തൊടുപുഴ: സ്കൂള്‍ വിട്ടുകഴിഞ്ഞാല്‍ കുട്ടി എവിടെ എത്തി? എത്തേണ്ട സമയം കഴിഞ്ഞല്ലോ? എന്നിങ്ങനെ നൂറു ചോദ്യങ്ങളാണ് രക്ഷിതാക്കളുടെ മനസ്സില്‍ കടന്നെത്തുന്നത്. എന്നാല്‍, ഇനി ആ ആശങ്ക വേണ്ട... വിദ്യാവാഹന്‍ ആപ്പിലൂടെ വിദ്യാലയങ്ങളിലേക്ക് സ്കൂള്‍ ബസുകളിലെ കുട്ടികളുടെ യാത്രാവിവരങ്ങള്‍ വീട്ടിലിരുന്ന് നിരീക്ഷിക്കാം. സര്‍ക്കാറും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
വിദ്യാവാഹന്‍ പദ്ധതിയിലൂടെ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന ശക്തമായതോടെ കുട്ടികളെ ബസ് ഉടമകള്‍ക്ക് കുത്തിനിറച്ചുകൊണ്ടുവരാന് സാധിക്കില്ല. ഇതിനുപുറമേ മൊബൈല്‍ ആപ്പ് കൂടി സജ്ജമായതോടെ സ്കൂള്‍ ബസില്‍ സഞ്ചരിക്കുന്ന കുട്ടികളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് ബസ് എവിടെയെത്തി, വേഗത, മറ്റു മുന്നറിയിപ്പുകള്‍ എല്ലാം രക്ഷിതാക്കള്‍ക്ക് അറിയാന്‍ സാധിക്കും.
സ്കൂള്‍ അധികൃതര്‍ സുരക്ഷാമിത്ര https://tracking.keralamvd.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം. ജി.പി.എസ് സംവിധാനം ഘടിപ്പിച്ച സ്കൂള്‍ ബസുകള്‍ക്ക് മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പ് വിദ്യാര്‍ഥികളുമായി സഞ്ചരിക്കുന്നതിനുള്ള അനുമതി നല്‍കുന്നത്. ഈ സാധ്യത പ്രയോജനപ്പെടുത്തിയാണ് സുരക്ഷാമിത്ര പോര്‍ട്ടലും വിദ്യാവാഹന്‍ ആപ്പും പ്രവര്‍ത്തിക്കുന്നത്. സ്കൂള്‍ വാഹനങ്ങളെ ജി.പി.എസുമായി ബന്ധിപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ സുരക്ഷാമിത്ര സോഫ്റ്റ്വെയറില്‍നിന്നുള്ള വിവരങ്ങളാണ് മൊബൈല്‍ ആപ്പില്‍ ലഭിക്കുക. ഓരോ സ്കൂള്‍ വാഹനങ്ങള്‍ക്കും പ്രത്യേക യൂസര്‍നെയിമും ലോഗിനും നല്‍കിയിട്ടുണ്ട്.
ഇതുപയോഗിച്ച് ബസിന്റെ റൂട്ട് മാപ്പ്, യാത്രചെയ്യുന്ന കുട്ടികളുടെ മാതാപിതാക്കളുടെ ഫോണ്‍നമ്പര്‍, ഡ്രൈവര്‍, സഹായി, സ്കൂള്‍ മാനേജര്‍ എന്നിവരുടെ ഫോണ്‍ നമ്പര്‍ ഉൾക്കൊള്ളിക്കണം. ഈ സംവിധാനം സ്കൂള്‍ അധികൃതരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മഞ്ഞ പെയിന്റ് അടിച്ച സ്കൂള്‍ ബസുകള്‍ക്ക് മാത്രമാണ് ഉണ്ടായിരിക്കുക.
തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്ന ഈ ആപ്പിന്റെ സൗകര്യം രക്ഷിതാക്കള്‍ക്ക് ലഭിക്കാൻ മൊബൈല്‍ നമ്പര്‍ സ്കൂള്‍ അധികൃതരെ ഏല്പിക്കണം. നമ്പര്‍ വിദ്യാർഥികള്‍ സഞ്ചരിക്കുന്ന വാഹനവുമായി സ്കൂള്‍ അധികൃതര്‍ ബന്ധിപ്പിക്കുന്നതോടെ മക്കളുടെ സഞ്ചാരപ്പാത ഗൂഗിള്‍ മാപ്പില്‍ കാണുന്നതുപോലെ വിരല്‍ത്തുമ്പില്‍ എത്തും. ജില്ലയിലെ വിവിധ സ്കൂളുകളിലെ 804 വാഹനങ്ങളില്‍ ഈ സംവിധാനം പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. നല്‍കിയിട്ടുള്ള നമ്പര്‍ ഉപയോഗിക്കുന്ന ഫോണില്‍ പ്ലേസ്റ്റോറില്‍നിന്ന് രക്ഷിതാക്കള്‍ക്ക് വിദ്യാവാഹന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
ശേഷം അതേ നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ ലോഗിന്‍ ചെയ്യുക. ഫോണില്‍ വരുന്ന നാലക്ക ഒ.ടി.പി നമ്പര്‍ നല്കി ആപ്പിലേക്ക് പ്രവേശിക്കാം. സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പര്‍ തെരഞ്ഞെടുക്കുന്നതിലൂടെ വാഹനത്തിന്റെ ലൊക്കേഷന്‍, വേഗത, മറ്റു മുന്നറിയിപ്പുകള്‍ എന്നിവ അറിയാം.അടിയന്തര സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആപ്പില്‍നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാനുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ആപ്പിലെ സെറ്റിങ്സ് ഓപ്ഷനിലൂടെ കുട്ടികള്‍ ഇറങ്ങേണ്ട സ്ഥലവും രേഖപ്പെടുത്താം.
വാഹനത്തിന് എന്തെങ്കിലും അപകടമുണ്ടായാല്‍ ആ വിവരവും കൺട്രോള് റൂമില്‍ എത്തും. ബസ് യാത്ര തുടങ്ങുന്നതുമുതല്‍ രക്ഷിതാക്കള്‍ക്ക് യാത്ര നിരീക്ഷിക്കാനാകും. അതിവേഗമെടുത്താല്‍ രക്ഷിതാവിനും മുന്നറിയിപ്പ് ലഭിക്കും.കുട്ടികള്‍ വെവ്വേറെ സ്കൂളുകളിലാണെങ്കിലും ഒറ്റ ആപ്പിലൂടെ നിരീക്ഷിക്കാനാകും. ഈ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാർഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാനാകും. സംശയനിവാരണത്തിനായി 18005997099 ടോള്‍ ഫ്രീ നമ്പര്‍ പ്രയോജനപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.