തൊടുപുഴ: വേനൽ ചൂടിൽ ജനം വലയുകയാണ്. തീച്ചൂളയിൽ നിൽക്കുന്നത് പോലെയാണ് പുറത്തേക്കിറങ്ങിയാൽ. ചൂട് കനത്തതോടെ ജില്ലയിൽ സൂര്യാതപ കേസുകളും വർധിച്ചു വരികയാണ്. ജില്ലയിൽ ഇതുവരെ സൂര്യാതപവുമായി ബന്ധപ്പെട്ട എട്ട് കേസുകൾ റിപോർട്ട് ചെയ്തതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. കട്ടപ്പന- മൂന്ന്, കൊന്നത്തടി- മൂന്ന്, വാഴത്തോപ്പ്- ഒന്ന്, കാഞ്ചിയാർ- ഒന്ന് എന്നിങ്ങനെയാണ് കേസുകൾ റിപോർട്ട് ചെയ്തിരിക്കുന്നത്. കട്ടപ്പനയിൽ 50 കാരിയായ അധ്യാപികക്കും 52 കാരനായ ഓട്ടോ ഡ്രൈവർക്കും 34 കാരനായ പ്ലംബർ ജോലിയിലേർപ്പെട്ടിരുന്നയാൾക്കുമാണ് സൂര്യാതപം ഏറ്റത്.
കൊന്നത്തടിയിൽ 51 കാരിയായ വീട്ടമ്മക്കും ആറ് വയസുകാരനായ വിദ്യാർഥിക്കും സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതിക്കും പൊള്ളലേറ്റു. വാഴത്തോപ്പിൽ കർഷകനായ യുവാവിനും കാഞ്ചിയാറിൽ 69 കാനായ സെക്യൂരിറ്റി ജീവനക്കാരനും സൂര്യാതപമേറ്റു. ജില്ലയിൽ വേനൽ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ സൂര്യതാപം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച് പൊതുജനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ മനോജ് അറിയിച്ചു.
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും വിയർപ്പ്, ശ്വാസം എന്നിവയിലൂടെ ശരീരതാപം കുറക്കുന്നതിനു സാധിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. സൂര്യാഘാതം സംഭവിച്ച ഒരാളുടെ ശരീരത്തിന്റെ താപനില 41 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും താപ നിയന്ത്രണം നഷ്ട്ടപ്പെടുകയും തലച്ചോർ, ഹൃദയം രക്തധമനികൾ, കിഡ്നി മുതലായ അവയങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തകരാരിലാവുകയും ചെയ്യും. സൂര്യാഘാതം സംഭവിച്ചു എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ മരണം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഉയര്‍ന്ന ശരീര താപനില (104ഡിഗ്രി ഫാരന്‍ഹീറ്റ്),വറ്റിവരണ്ട ചുവന്ന് ചൂടായ ശരീരം,മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, പിച്ചും പേയും പറയൽ,ശക്തമായ തലവേദന, തലകറക്കം,മന്ദഗതിയിലുള്ള നാഡിമിടിപ്പ്,അബോധാവസ്ഥ,വെയിലത്ത് ജോലി ചെയ്യുകയോ, വെയിലേൽക്കുകയോ ചെയ്യുന്നവരിൽ ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്.
തൊടുപുഴ: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഹൈറേഞ്ച് മേഖലയിലെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള എല്ലാ തൊഴിലാളികൾക്കും ബാധകമായിരിക്കുമെന്ന് ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സംസ്ഥാനത്തെ തൊഴിലാളികൾക്കായി മെയ് 15 വരെ ഏർപ്പെടുത്തിയ തൊഴിൽ സമയ ക്രമീകരണങ്ങളിൽ നിന്നും സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരമുള്ള പ്രദേശങ്ങളെ ഒഴിവാക്കിയിരുന്നു. എന്നാൽ സംസ്ഥാനത്ത് നിലവിൽ അനുഭവപ്പെടുന്ന ഉഷ്ണ തരംഗത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ഈ മേഖലകളിലെ തോട്ടം തൊഴിലാളികൾ അടക്കമുള്ള എല്ലാ തൊഴിലാളികൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.
ഈ മേഖലകളിൽ ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്ന് വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ച് കർശന പരിശോധനകൾ നടത്തിവരികയാണ്. ഫെബ്രുവരി മുതൽ മെയ് 15 വരെ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയുള്ള സമയം എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം. കൺസ്ട്രക്ഷൻ, റോഡ് നിർമാണം, തോട്ടം മേഖലകളിൽ വരും ദിവസങ്ങളിൽ കർശന പരിശോധന ഉറപ്പാക്കുമെന്നും കമ്മീഷണർ അറിയിച്ചു.
