തൊടുപുഴ: പതിനായിരക്കണക്കിന് കുരുന്നുകൾക്ക് അക്ഷരവെളിച്ചവും പകർന്ന സ്കൂൾ മുത്തശ്ശി ഇനി ഓർമ. നൂറിന്റെ നിറവിലെത്തിയ തൊടുപുഴ ആലക്കോട് ഇൻഫന്റ് ജീസസ് എൽ.പി സ്കൂളിന്റെ അവസാന കല്ലും പൊളിച്ചുമാറ്റുന്നത് നൊമ്പരം നിറഞ്ഞ കാഴ്ചയായി. പുതിയ സ്കൂൾ കെട്ടിടം നിർമിക്കുന്നതിനാണ് 98 വർഷം പഴക്കമുള്ളത് പൊളിക്കുന്നത്. ഒരു ശതാബ്ദക്കാലത്തോടടുത്ത് ആലക്കോട് ഗ്രാമത്തിൽ തലയുയർത്തി നിൽക്കുന്ന സ്കൂൾ പൂർവ വിദ്യാർഥികൾക്കടക്കം അനുഭൂതി സമ്മാനിച്ചിരുന്നു. തങ്ങൾ ഓടിക്കളിച്ച വരാന്തയും ക്ലാസ് മുറികളും ദൃഷ്ടിയിൽനിന്ന് മായുന്നത് വിഷമത്തോടെയാണ് കണ്ടത്.
1926ൽ കരിങ്കല്ലും തടിയും ഉപയോഗിച്ച് പണിത് ഓട് മേഞ്ഞതായിരുന്നു പൊളിച്ചുനീക്കിയ കെട്ടിടം. ഒന്ന് മുതൽ നാലുവരെയാണ് ഇവിടെ ക്ലാസുകൾ ഉണ്ടായിരുന്ന്. പൊളിക്കുന്ന സ്ഥാനത്ത് എട്ടുമാസത്തിനുള്ളിൽ പുതിയ മന്ദിരം ഉയരും. ഒന്നരക്കോടി മുടക്കി രണ്ടുനിലയിലായി ഹൈടെക് സ്കൂളാണ് പണിയുന്നത്. അടുത്ത അധ്യയന വർഷത്തിൽ പുതിയ കെട്ടിടത്തിൽ ക്ലാസുകൾ തുടങ്ങാനാണ് ഉദ്ദേശ്യം. മാനേജർ ഫാ. ജോസഫ് അത്തിക്കൽ വിളിച്ച യോഗത്തിൽ നാട്ടുകാരും ജനപ്രതിനിധികളും അധ്യാപകരും പി.ടി.എ അംഗങ്ങളും മറ്റും ചർച്ച ചെയ്താണ് കെട്ടിടം പണിയുന്നതിന് രൂപരേഖ തയാറാക്കിയത്.
പണി പൂർത്തിയാകുന്നതുവരെ ക്ലാസുകൾ ആലക്കോട്-ചിലവ് റോഡിൽ ചവർണയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കെട്ടിടത്തിൽ നടക്കും. 1926ൽ ഫാ. ലൂക് ഞരളക്കാട്ടിന്റെ (സീനിയർ) നേതൃത്വത്തിൽ നിർമിച്ച സ്കൂളാണ് ആലക്കോട് ഇൻഫന്റ് ജീസസ് എൽ.പി സ്കൂൾ. സ്ഥലം സൗജന്യമായി നൽകിയത് ദേവസ്യ മീമ്പൂരാണ്. അയ്യപ്പൻ പിള്ള സാർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. ഇപ്പോൾ കോതമംഗലം രൂപത കോർപറേറ്റ് എജുക്കേഷനൽ ഏജൻസിയുടെ കീഴിലാണ് സ്കൂൾ. ആലക്കോട് സെന്റ് തോമസ് മൂർ ചർച്ച് വികാരി ഫാ. ജോസഫ് അത്തിക്കലാണ് ഇപ്പോഴത്തെ മാനേജർ ഷിന്റോ ജോർജാണ് ഹെഡ്മാസ്റ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.