തൊടുപുഴ: നഗരസഭ ലോറി സ്റ്റാൻഡ് മാലിന്യം കുമിഞ്ഞ് മാലിന്യകേന്ദ്രമായി . ടൺകണക്കിന് ചപ്പുചവറുകളാണ് കുമിഞ്ഞിരിക്കുന്നത്. നീക്കം ചെയ്യുമെന്ന് നഗരസഭ അധികാരികൾ പ്രഖ്യാപിച്ചതല്ലാതെ നടപടി ഉണ്ടായിട്ടില്ല. നേരത്തേ കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തിച്ചിരുന്ന ലോറി സ്റ്റാൻഡിൽ വീണ്ടും ലോറി പാർക്കിങ് ഗ്രൗണ്ടായി മാറിയതാണ്. ഇതോടെ പിൻഭാഗത്ത് നഗരവാസികളും മറ്റും ചപ്പുചവറുകളും അവശിഷ്ടങ്ങളും യഥേഷ്ടം തള്ളുന്ന ഇടമായി. നിരോധിത പ്ലാസ്റ്റിക് കൂടുകളും മറ്റ് അവശിഷ്ടങ്ങളും കുന്നുകൂടിയ നിലയിലാണ്.
നഗരത്തിൽനിന്ന് ചപ്പുചവറുകളും മറ്റും നീക്കം ചെയ്യുന്നത് നഗരസഭ നിർത്തിയതോടെ വീടുകളിൽനിന്നും വ്യാപാര കേന്ദ്രങ്ങളിൽനിന്നും ഉൾപ്പെടെ നഗരത്തിൽ ഒഴിഞ്ഞ ഭാഗങ്ങളിൽ ചപ്പുചവറുകളും മറ്റും തള്ളുന്നത് പതിവായിട്ടുണ്ട്. ഇത്തരത്തിൽ ചിലർ രാത്രിയാണ് ഇവിടെ അവശിഷ്ടങ്ങൾ കൊണ്ടുവന്നു തള്ളുന്നത്. ഇതോടെ പ്രദേശം കൊതുകും മറ്റ് ക്ഷുദ്ര ജീവികളുടെയും ശല്യം രൂക്ഷമായതായി പരാതിയുണ്ട്.
നഗരത്തിൽ പലയിടത്തും ഇത്തരത്തിൽ മാലിന്യം ഉപേക്ഷിക്കുന്നു. തൊടുപുഴ ഐ.സി കോളജ് പരിസരത്ത് വാട്ടർഅതോറിറ്റി ഓഫിസിന് സമീപം രാത്രി മാലിന്യം തള്ളുന്നത് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അറവുമാലിന്യം അടക്കമാണ് നിക്ഷേപിക്കുന്നത്.
ദുർഗന്ധം മൂലം ഇവിടുത്തുകാർ കഷ്ടപ്പെടുകയാണ്. ഭക്ഷണാവശിഷ്ടങ്ങളും അടുക്കള മാലിന്യവുമടക്കമാണ് തള്ളുന്നത്. ദുർഗന്ധം മൂലം മാറി താമസിക്കേണ്ടി വന്ന സംഭവങ്ങൾപോലും ഇവിടുത്തുകാർ പറയുന്നു. വാട്ടർഅതോറിറ്റി ഓഫിസിലെത്തുന്നവർക്കും ദുർഗന്ധം നേരിടേണ്ടി വരുന്നു. പുല്ലുപിടിച്ചുകിടക്കുന്നിടമായതിനാൽ ഇതിനു മറവിലാണ് മാലിന്യം തള്ളുന്നത്. നഗരസഭ അടിയന്തരമായി ഇടപെട്ട് നടപടിയെടുക്കണമെന്നാണ് ആവശ്യം.
വാത്തിക്കുടി പഞ്ചായത്തിന്റെ മുരിക്കാശ്ശേരിയിലെ പൊതുമാർക്കറ്റിൽ മാലിന്യം കുമിഞ്ഞു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ചുകൊണ്ടുവരുന്ന മാലിന്യങ്ങളാണ് മാർക്കറ്റിന്റെ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നത്. ചാക്കുകളിൽ നിറച്ചിരിക്കുന്ന മാലിന്യം പ്രദേശമാകെ ചിതറിക്കിടക്കുകയാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു പുറമെ, കുപ്പികളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. മാസങ്ങളായി മാലിന്യം കൂമ്പാരമായി ഇവിടെയുണ്ടെന്നു നാട്ടുകാർ പറയുന്നു.
മഴക്കാലമായതോടെ ദുർഗന്ധം വമിക്കുന്നുണ്ട്. ഇവിടെനിന്ന് ഒലിച്ചിറങ്ങുന്ന മലിനജലം മഴവെള്ളവുമായി കലർന്ന് ടൗണിലേക്ക് ഒഴുകുന്നുമുണ്ട്. ഇത് വ്യാപാരികൾക്കും നാട്ടുകാർക്കും വല്ലാത്ത അസ്വസ്ഥതയാണ് സൃഷ്ടിക്കുന്നത്. പകർച്ചവ്യാധി ഭീഷണിക്കും ഇടയാക്കുന്നുവെന്നും വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.