തൊടുപുഴ: മറയൂർ ചന്ദനം കടത്തിന് പിന്നിൽ അന്തർ സംസ്ഥാന മാഫിയയാണെന്ന് മൊഴി. സേലത്തും അടിമാലിയിലും പിടിയിലായ ചന്ദന കടത്ത് പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മറയൂരിൽ നിന്ന് പുതുച്ചേരി വരെ നീളുന്ന ചന്ദന കടത്തിന്റെ വഴി തെളിയുന്നത്. പുതുച്ചേരിയിൽ അനധികൃത ചന്ദനതൈല നിർമാണ ഫാക്ടറിയുണ്ടെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് സേലത്ത് വെച്ച് തമിഴ്നാട് വനംവകുപ്പ് പിടികൂടിയ 1520 കിലോ ചന്ദനത്തേക്കുറിച്ചുള്ള അന്വേഷണത്തിലാണ് നിർണായക വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് സേലം ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ കഴിഞ്ഞദിവസം കസ്റ്റഡിയിൽ വാങ്ങി മറയൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മലപ്പുറം സ്വദേശികളായ പി.പി.ഫജാസ്, ഐ.ഉമ്മർ എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. 2023 സെപ്റ്റംബർ 17ന് അടിമാലിയിൽ വെച്ച് ട്രാഫിക് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച ചന്ദന തടികളുമായി മലപ്പുറം സ്വദേശികളായ മുഹമ്മദ് ബഷീർ, റിയാസ് എന്നിവരെ പിടികൂടിയിരുന്നു. മറയൂരിൽ നിന്ന് വെട്ടിക്കടത്തിയ ചന്ദനമായിരുന്നു ഇത്.
ഇവർക്ക് ചന്ദനം വെട്ടിക്കൊടുത്ത രണ്ട് പേരെക്കൂടി കാന്തല്ലൂർ റേഞ്ച് വനം ഉദ്യോഗസ്ഥർ പിടികൂടി. ചന്ദനം മലപ്പുറത്തേക്കാണ് കടത്തുന്നതെന്നായിരുന്നു അന്ന് കിട്ടിയ വിവരം. മറയൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ എം.ജി.വിനോദ് കുമാറിന്റെ നിർദേശപ്രകാരം കാന്തല്ലൂർ റേഞ്ച് ഓഫീസർ ടി.രഘു ലാലിന്റെ നേതൃത്വത്തിലെ സംഘമാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ മാസം സേലത്ത് വലിയ ചന്ദന വേട്ട നടന്നത് അറിഞ്ഞതോടെ കാന്തല്ലൂർ റേഞ്ച് ഉദ്യോഗസ്ഥർ അവിടേക്ക് അന്വേഷണത്തിന് പോയി. 1520 കിലോയിലെ ഭൂരിഭാഗവും മറയൂരിൽ നിന്നുള്ളതായിരുന്നു. ഇരിങ്ങാലക്കുട ഉൾപ്പെടെ കേരളത്തിലെ മറ്റ് ഭാഗങ്ങളിൽ നിന്നായിരുന്നു ബാക്കി. പ്രതികളായ ആറ് പേരെ ചോദ്യം ചെയ്തപ്പോൾ രണ്ട് പേർക്ക് അടിമാലി കേസിലെ മുഖ്യപ്രതികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. കൂടാതെ മറ്റൊരു കേസിലെ പ്രതികളുമായും ഇവർ കച്ചവടം നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.