തൊടുപുഴ: മേഖലയിലെ സഹകരണ ബാങ്കുകളിലേക്ക് നടക്കാനിരിക്കുന്ന നിയമനങ്ങളെച്ചൊല്ലി യു.ഡി.എഫിൽ വിവാദം. തൊടുപുഴ കാർഷിക വികസന ബാങ്ക്, ടൗൺ സഹകരണ ബാങ്ക്, കരിമണ്ണൂർ സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ 10 ഒഴിവുകളിലേക്കുള്ള നിയമനമാണ് എഴുത്തുപരീക്ഷ കഴിഞ്ഞ് അഭിമുഖം നടക്കാനിരിക്കെ വിവാദത്തിലായത്. കരിമണ്ണൂർ ബാങ്ക് കേരള കോൺഗ്രസിനും ടൗൺ ബാങ്ക് കോൺഗ്രസിനും തീറെഴുതിയെന്നും കാർഷിക വികസന ബാങ്കിൽ പാർട്ടി നിർദേശിച്ചയാളെ നിയമിക്കാതെ ഭരണസമിതി ഒത്തുകളിക്കുകയാണെന്നും കാണിച്ച് മുസ്ലിം ലീഗ് ജില്ല കമ്മിറ്റി ഡി.സി.സിക്ക് പരാതിനൽകി.
മൂന്ന് ബാങ്കുകളിലും ലീഗിന് ഡയറക്ടർമാരുണ്ടെങ്കിലും തങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കാത്തതിനെതിരെ യൂത്ത് ലീഗ് പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തി. തുടർന്നാണ് ലീഗ് ജില്ല കമ്മിറ്റി വിഷയത്തിൽ ഇടപെട്ടത്. ഡയറക്ടർ ബോർഡിലെ ലീഗ് അംഗങ്ങൾ നിയമന വിവരം രഹസ്യമാക്കിവെച്ചതിനാൽ പാർട്ടിയിൽനിന്നുള്ള യോഗ്യരായവർക്ക് അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നാണ് യൂത്ത് ലീഗിെൻറ ആരോപണം. കാർഷിക ബാങ്കിൽ ലീഗിന് നൽകാൻ തീരുമാനമായ ജോലി പാർട്ടി ജില്ല കമ്മിറ്റി നിർദേശിച്ച യൂത്ത് ലീഗ് നേതാവിന്റെ ഭാര്യക്ക് നൽകാതെ സംസ്ഥാന നേതാവിന്റെ മരുമകന് കൊടുക്കാൻ രഹസ്യധാരണയുണ്ടാക്കിയെന്നും ഇവർ ആരോപിക്കുന്നു. ഈ വിഷയത്തിൽ കാർഷിക ബാങ്കിലെ പാർട്ടി പ്രതിനിധികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പരസ്യ പ്രതിഷേധം ഉയർത്താനാണ് യൂത്ത് ലീഗ് തീരുമാനം.
ഇതിനിടെ, മൂന്ന് ബാങ്കുകളിലെയും നിയമനങ്ങൾ ചട്ടങ്ങൾ ലംഘിച്ചാണെന്ന പരാതിയുമായി ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യുവിനെ സമീപിച്ചിട്ടുണ്ട്. വിവാദ നിയമനങ്ങൾക്കെതിരെ സഹകരണ രജിസ്ട്രാർക്ക് പരാതി നൽകാനാണ് ചില ഉദ്യോഗാർഥികളുടെ നീക്കം. കാർഷികബാങ്ക് നിയമനത്തിലെ പാർട്ടി വിരുദ്ധ നീക്കങ്ങൾ ലീഗ് ജില്ല പ്രസിഡന്റ് സംസ്ഥാന നേതൃത്വത്തിെൻറ ശ്രദ്ധയിൽപ്പെടുത്തിയതായും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.