തൊടുപുഴ: ന്യായവില രേഖപ്പെടുത്താത്ത ഭൂമിക്കും വിലകുറച്ച് വിൽപന നടത്തിയതിന്റെ പേരിൽ (അണ്ടർ വാല്യേഷൻ) രജിസ്ട്രേഷൻ വകുപ്പ് അയക്കുന്ന റവന്യൂ റിക്കവറി അറിയിപ്പ് നോട്ടീസ് ജില്ലയിൽ ലഭിച്ചത് പതിനായിരത്തിലേറെ പേർക്ക്. കാരിക്കോട് സബ് രജിസ്ട്രേഷൻ ഓഫിസിൽ മാത്രം 1200 പേർക്കാണ് റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചത്.
ഭൂമി വിൽപന രജിസ്റ്റർ ചെയ്തപ്പോൾ രേഖപ്പെടുത്തിയ വിലയും ജില്ല രജിസ്ട്രാർമാരുടെ പരിശോധനയിൽ തിട്ടപ്പെടുത്തിയ വിലയും തമ്മിലെ വ്യത്യാസത്തിന് ആനുപാതികമായി സ്റ്റാമ്പ് ഡ്യൂട്ടി കുടിശ്ശിക അടക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. റവന്യൂ റിക്കവറി നോട്ടീസിന് മുമ്പ് ഫോറം -2, ഫോറം-3 പേരുകളിൽ രണ്ടുകാരണം കാണിക്കൽ നോട്ടീസ് അയക്കാറുണ്ടെന്നാണ് രജിസ്ട്രേഷൻ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ, ഭൂരിഭാഗം പേർക്കും അത് കിട്ടിയിട്ടില്ല. അവസാന നടപടിയായി റവന്യൂ റിക്കവറി നോട്ടീസ് മാത്രമാണ് പലർക്കും കിട്ടിയിട്ടുള്ളത്. ഈ നടപടി ഭൂമിവില കുറച്ചു കാണിച്ചവരുടെ കാര്യത്തിൽ ന്യായമാണെങ്കിലും അന്നത്തെ മാർക്കറ്റ് വിലയനുസരിച്ച് സ്ഥലം വാങ്ങിയ നിരവധി പേരെയാണ് വലക്കുന്നത്. 1986 മുതൽ 2017 വരെയുള്ള അണ്ടർ വാല്യേഷൻ കേസുകളിലായി പതിനായിരത്തിലേറെ ഭൂവുടമകൾക്ക് ഇതിനകം തപാൽ വഴി നോട്ടീസ് ലഭിച്ചു.
ഭൂമി വാങ്ങിയതായി ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരിലേക്കും വിലാസത്തിലേക്കുമാണ് അറിയിപ്പ് നോട്ടീസ് വരുന്നത്. അതുകൊണ്ടുതന്നെ വിലാസക്കാരെ കണ്ടെത്താതെ നോട്ടീസ് മടങ്ങിവരുന്നുമുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പു വാങ്ങിയ ഭൂമി ഇതിനകം പലർക്കും കൈമാറിയിട്ടുണ്ടാകാം. ഒരിക്കൽ അണ്ടർ വാല്യേഷൻ നോട്ടീസ് ലഭിച്ച ഭൂമി വീണ്ടും കൈമാറ്റം ചെയ്യപ്പെടുമ്പോൾ പുതിയ ഭൂവുടമക്കും നോട്ടീസ് ലഭിക്കും.
കോടികൾ മുടക്കി ഭൂമി വാങ്ങുന്നവർക്ക് ഭൂമി ഇടപാട് ചെലവിൽ വൻ ഇളവുലഭിക്കുമ്പോൾ ന്യായവില വർധന കാരണം സാധാരണക്കാർക്ക് എപ്പോഴും അധികഭാരമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.