തൊടുപുഴ: അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ ഇത്തവണ വേനൽ അവധിക്ക് സ്കൂൾ അടക്കുന്നതിന് മുമ്പേ എത്തി. 40.90 ശതമാനം പുസ്തകങ്ങളാണ് ഇതുവരെ കട്ടപ്പനയിലെ ജില്ല പാഠപുസ്തക ഹബിലെത്തിയത്. സ്കൂൾ തുറക്കുമ്പോൾ ആവശ്യമുള്ള 3,18,639 ഒന്നാം വാല്യമാണ് ആദ്യഘട്ടമായെത്തിയത്. ഇവയുടെ വിതരണം തിങ്കളാഴ്ച ആരംഭിച്ചു .
അടുത്ത അധ്യയനവർഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ പുസ്തകങ്ങളെല്ലാം വിദ്യാർഥികളുടെ കൈകളിലെത്തുമെന്ന് ജില്ല വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. ജില്ലയിലെ 513 വിദ്യാലയങ്ങളിലേക്കായി മൂന്ന് വാല്യങ്ങളിലായി 14,38,169 പാഠപുസ്തകങ്ങളാണ് ആവശ്യം. പാഠപുസ്തക സൊസൈറ്റികൾ വഴിയാണ് വിതരണം. ഇതിൽ ഒന്നാം വാല്യത്തിന്റെ വിതരണം ഏപ്രിൽ, മേയ് മാസത്തോടെ പൂർത്തിയാകും. വിതരണത്തിനായുള്ള തരംതിരിക്കൽ വെള്ളിയാഴ്ച പൂർത്തിയാക്കിയിരുന്നു. കുടുംബശ്രീ ജില്ല മിഷൻ നിയോഗിച്ചവരാണ് തരംതിരിക്കുന്നത്.
വിതരണവും ഇവരുടെ നേതൃത്വത്തിലാണ്. ജില്ലയിലെ 130 സൊസൈറ്റികളിലേക്കും അവിടെനിന്ന് വിദ്യാലയങ്ങളിലേക്കും പുസ്തകങ്ങൾ എത്തിക്കും. അതത് വിദ്യാലങ്ങളിൽനിന്നാണ് പുസ്തകങ്ങളുടെ ആവശ്യകത എത്രത്തോളമാണെന്ന് ഓൺലൈനായി കെ.ബി.പി.എസിൽ അറിയിക്കുന്നത്. ഇതനുസരിച്ചാണ് പുസ്തകങ്ങൾ എത്തുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് മോണിറ്ററിങ്. സ്കൂളിന്റെ ആവശ്യത്തിനനുസരിച്ചാണ് പുസ്തകങ്ങൾ പ്രിന്റ് ചെയ്യുന്നത്.
പൊതുവിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന അഞ്ച് കിലോയുടെ സൗജന്യ അരി വിതരണം ജില്ലയിൽ തുടങ്ങി.461 സ്കൂളുകളിലാണ് ജില്ലയിൽ ഉച്ചഭക്ഷണ പദ്ധതിയുള്ളത്. 79, 868 വിദ്യാർഥികളുണ്ട്. ഇതിൽ 337 സ്കൂളുകളിലും അരിയെത്തി വിതരണം തുടങ്ങിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. 31നകം പൂർത്തിയാക്കും. സപ്ലൈകോ, മാവേലി സ്റ്റോറുകളിൽനിന്നാണ് അരി അതത് സ്കൂളുകളിൽ എത്തിക്കുന്നത്.
സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിക്കാണ് വിതരണച്ചുമതല. സ്കൂളുകളിൽ ഉച്ചഭക്ഷണം കഴിക്കുന്ന വിദ്യാർഥികൾക്ക് അവധിക്കാലത്തും സുഭിക്ഷമായി ഭക്ഷണം കഴിക്കാനുള്ള അരി മുടങ്ങാതെ നൽകുകയാണ് അരി വിതരണത്തിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.