ഓപറേഷൻ ഫോക്കസ്; കുടുങ്ങിയത് 197പേർ

തൊടുപുഴ: ജില്ലയിൽ ഓപറേഷൻ ഫോക്കസിൽ കുടുങ്ങിയത് 197പേർ. ഏപ്രിൽ നാല് മുതൽ 13 വരെ മോട്ടോർ വാഹന വകുപ്പിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇത്രയധികം കുറ്റകൃത്യങ്ങൾ കണ്ടെത്തിയത്. ഇവരിൽനിന്ന് 1.6ലക്ഷം രൂപ പിഴ ചുമത്തി. വാഹനങ്ങളിലെ അമിതപ്രകാശമുള്ള ലൈറ്റ് ഉപയോഗം മൂലമുള്ള അപകടം തടയുക എന്ന ലക്ഷ്യത്തിലാണ് ഓപറേഷന്‍ ഫോക്കസ് എന്ന പേരിൽ പ്രത്യേക പരിശോധന തുടങ്ങിയത്. തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ബള്‍ബ്, ലേസര്‍ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവയും പരിശോധിച്ചു. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ഹെഡ്ലൈറ്റ് ഡിം ചെയ്ത് കൊടുക്കാതിരിക്കുന്നവര്‍ക്കും പിഴയിട്ടു. ക്രമക്കേടുകള്‍ കണ്ടെത്തിയ വാഹനങ്ങളില്‍നിന്ന് അനധികൃത ലൈറ്റുകള്‍ ഇളക്കിമാറ്റാന്‍ ഉടമ തന്നെ പണം ചെലവഴിക്കണം. ശേഷം രജിസ്റ്ററിങ് അതോറിറ്റി മുമ്പാകെ ഹാജരാകണം.

നിശ്ചിത സമയപരിധിക്കുള്ളില്‍ ഹാജരായില്ലെങ്കില്‍ വാഹനത്തിന്‍റെ രജിസ്‌ട്രേഷനടക്കം റദ്ദാക്കണമെന്നാണ് നിർദേശം. അടുത്തകാലത്തായി വിനോദയാത്ര പോകുന്ന വാഹനങ്ങളിലും മറ്റും കാണുന്ന അലങ്കാര ലൈറ്റുകളും ചില വാഹനങ്ങളിലെ പ്രവര്‍ത്തനക്ഷമമല്ലാത്ത ഹെഡ്‌ലൈറ്റുകള്‍, ബ്രേക്ക്, ഇന്‍ഡിക്കേറ്റര്‍, പാര്‍ക്ക് സൈറ്റുകള്‍ എന്നിവയും റോഡ് സുരക്ഷക്ക് കനത്ത ഭീഷണിയാണ്. ഇതിന് പുറമെയാണ് വാഹനങ്ങള്‍ കത്തിനശിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പരമാവധി അലങ്കാര ലൈറ്റുകളും ഓഡിയോ, വിഡിയോ ഉപകരണങ്ങളും ഉള്‍പ്പെടുത്താന്‍വേണ്ടി ബാറ്ററികളിലും വരുത്തുന്ന അനധികൃത മാറ്റങ്ങളാണ് വാഹനങ്ങള്‍ കത്തിയുള്ള അപകടങ്ങള്‍ക്ക് പ്രധാന കാരണം. ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്. റോഡുകളിൽ ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി തുടരുമെന്നും അധികൃതർ പറഞ്ഞു.

Tags:    
News Summary - Operation Focus; 197 people were trapped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.