തൊടുപുഴ: ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭ അസിസ്റ്റന്റ് എൻജിനീയറും കോൺട്രാക്ടറായ ഇടനിലക്കാരനും അറസ്റ്റിലായ സംഭവത്തിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതിയായ ചെയർമാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ രക്ഷാകവചമൊരുക്കാൻ സി.പി.എം നീക്കം. നഗരസഭ ചെയർമാൻ സനീഷ് ജോർജിനെ വിളിച്ചുവരുത്തി ജില്ല നേതൃത്വം വിശദീകരണം തേടി. പാർട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കിയ സംഭവത്തിൽ അതൃപ്തി അറിയിച്ച ജില്ല സെക്രട്ടറി തൽക്കാലം രാജിവെക്കേണ്ടെന്ന നിർദേശമാണ് ചെയർമാന് നൽകിയത്. അതേസമയം, താൻ തെറ്റുകാരനല്ലെന്ന നിലപാട് സനീഷ് ജോർജ് ആവർത്തിച്ചതായാണ് വിവരം. ജില്ല കമ്മിറ്റി ചർച്ച നടത്തിയ ശേഷമാകും ചെയർമാൻ സ്ഥാനത്തുനിന്ന് സനീഷ് ജോർജ് മാറുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. ഏതാനും മാസം മുമ്പ് സി.പി.എമ്മിന്റെ രണ്ട് മുൻ കൗൺസിലർമാർ ഇതേ അസി. എൻജിനീയറുടെ പരാതിയിൽ പ്രതിചേർക്കപ്പെട്ടിരുന്നു.
സ്കൂൾ കെട്ടിടത്തിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ മുനിസിപ്പൽ അസിസ്റ്റന്റ് എൻജിനീയർ (എ.ഇ) സി.ടി. അജി കഴിഞ്ഞ ദിവസമാണ് വിജിലൻസ് പിടിയിലായത്. പണം നൽകാൻ ഇടനിലക്കാരനായി എത്തിയയാളും അറസ്റ്റിലായി. കോൺഗ്രസ് വിമതനായി വിജയിച്ച സനീഷ് ജോർജിനെ ചെയർമാൻ പദവി വാഗ്ദാനം ചെയ്ത് കൂടെ നിർത്തിയും ലീഗ് സ്വതന്ത്രയെ ഒപ്പംകൂട്ടിയുമാണ് നഗരസഭ ഭരണം സി.പി.എം പിടിച്ചത്. ലീഗ് സ്വതന്ത്ര അംഗം ജെസി ജോണി പിന്നീട് അയോഗ്യയാക്കപ്പെട്ടു.
കഴിഞ്ഞ ആഴ്ചയും നഗരസഭ കൗൺസിലിൽ ഇയാൾക്കെതിരെ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇയാളെ സ്ഥലംമാറ്റാനോ മറ്റ് നടപടികൾക്കോ അധികാരികൾ തയാറായില്ല.
ഇയാൾക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയരുകയും വിജിലൻസിന് ഉൾപ്പെടെ പരാതി നൽകുകയും ചെയ്തതിനും നടപടി ഉണ്ടായില്ല. എ.ഇക്ക് കൈക്കൂലി കൊടുക്കണമെന്ന് നഗരസഭ ചെയർമാൻതന്നെ സ്കൂൾ അധികൃതരോട് നിർദേശിക്കുന്നതിന്റെ ഫോൺ വോയ്സ് മെസേജ് പൊലീസിനു ലഭിച്ചിരുന്നു.
തൊടുപുഴ: ജില്ലയിലെ സി.പി.എം നേതൃത്വം അഴിമതിക്കാരുടെ തടവറയിലാണെന്ന് യു.ഡി.എഫ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി നേതാക്കള്‍ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു.
കൈക്കൂലി കേസില്‍ രണ്ടാം പ്രതിയായ തൊടുപുഴ മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജിനെയും അഴിമതി നടത്തിയ അര്‍ബന്‍ ബാങ്ക് ചെയര്മാന് വി.വി. മത്തായിയെയും സംരക്ഷിക്കുന്നത് സി.പി.എം ജില്ല കമ്മിറ്റിയാണ്. രാജി ആവശ്യപ്പെട്ടാല്‍ പാര്‍ട്ടിക്കെതിരെയും അഴിമതിയുടെ മുന നീളുമെന്ന ഭീഷണിയാണ് നേതൃത്വത്തിന് മുന്നില്‍ ചെയര്മാന് ഉയര്‍ത്തിയിട്ടുള്ളത്. രാജിക്കാര്യം ചര്‍ച്ചചെയ്യാന്‍ പോലും നേതൃത്വം തയാറാകാത്തത് ഇതുകൊണ്ടാണ്. തൊടുപുഴ അര്‍ബന്‍ ബാങ്കില്‍നിന്ന് എട്ടുലക്ഷം രൂപ വി.വി. മത്തായിയുടെ സ്വകാര്യ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തുവെന്ന് റിസര്‍വ് ബാങ്ക് അന്വേഷണത്തില്‍ തെളിഞ്ഞിട്ടും മത്തായിയെ പാര്‍ട്ടി സംരക്ഷിക്കുകയാണ്.