ഇടുക്കി : വരൾച്ചയെ നേരിടാൻ സർക്കാർ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് ഇടുക്കി പാർലമെൻറ് യു.ഡി.എഫ്. സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. ജില്ലയുടെ പലപ്രദേശങ്ങളിലും കുടിവെള്ളം പോലും കിട്ടാനില്ല. അതിരൂക്ഷമായ വരൾച്ചയെ നേരിടാൻ സർക്കാരും ജലവിഭവ വകുപ്പും ഒരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. വരൾച്ച രൂക്ഷമായിട്ട് രണ്ട് മാസം കഴിയുന്നു. ജില്ലയിൽ കുടിവെള്ള വിതരണത്തിനുള്ള നടപടികൾ സ്വീകരിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾ ഇനിയമുണ്ട്. കൂടാതെ ഇതിനായി സർക്കാർ വകയിരുത്തിയിരിക്കുന്ന പണവും അപര്യാപ്തമാണ്.
കുടിവെള്ള വിതരണത്തിന് കൂടുതൽ പണം അനുവദിക്കുന്നതിനും ആവശ്യമായ എല്ലാ സ്ഥലങ്ങളിലും തദ്ദേശസ്ഥാപനങ്ങളെക്കൊണ്ട് കുടിവെള്ളമെത്തിക്കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വരൾച്ചയിൽ ജില്ലയിലെ കാർഷിക മേഖല പൂർണമായും തകർന്നു. ഏലം ഉൾപ്പടെയുള്ള കൃഷികൾ കരിഞ്ഞുണങ്ങി കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വരൾച്ചമൂലം ജില്ലയിൽ ഉണ്ടായ കൃഷിനാശത്തെകുറിച്ച് പഠിക്കാൻ സർക്കാർ സമതിയെ നിയോഗിക്കണം. കൃഷിനാശമുണ്ടായവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം.
ഇടുക്കിയെ ദുരന്തബാധിത ജില്ലയായി പ്രഖ്യാപിച്ച് ജപ്തി നടപടികൾ നിർത്തിവെക്കുന്നതിനും ദുരന്തബാധിതരുടെ കടങ്ങൾ എഴുതി തള്ളാനും നടപടി സ്വീകരിക്കണം തുടങ്ങിയ വിഷയങ്ങൾ ചൂണ്ടികാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും ഡീൻ പറഞ്ഞു.
കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേരിട്ട് വെയില് ഏല്ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യതാപമേറ്റ് ചുവന്നു തുടുത്ത് വേദനയും പൊള്ളലുകളും സംഭവിച്ചേക്കാം. അന്തരീക്ഷത്തില്‍ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, കരിക്കിന് വെള്ളം തുടങ്ങിയവ കുടിച്ച് വിശ്രമിക്കുക. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പു മൂലം ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്ന അവസ്ഥയാണ് ഹീറ്റ് റാഷ്. ഏറ്റവും കൂടുതല്‍ കുട്ടികളെ ബാധിക്കുന്ന ഹീറ്റ് റാഷ് തടയുന്നതിന് തിണര്‍പ്പ് ബാധിച്ച ശരീര ഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുക. ഏത് സാഹചര്യങ്ങളിലും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം. ഓയിന്റ്മെന്റ്, ലോഷൻ, ക്രീം, പൗഡർ എന്നിവ ഉപയോഗിക്കരുത്.
സൂര്യാഘാതമേറ്റതായി സംശയം തോന്നിയാല്‍ തണുത്ത സ്ഥലത്തേക്ക് മാറ്റുക, തണുത്ത വെള്ളം ശരീരത്തിൽ ഒഴിക്കുക , ഫാന്‍, എ.സി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക, എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യണം.
സൂര്യാഘാതത്തെക്കാള്‍ കുറച്ച് കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണവും വിയര്‍പ്പിലൂടെ നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടാകുന്ന അവസ്ഥയാണിത്. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം എന്നിവയാണ് ലക്ഷണങ്ങള്‍. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ താപ ശരീര ശോഷണം സൂര്യാഘാതത്തിന് അവസ്ഥയിലേക്ക് മാറിയേക്കാം.
65നു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്,നാലു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍,പ്രമേഹം, വൃക്ക രോഗങ്ങള്‍, ഹൃദ്രോഗം പോലുള്ള രോഗമുള്ളവര്‍,വെയിലത്ത് ജോലി ചെയ്യുന്നവര്‍,പോഷകാഹാര കുറവുള്ളവര്‍,തെരുവുകളിലും തുറസ്സായ സ്ഥലങ്ങളിലും താല്കാലിക പാര്‍പ്പിടങ്ങളിലും താമസിക്കുന്നവർ, കൂടുതല്‍ സമയവും പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍
- ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക
- വെയിലത്ത് ജോലി ചെയ്യുന്നവര്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക
- കുട്ടികളെ ഒരു കാരണവശാലും വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്
- വീടിന്റെ വാതിലുകളും ജനലുകളും തുറന്നിട്ട് കാറ്റ് കടക്കാന്‍ അനുവദിക്കുക
- കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക
- വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തി പോകരുത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.