തൊടുപുഴ: നഗരസഭയുടെ നേതൃത്വത്തിൽ റോഡ് കൈയേറ്റം ഒഴിപ്പിക്കൽ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കിഴക്കേയറ്റം മുതൽ മങ്ങാട്ടുകവല വരെ ഭാഗങ്ങളിലെ അനധികൃത കച്ചവടവും കയ്യേറ്റവുമാണ് ഒഴിപ്പിച്ചത്.
കിഴക്കേയറ്റം, കെ.കെ.ആർ. ജങ്നുകളിൽ അനധികൃതമായി പുറത്തേക്ക് ഇറക്കി വെച്ച് കച്ചവടം നടത്തിയ ബൈക്കുകൾ നഗരസഭ അധികൃതർ പിടിച്ചെടുത്തു. മൂന്ന് കടകളിലെ ബൈക്കുകളാണ് നഗരസഭ പിടിച്ചെടുത്തത്. ഇവരിൽനിന്ന് പിഴയും ഈടാക്കി.
റോഡിലേക്ക് ഇറക്കി വെച്ചുള്ള ബൈക്ക് കച്ചവടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഇത് മാറ്റുവാൻ ഉടമകൾ തയ്യാറായിരുന്നില്ല. ഇതെ തുടർന്നായിരുന്നു നടപടികൾ. വരും ദിവസങ്ങളിൽ മുതലക്കോടം, മാവിൻചുവട്, മങ്ങാട്ടുകവലയിൽ നിന്നും തുടങ്ങുന്ന ബൈപ്പാസ് റോഡ് എന്നിവിടങ്ങളിലും ഒഴിപ്പിക്കൽ തുടരും.
റോഡിന് ഇരുവശത്തുമായി അനധികൃതമായി കൊണ്ടുവന്നിട്ടിരിക്കുന്ന വാഹനങ്ങൾ പോലീസ് സഹായത്തോടെ പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
അനധികൃതമായി പുറത്തേക്ക് ഇറക്കി വെച്ചുള്ള കച്ചവടം, ഗതാഗത തടസം സൃഷ്ടിച്ച് സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ, തുടങ്ങിയവയെല്ലാം വ്യാപാരികൾ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നഗരസഭയുടെ നേതൃത്വത്തിൽ ഇവ നീക്കം ചെയ്യുമെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.