മുനിസിപ്പാലിറ്റിയിലെ അസി. എന്‍ജിനീയര്‍ കൈക്കൂലി വാങ്ങിയത് ചെയര്‍മാന്റെ നിർദേശപ്രകാരമാണെന്ന എന്‍ജിനീയറുടെ തന്നെ ചെയ്ത ഫോണ്‍ സംഭാഷണം ഉണ്ട്. മുനിസിപ്പല്‍ ചെയര്‍മാനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.
sനഗരസഭയുടെ നിയന്ത്രണത്തിനുള്ള സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍, സ്കൂളുകള്‍ക്കുള്ള ഫര്‍ണിച്ചര്‍ വാങ്ങല്‍, കെട്ടിട നിർമാണ പെര്‍മിറ്റ് കെട്ടിട നിർമാണ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍ തുടങ്ങിയവയിലെല്ലാം അഴിമതി നടന്നിട്ടുണ്ട്. നഗരവികസനം തകര്‍ച്ചയിലാണ്. ഇക്കാര്യത്തില്‍ എൽ.ഡി.എഫ് ഘടകകക്ഷികളും തുല്യ ഉത്തരവാദികളാണ്. നഗരസഭ ചെയര്‍മാന്റെയും അര്‍ബന്‍ ബാങ്ക് ചെയര്‍മാന്റെയും രാജി എത്രയും വേഗം വാങ്ങാന്‍ സി.പി.എം തയാറാകണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. നിയോജകമണ്ഡലം കണ്‍വീനര്‍ എന്‍.ഐ. ബെന്നി, സെക്രട്ടറി അഡ്വ. ജോസി ജേക്കബ്, മുസ്ലിം ലീഗ് ജില്ല ട്രഷറര്‍ ടി.കെ. നവാസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ. ദീപക്, എം.എ. കരീം, അഡ്വ. ജോസഫ് ജോണ്‍, സനു കൃഷ്ണന്, യു.ഡി.എഫ് മുനിസിപ്പല്‍ കണ്‍വീനര്‍ കെ.ജി. സജിമോന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
തൊടുപുഴ: അഴിമതിയും കെടുകാര്യസ്ഥതയും രാഷ്ട്രീയ കുതിരക്കച്ചവടവും മുഖമുദ്രയാക്കിയ തൊടുപുഴ മുനിസിപ്പൽ ഭരണസമിതി പിരിച്ചുവിടണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ ആവശ്യപ്പെട്ടു. ചെയർമാനും നഗരസഭ എൻജിനീയറും വിജിലൻസ് കേസിൽ പ്രതിയായത് ഗൗരവമുള്ള വിഷയമാണ്. മുനിസിപ്പാലിറ്റിയിൽനിന്ന് ഏത് ഉത്തരവ് കിട്ടാനും കൈക്കൂലി കൊടുക്കേണ്ടി വരുന്നു എന്നത് മാപ്പ് അർഹിക്കാത്ത കുറ്റമാണ്. എല്ലാം സി.പി.എമ്മിന്റെ അറിവോടെയും ഒത്താശയോടെയുമാണ് നടന്നത്. ചട്ടങ്ങൾ പ്രകാരം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതിലും നഗരസഭയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിലും ഭരണസമിതിയുടെ ഭാഗത്തുനിന്നും ഗുരുതര കൃത്യവിലോപമാണ് ഉണ്ടായിരിക്കുന്നത്. അത്തരം സാഹചര്യങ്ങളിൽ കൗൺസിൽ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ സർക്കാറിന് അധികാരമുണ്ട്. തൂക്കു നഗരസഭയിൽ ഭരണം കൈയടക്കാൻ സി.പി.എം നടത്തിയ അവിശുദ്ധ നീക്കങ്ങളുടെ പരിണിതഫലമാണ് വിജിലൻസ് കേസ്. വിജിലൻസ് കേസിൽ പ്രതിയായ മുനിസിപ്പൽ ചെയർമാൻ ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.