയോഗിച്ച് അഞ്ച് സ്പാനുകളോടു കൂടി 214 മീറ്റർ നീളം, 4.90 മീറ്റർ വീതിയിലാണ് പാലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.