തൊടുപുഴ: മോട്ടോർ വാഹന വകുപ്പിന്റെ കണ്ണുവെട്ടിച്ചുള്ള നിയമലംഘനങ്ങൾ പിടികൂടാൻ തൊടുപുഴ ടൗണിൽ 13 ഇടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ പ്രവർത്തനസജ്ജമായി. ജില്ലയിൽ 38 കാമറകളാണ് നിരത്തുകളിൽ ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. ഇതിനോട് അനുബന്ധിച്ചാണ് തൊടുപുഴയിൽ പ്രധാന ജങ്ഷനുകളിൽ കാമറകൾ സ്ഥാപിച്ചത്. കാമറകൾ ഒപ്പിയെടുക്കുന്ന നിയമലംഘനങ്ങളുടെ പേരിലുള്ള ചാർജ് നോട്ടീസുകൾ ഒരുമാസത്തിനകം വാഹനയുടമകളുടെ മേൽവിലാസത്തിൽ വീട്ടിലെത്തുന്ന രീതിയിലാണ് പ്രവർത്തനം.
വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടാലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളുടെ കണ്ണുകളിൽനിന്ന് രക്ഷപ്പെടാൻ കഴിയില്ല. ഏതു രീതിയിലുള്ള നിയമലംഘനങ്ങളും പതിയത്തക്ക സാങ്കേതിക വിദ്യയിലാണ് കെൽട്രോണ്‍ കാമറകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
കാമറകളിൽനിന്നുള്ള ചിത്രങ്ങൾ നേരിട്ട് മോട്ടോർ വാഹന വകുപ്പിന്റെ കണ്ട്രോൾ റൂമിൽ ലഭിക്കും. ഇത് ജില്ലതലത്തിൽ തരംതിരിച്ച് അതത് ജില്ല എൻഫോഴ്സ്മെന്റ് ഓഫിസുകളിലേക്ക് അയയ്ക്കും. ഇവിടെനിന്നാണ് ഓരോ നിയമലംഘനത്തിനുമുള്ള ചാർജിങ് മെമ്മോ അയക്കുന്നത്. ഇതിനു പുറമേ ഇതിൽനിന്നുള്ള വിഡിയോ ദൃശ്യങ്ങളും ഉദ്യോഗസ്ഥർക്ക് പരിശോധിക്കാം. നഗരത്തിലെ പ്രധാന ജങ്ഷനുകളിലും വാഹനത്തിരക്കേറിയ റോഡുകളിലുമാണ് ഇത്തരം കാമറകൾ സ്ഥാപിക്കുന്നത്. ഇവ സ്ഥാപിക്കുന്നതിനുള്ള കേന്ദ്രങ്ങൾ സംബന്ധിച്ച് കഴിഞ്ഞവർഷംതന്നെ വിശദമായ പഠനം നടത്തിയിരുന്നു. കൂടുതൽ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡുകളിലാണ് പ്രധാനമായും കാമറകൾ സ്ഥാപിക്കുന്നത്.
നിയമലംഘനം നടത്തി തിരക്കേറിയ റോഡിലൂടെ പോകുന്നവരെ അധികൃതർ തടഞ്ഞുനിർത്തി പിടികൂടുന്നതിനുപകരം കാമറക്കണ്ണിൽ കുടുക്കും. ഹെൽമറ്റ് ധരിക്കാതിരിക്കുക, പിൻസീറ്റിലെ യാത്രക്കാരൻ ഹെൽമറ്റ് ധരിക്കാതിരിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുക തുടങ്ങി എല്ലാവിധ നിയമലംഘനങ്ങളും കാമറകൾ പിടിച്ചെടുക്കും. തൊടുപുഴ ടൗണിൽ വർധിച്ചു വരുന്ന വാഹനാപകടങ്ങൾക്ക് കാമറകൾ പ്രവർത്തിച്ച് തുടങ്ങുന്നതോടെ കുറവുണ്ടാകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.