തൊടുപുഴ: ബൈപാസുകളും ഇടറോഡുകളും നിരവധിയുണ്ടെങ്കിലും നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകുന്നില്ല. കെ.എസ്.ആർ.ടി.സി ജങ്ഷൻ, ഗാന്ധി സ്ക്വയർ, കാഞ്ഞിരമറ്റം ബൈപാസ് ജങ്ഷൻ, മണക്കാട് ജങ്ഷൻ, പ്രൈവറ്റ് ബസ്സ്റ്റാൻഡ് ജങ്ഷൻ, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ എപ്പോഴും വാഹനത്തിരക്കാണ്. അടുത്തയാഴ്ച സ്കൂൾ തുറക്കുന്നതോടെ രാവിലെയും വൈകീട്ടും തിരക്ക് അനിയന്ത്രിതമാകുമെന്നതിൽ തർക്കമില്ല.
വലിയ തോതിലുള്ള ഗതാഗത തടസ്സം നഗരത്തിലെത്തുന്ന യാത്രക്കാരെയും വലക്കുകയാണ്. ചിലപ്പോൾ വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടങ്ങളും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ബുധനാഴ്ച രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്നത് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
ഒടുവിൽ പൊലീസ് എത്തിയാണ് കുരുക്കഴിച്ചത്. അശാസ്ത്രീയമായ പാർക്കിങ്ങും അമിത വേഗവുമൊക്കെ അപകട കാരണങ്ങളാണ്. നഗരത്തിലേക്ക് കൂടുതൽ ആളുകൾ ഇറങ്ങുന്ന ദിവസങ്ങളിൽ വെങ്ങല്ലൂർ മുതൽ ഷാപ്പുംപടി വരെയും കിഴക്കേയറ്റം മുതൽ പുളിമൂട്ടിൽ ജങ്ഷൻ വരെയും പ്രൈവറ്റ് ബസ്സ്റ്റാൻഡ് പരിസരങ്ങളും മോർ ജങ്ഷൻ, ഗാന്ധി സ്ക്വയർ എന്നിവിടങ്ങളിലും തിരക്ക് നിയന്ത്രണാതീതമാണ്.
നഗരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കാൻ ഇടക്കിടെ പദ്ധതികൾ ആവിഷ്കരിക്കുമെങ്കിലും അത് നടപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ബൈപാസുകളിലും പ്രധാന ജങ്ഷനുകളിലുമൊക്കെ വഴിയരികിലെ പാർക്കിങ്ങും ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇതുകൂടാതെ റോഡ് കൈയേറിയുള്ള വഴിയോരക്കച്ചവടവും വർധിക്കുകയാണ്. വല്ലപ്പോഴുമെത്തി ട്രാഫിക് പൊലീസ് നടപടിയെടുത്ത് മടങ്ങും. ഇവർ പോയി അൽപസമയം കഴിയുന്നതോടെ എല്ലാം പഴയപടിയാകും.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് സംസ്ഥാന ബജറ്റിൽ തൊടുപുഴയിൽ ഫ്ലൈ ഓവർ നിർമിക്കാൻ 10 കോടി രൂപ അനുവദിച്ചിരുന്നു. ഒന്നാം എൽ.ഡി.എഫ് സർക്കാറിന്റെ ആദ്യ ബജറ്റിലും ഫ്ലൈ ഓവറിന് തുക വകകൊള്ളിച്ചു. എന്നാൽ, ബജറ്റ് പ്രഖ്യാപനത്തിൽ ഒതുങ്ങിയതല്ലാതെ ഏത് ജങ്ഷനിലാണ് ഫ്ലൈ ഓവർ സ്ഥാപിക്കേണ്ടതെന്ന കാര്യത്തിൽപോലും തീരുമാനമായില്ല.
ഫ്ലൈ ഓവർ നിർമാണത്തിനൊപ്പം തിരക്ക് കുറക്കാൻ ജങ്ഷനുകളുടെ വികസനവും ഗതാഗത ക്രമീകരണവും നടപ്പാക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നഗരത്തിൽ ഫ്ലൈ ഓവർ നിർമിക്കാൻ പ്രഥമ പരിഗണന നൽകേണ്ടത് കെ.എസ്.ആർ.ടി.സി ജങ്ഷനിലാണെന്ന് അഭിപ്രായമുണ്ട്. നാല് റോഡുകൾ സന്ധിക്കുന്ന ഭാഗമാണിത്.
തൊടുപുഴയിൽ എത്തുന്ന എല്ലാ ബസുകളും പ്രൈവറ്റ് ബസ്സ്റ്റാൻഡിലേക്ക് പോകുന്നത് ഇതുവഴിയാണ്. മൂലമറ്റം റൂട്ടിൽനിന്നും മറ്റു കിഴക്കൻ മേഖലകളിൽ നിന്നുമുള്ള ഒട്ടേറെ വാഹനങ്ങളാണ് ഈ ജങ്ഷനിലൂടെ കടന്നുപോകുന്നത്. അതിനാൽതന്നെ പകൽ സദാസമയവും തിരക്കിന്റെ പിടിയിലാണ് ഇവിടം.
കെ.എസ്.ആർ.ടി.സിയുടെ പുതിയ ബസ് ടെർമിനൽകൂടി പ്രവർത്തനം ആരംഭിച്ചതോടെ തിരക്ക് കൂടി. ഇതിന് പരിഹാരമായി മൂപ്പിൽക്കടവ് റോഡിൽനിന്ന് കോതായിക്കുന്ന് ബൈപാസിലേക്ക് എത്തുന്ന തരത്തിലുള്ള ഫ്ലൈഓവർ നിർമിച്ചാൽ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ വെങ്ങല്ലൂർ കവലയിലെ വാഹനത്തിരക്ക് കുറക്കാൻ ഇവിടെയും ഫ്ലൈഓവർ നിർമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നാല് റോഡുകളുടെ സംഗമസ്ഥാനമായ ഇവിടെ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും തിരക്ക് രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.