തൊടുപുഴ: ദീർഘകാലമായി സർവിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ ദൂരപരിധി നോക്കാതെ യഥാസമയം പക്കാ പെർമിറ്റായി പുതുക്കി നൽകുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയും കെ.എസ്.ആർ.ടി.സിയിലും സ്വകാര്യ ബസുകളിലേതുപോലെ സ്പോട്ട് ടിക്കറ്റിങ് സമ്പ്രദായം നടപ്പാക്കുകയും ചെയ്യുക, ബസ് വ്യവസായത്തെക്കുറിച്ച് പഠിക്കാൻ കമീഷനെ നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി സർവിസുകൾ പിടിച്ചെടുക്കാൻ സർക്കാർ 2023 മേയ് നാലിന് പുതിയ വിജ്ഞാപനം ഇറക്കിയിരുന്നു. ഇത് നടപ്പാക്കുകയാണെങ്കിൽ സ്വകാര്യ ബസ് സർവിസ് മുഴുവൻ രണ്ടോ നാലോ വർഷംകൊണ്ട് നിരത്തൊഴിയും. നിലവിലുള്ള ബസുകളെങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ടാണ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് സെക്രട്ടേറിയറ്റ് പടിക്കൽ ജൂൺ അഞ്ചു മുതൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുക. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല ഭാരവാഹികൾ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി കെ.കെ. അജിത്കുമാർ, ജില്ല വൈസ് പ്രസിഡന്റ് കെ.എം. സലിം, ജില്ല ട്രഷറർ പി.എം. ജോർജ്, ഫെഡറേഷൻ കേന്ദ്ര കമ്മിറ്റിയംഗം ജോബി മാത്യു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.