തൊടുപുഴ: സെർവർ തകരാറിനെ തുടർന്നുണ്ടാകുന്ന പ്രയാസങ്ങൾ റേഷൻകടകളിലെത്തുന്നവരെ വലക്കുന്നു. ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്ക് സാധനങ്ങൾ വാങ്ങാൻ ശനിയാഴ്ച റേഷൻകടകളിലെത്തിയ പലർക്കും സെർവർ തകരാറിനെ തുടർന്ന് നിരാശരായി മടങ്ങേണ്ടി വന്നു. ജില്ലയിൽ പലയിടങ്ങളിലും ശനിയാഴ്ച സമാനമായ ബുദ്ധിമുട്ടുകൾ നേരിട്ടതായി റേഷൻ കടയുടമകളും ചൂണ്ടിക്കാട്ടി.
രാവിലെ മുതൽ ഉപഭോക്താക്കൾ കടകളിലെത്തിയെങ്കിലും സെർവർ പണിമുടക്കിയതിനാൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഇവർക്ക് റേഷൻ ലഭിച്ചില്ല. വെള്ളിയാഴ്ച അവധിയായിരുന്നതിനാൽ ശനിയാഴ്ച റേഷൻകടകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. എന്നാൽ, ഉപഭോക്താക്കൾക്ക് സാധനങ്ങൾ നൽകാൻ കഴിയാത്തതിനാൽ റേഷൻ കടയുടമകളും വെട്ടിലായി. ഏതാനും പേർക്ക് മാത്രമാണ് റേഷൻ സാധനങ്ങൾ നൽകാനായതെന്ന് റേഷൻകടയുടമകൾ പറഞ്ഞു. ഇ-പോസ് ഒ.ടി.പി. വഴിയും വിതരണം നടത്താൻ കഴിയാത്ത അവസ്ഥയായിരുന്നു.
റേഷൻകടകളിലെത്തി ഇ-പോസ് യന്ത്രത്തിൽ കൈവിരൽ മാറിമാറി െവച്ചു നോക്കിയിട്ടും ഫലം കാണാതെ വന്നതോടെ പലരും ശ്രമം ഉപേക്ഷിച്ചു സാധനം വാങ്ങാതെ മടങ്ങി. പലതവണ വിരലമർത്തി നോക്കുമ്പോൾ ഭാഗ്യംകൊണ്ട് ചിലർക്ക് റേഷൻ ലഭിക്കാറുണ്ട്. ചിലർ ഫോണിലേക്ക് ഒ.ടി.പി വരുന്നതിനാൽ അതു പ്രയോജനപ്പെടുത്തി റേഷൻ വാങ്ങും.
ചില സമയങ്ങളിൽ ഒ.ടി.പി.യും ലഭിക്കാത്ത അവസ്ഥയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കാർഡുമായി ലിങ്ക് ചെയ്ത നമ്പറുള്ള ഫോണുമായല്ല ഭൂരിഭാഗം പേരും കടകളിൽ എത്തുന്നത്. ഇതുമൂലം ഒ.ടി.പി ഉപയോഗിച്ചുള്ള റേഷൻ വിതരണത്തിന് കാലതാമസമുണ്ടാകുന്നുണ്ട്. കാർഡുടമകളിൽ പലർക്കും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നിലവിലില്ല. ഇവർക്കും ഒ.ടി.പി വഴി റേഷൻ വാങ്ങാനാകില്ല. പഞ്ചസാരക്കും മണ്ണെണ്ണക്കും വേറെ ബിൽ ആയതിനാൽ രണ്ടാമതും വിരലടയാളം നൽകേണ്ടിവരും. ഇതും സമയനഷ്ടത്തിന് ഇടയാക്കുന്നു. പലതവണ കടയിലെത്തിയാലേ റേഷൻ സാധനങ്ങൾ വാങ്ങി മടങ്ങാനാകൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.