തൊടുപുഴ: ആഴ്ചകളായി വേനൽ ചൂടിൽ ചുട്ട് പൊള്ളുകയാണ് ജില്ല. അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്നതിനാൽ സൂര്യാതപം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൻ കൂടിയായ കലക്ടർ വെയിലേറ്റ് പുറത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച നിർദശേം കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. ചൂട് അമിതമാകുന്ന കാലാവസ്ഥയിൽ ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാകുന്നതാണ് സൂര്യാതപത്തിനു കാരണം.
അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ശരീരത്തിന്റെ നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും.
വെയിലേൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യാതപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഇവർ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടണം. പൊള്ളിയ ഭാഗത്ത് കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത്.
അന്തരീക്ഷത്തിലെ ചൂടു കൂടുമ്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. സൂര്യാഘാതത്തെക്കാൾ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപമേറ്റുള്ള ശരീരശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ.
വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേ തുടർന്നുള്ള അബോധാവസ്ഥയുമാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ. ഇങ്ങനെ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.