തൊടുപുഴ: രണ്ട് വകുപ്പുകൾ തമ്മിലെ വടംവലിയിൽ സ്തംഭിച്ചു നിൽക്കുകയാണ് ഒരു റോഡിന്റെ പണി. നെയ്യശ്ശേരി -തോക്കുമ്പന്‍ റോഡ് പണിയാണ് വൈദ്യുതി ബോർഡും പൊതുമരാമത്തും തമ്മിലെ മൂപ്പിളമ പോരിൽ കുടുങ്ങി കിടക്കുന്നത്. പൊതുമരാമത്ത് കരാർ നൽകിയ കെ.എസ്.ടി.പിക്കാണ് റോഡ് നിർമാണത്തിന്റെ ചുമതല.
കരിമണ്ണൂര്‍ മുതല്‍ പട്ടയക്കുടി വരെ റോഡരികില്‍ നില്ക്കുന്ന 300 വൈദ്യുതി തൂണുകള്‍ റോഡ് നിർമാണത്തിനായി മാറ്റി സ്ഥാപിക്കണം. ഇതിന് കെ.എസ്.ഇ.ബി.യുടെ അംഗീകാരമുള്ള ആവേമരിയ എന്ന ഏജന്‍സിയെയാണ് കെ.എസ്.ടി.പി ചുമതലപ്പെടുത്തിയത്. ഇവര്‍ തൊമ്മന് കുത്തിലെ മൂന്ന് പോസ്റ്റുകള്‍ മാറ്റി റോഡരികില്‍ കാനയോടു ചേര്‍ന്ന് സ്ഥാപിച്ചപ്പോൾ തന്നെ തടസ്സവാദവുമായി കെ.എസ്.ഇ.ബിക്കാർ എത്തി. റോഡരികില്‍ തൂണുകള്‍ സ്ഥാപിക്കുന്നത് അപകടകാരണമാകുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.
എന്നാല്‍, പോസ്റ്റ് സ്ഥാപിക്കാനുള്ള സ്ഥലം വേര്‍തിരിച്ചുനല്‍കാന്‍ ആവശ്യപ്പെടുമ്പോള്‍ കെ.എസ്.ഇ.ബിക്കാർ കൈമലര്‍ത്തി. ഇതോടെ വൈദ്യുതി തൂണുകള്‍ മാറ്റാനുള്ള നടപടികള്‍ മതിയാക്കി ഏജന്സിക്കാര് മടങ്ങി.വൈദ്യുതി തൂണുകള്‍ മാറ്റാൻ കെ.എസ്.ഇ.ബി.നാലുകോടിയുടെ എസ്റ്റിമേറ്റ് മുമ്പ് നല്കി. എന്നാല്‍ കെ.എസ.ടി.പി 1.28 കോടി രൂപയാണ് അനുവദിച്ചത്. ഇതാണ് കെ.എസ്.ഇ.ബിയെ ചൊടിപ്പിച്ചതെന്നാണ് ഉന്നതങ്ങളിലെ സംസാരം.
അനുമതി വാങ്ങാതെ പൊതുമരാമത്ത് വകുപ്പിന്റെ റോഡില്‍ തൂണിടുന്ന കെ.എസ്.ഇബിക്കാർ അവ മാറ്റാന്‍ പൊതുമരാമത്ത് ആവശ്യപ്പെടുമ്പോൾ കനത്ത തുകയും നഷ്ടപരിഹാരവും ആവശ്യപ്പെടുന്നത് വിചിത്ര നയമാണെന്ന് പി.ഡബ്ല്യു.ഡി അധികൃതരും പറയുന്നു. കാളിയാര്‍ കെ.എസ്.ഇ.ബി സെക്ഷനാണ് സ്റ്റോപ് മെമ്മോ നല്‍കിയത്. എന്നാല്‍, ഇത് പിന്‍വലിക്കാൻ ആവശ്യപ്പെടുമ്പോള്‍ അധികാരം ഇല്ലെന്ന ന്യായമാണ് പറയുന്നതെന്ന് കെ.എസ്.ടി.പി അധികൃതര്‍ കുറ്റപ്പെടുത്തുന്നു.
