ജി​ല്ല​യി​ൽ ലൈ​ഫ്​ പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​മി​ച്ച വീ​ടി​ന്​ മു​ക​ളി​ൽ സോ​ളാ​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്നു

സൗരപ്രഭയിൽ ഇനി പുരപ്പുറങ്ങളും കൃഷിയിടവും

തൊടുപുഴ: ലൈഫ് പദ്ധതി വഴി സ്ഥാപിതമായ വീടുകളിൽ ഇനി സൗരപ്രഭ നിറയും. പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിച്ച് സൗജന്യ വൈദ്യുതിയും വരുമാനവും ഉപഭോക്താവിന് ഉറപ്പാക്കുന്ന ലൈഫ് മിഷൻ പ്രോജക്ടിന്‍റെ ഭാഗമായാണ് അനർട്ട് ഇത്തരമൊരു പദ്ധതി തയാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ജില്ലയിലെ 14 വീടുകളിൽ അനർട്ടിന്റെ നേതൃത്വത്തിൽ സൗര നിലയങ്ങൾ സ്ഥാപിച്ചു. അവയിൽ എട്ട് വീട്ടിൽ കണക്ഷനും എത്തി. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 17 വീടുകളിൽ സൗരനിലയ സ്ഥാപനം പുരോഗമിക്കുന്നു. പട്ടികജാതി വകുപ്പ് നിർമിച്ച വീടുകളിലും പദ്ധതി നടപ്പാക്കും.

രണ്ട് കിലോ വാട്ട് ശേഷിയുള്ള സൗര നിലയങ്ങളാണ് ഈ പദ്ധതിയിൽ സ്ഥാപിക്കുന്നത്. വീട്ടിലെ ഉപയോഗത്തിന് ശേഷം ബാക്കിയുള്ളത് കെ.എസ്.ഇ.ബിക്ക് നൽകാം എന്നതിനാൽ വർഷത്തിൽ വീടുകളിൽ ഒരു വരുമാനം ലഭ്യമാകാനും ഇതുവഴി സാധ്യമാകുന്നു. ലൈഫ് മിഷൻ വീട്ടിൽ രണ്ട് കിലോവാട്ട് വീതം ശേഷിയുള്ള സോളാർ പവർ പ്ലാന്‍റാണ് സൗജന്യമായി സ്ഥാപിക്കുന്നത്.

ഒരു വീടിന് 1,35,000 രൂപയാണ് ചെലവ്. ഇതിൽ 95,725 രൂപയും സംസ്ഥാന സർക്കാർ വിഹിതമാണ്. 39,275 രൂപയാണ് കേന്ദ്ര വിഹിതം. ദിവസം എട്ട് യൂനിറ്റ് വൈദ്യുതി ഈ പ്ലാന്‍റിൽനിന്ന് ഉൽപാദിപ്പിക്കാം. ഇതിൽ വീട്ടുകാരുടെ ഉപയോഗം കഴിഞ്ഞുള്ള അധിക വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകുന്നതിലൂടെ വർഷം 4000 വരെ അധിക വരുമാനവും നേടാം.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷൻ നിശ്ചയിച്ചിട്ടുള്ള 3.22 രൂപയാണ് യൂനിറ്റ് ഉടമക്ക് ലഭിക്കുക. ദിവസം എട്ട് യൂനിറ്റ് ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്‍റിന് 25 വർഷം പ്രവർത്തന ശേഷിയുണ്ട്. രണ്ട് കിലോ വാട്ട് (എട്ട് യൂനിറ്റ്) വൈദ്യുതി ഉൽപാദിപ്പിക്കാൻ 200 ചതുരശ്രയടി ഭൂമിയാണ് വേണ്ടത്.പദ്ധതിയുടെ ഭാഗമായി ഒരു ഇൻഡക്ഷൻ സ്റ്റൗ കൂടി ഗുണഭോക്താവിന് അനർട്ടിൽനിന്ന് ലഭിക്കും. ഇതുകൂടാതെ കൃഷിയിടത്തിലേക്ക് ആവശ്യമായ വൈദ്യുതി സോളാർ പ്ലാന്‍റ് വഴി ഉൽപാദിപ്പിക്കാൻ കഴിയുന്ന പദ്ധതിയും ഉണ്ട്.

കൃഷിയിടത്തിലേക്ക് ആവശ്യമായ വൈദ്യുതി സോളാർ പ്ലാന്‍റ് വഴി ഉൽപാദിപ്പിക്കാനും അധികം വരുന്നത് ഗ്രിഡിലേക്ക് നൽകി വരുമാനമുണ്ടാക്കാനും സഹായകമായ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. ഉൽപാദനച്ചെലവിന്‍റെ 60 ശതമാനവും സബ്സിഡിയായി ലഭിക്കും. ഒരു എച്ച്.പി മുതൽ 10 എച്ച്.പി വരെയുള്ള പമ്പുകൾ സൗരോർജ സംവിധാനത്തിലേക്ക് മാറ്റാൻ കഴിയും. കേന്ദ്ര സർക്കാറിന്‍റെ പി.എം. കുസും യോജന വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

Tags:    
News Summary - Solar power project is being prepared for houses and farms constructed under the LIFE scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.