തടസ്സവാദവുമായി വനം വകുപ്പും
തോക്കുമ്പൻ റോഡ് പണിയുടെ ഭാഗമായി തൊമ്മന്‍കുത്ത് ചപ്പാത്തിന് സമാന്തരമായി താൽക്കാലിക പാലം പണിയാനുള്ള അനുമതി വനം വകുപ്പ് നല്‍കിയിട്ടില്ല. ഇങ്ങിനെ പോയാൽ വര്‍ഷങ്ങള്‍ പിന്നിട്ടാലും റോഡുപണി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കെ.എസ്.ടി.പിക്കാർ റയുന്നു.
തൊമ്മന്‍കുത്ത് കണ്ണാടിപുഴക്ക് കുറുകെ താൽകാലിക പാലം പണിയാനും പുതിയപാലം പണിയുന്നതിന് മുമ്പ് ഭൂമിതുരന്നു നടത്തേണ്ട കണ്‍ഫമേഷന്‍ ബോറിങ് ഉള്പ്പെടെയുള്ളപ്രവര്ത്തനങ്ങള്ക്കുമാണ് വനംവകുപ്പ് തടസ്സവാദം ഉന്നയിച്ചത്.
ചപ്പാത്ത് പൊളിക്കും മുമ്പ് ഇതിന് സമീപത്തുതന്നെ താൽക്കാലിക പാലം പണിയാനുള്ള തുക നിലവിലെ എസ്റ്റിമേറ്റ് പ്രകാരം ഉണ്ട്. എന്നാൽ, വനം വകുപ്പിന്റ തടസ്സവാദം കാരണം പണി തുടങ്ങാനായിട്ടില്ല.
മുട്ടം: രൂക്ഷമായ പൊടിശല്യത്താൽ വലഞ്ഞ് തോട്ടുംകര. മീനച്ചിൽ പദ്ധതിക്ക് പൈപ്പ് സ്ഥാപിച്ച ശേഷം ടാറിങ് നടത്താത്തതാണ് പൊടിശല്യത്തിന് കാരണം. കഴിഞ്ഞയാഴ്ചയാണ് പൈപ്പ് സ്ഥാപിക്കൽ ആരംഭിച്ചത്. രണ്ട് പൈപ്പ് സ്ഥാപിച്ച ശേഷം കുഴി മൂടിയെങ്കിലും ടാറിങ് നടത്തിയിട്ടില്ല.
50 മീറ്ററോളം പൈപ്പ് സ്ഥാപിച്ച ശേഷം ടാറിങ് നടത്തുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, അതുവരെ പൊടി ഒഴിവാക്കുനുള്ള നടപടിയെങ്കിലും സ്വീകരിക്കണമെന്ന് നാട്ടുകാർ പറയുന്നു. കൃത്യമായ ഇടവേളയിൽ നനച്ചാൽ പൊടിശല്യം ഒഴിവാക്കാം. റോഡിന് ഇരുവശത്തും വീടുകളും വ്യാപാര സ്ഥാപനങ്ങളുമുള്ളതിനാൽ കരാറുകാർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുണ്ടും കുഴിയും നിറഞ്ഞ് കട്ടമുടി റോഡ്
അടിമാലി: ആദിവാസി ക്ഷേമ പ്രവർത്തനത്തിനായി ഓരോ വർഷവും കോടികൾ ചെലവഴിക്കുമ്പോഴും ജനങ്ങൾ പ്രയോജനപ്പെടുന്നില്ലെന്നതിന്റെ നേർസാക്ഷ്യമായി കട്ടമുടി റോഡ്.
ഇരുമ്പുപാലം - പടിക്കപ്പ് റോഡിൽ നിന്ന് പടിക്കപ്പ് - പ്ലാക്കയം വഴിയാണ് കട്ടമുടി ആദിവാസി കോളനിയിലേക്ക് പോകുന്നത്. പ്ലാക്കയം മുതൽ കട്ടമുടി വരെ രണ്ടര കിലോമീറ്റർ റോഡാണ് തകർന്ന് കിടക്കുന്നത്. കുണ്ടും കുഴിയും വൻ ഗർത്തങ്ങളും രൂപപ്പെട്ട് കാൽനട യാത്ര പോലും അസാധ്യമാണ്.
സ്കൂൾ, അംഗൻവാടി കുട്ടികളും രോഗികളും വളരെ പ്രയാസപ്പെട്ടാണ് സഞ്ചരിക്കുന്നത്. രണ്ട് കോളനികളിലായി 150 ലേറെ കുടുംബങ്ങളാണ് ഈ റോഡിനെ മാത്രം ആശ്രയിച്ച് കഴിയുന്നത്. അടിയന്തിരമായി റോഡ് ഗതാഗയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.