തൊടുപുഴ: ജലവിതരണ പൈപ്പുകള്‍ പൊട്ടി ജനങ്ങളുടെ കുടിവെള്ളം മുട്ടുന്നു. വ്യാഴാഴ്ച രാവിലെ തെക്കുംഭാഗം ഇഞ്ചിയാനി-ആനക്കയം റോഡില്‍ വട്ടമറ്റം ലക്ഷംവീട് കോളനിക്ക് സമീപമാണ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകി റോഡിന്റെ ടാറിങ് ഉള്‍പ്പെടെ തകര്‍ന്നത്.
റോഡിന്റെ അരികില്‍ ടോറസ് ലോറി സൈഡ് കൊടുത്തപ്പോഴാണ് പൈപ്പ് പൊട്ടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. വീതി വളരെ കുറഞ്ഞ റോഡിന്റെ സംരക്ഷണഭിത്തി ഇടിയാനും സാധ്യത ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതുവഴി പാറമടയില്‍നിന്ന് അമിത ലോഡ് കയറ്റിപ്പോകുന്ന ടോറസ് ലോറികളാണ് പൈപ്പ് പൊട്ടാന്‍ കാരണമെന്നും പറയുന്നു. പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ച് ഗതാഗതം തടസ്സപ്പെടുത്തി. പിന്നീട് ജല അതോറിറ്റി ജീവനക്കാരെത്തി പൈപ്പ് നന്നാക്കി.
ഇഞ്ചിയാനി അഞ്ചിരി ഭാഗങ്ങളിലുള്ള പാറമടകളില്‍നിന്ന് അമിതഭാരം കയറ്റിപ്പോകുന്ന ലോറികള്‍ റോഡിന്റെ തകര്‍ച്ചക്ക് പുറമെ പൈപ്പ് പൊട്ടുന്നതിനും ഇടയാക്കുന്നതായാണ് പരാതി.
മുട്ടം: പൈപ്പ് പൊട്ടിയതിനെത്തുടർന്ന് കുടിവെള്ളം മുടങ്ങി. തുടങ്ങനാട്, വള്ളിപ്പാറ, ചള്ളാവയൽ, കാക്കൊമ്പ് എന്നിവിടങ്ങളിലാണ് ഒരാഴ്ചയായി കുടിവെള്ളം മുടങ്ങിയത്. ഇതേ തുടർന്ന് 3000ത്തോളം ജനങ്ങൾക്കുള്ള കുടിവെള്ള വിതരണം മുടങ്ങി. മുട്ടം ചള്ളാവയലിലാണ് പൈപ്പ് പൊട്ടിയത്. റോഡുവക്കിലെ കലുങ്ക് ഇടിഞ്ഞ് താഴ്ന്നതാണ് പൈപ്പ് പൊട്ടാൻ കാരണമെന്ന് പറയുന്നു. ചോർച്ച കലുങ്കിന് അടിയിലായതിനാൽ ആദ്യ രണ്ട് ദിവസങ്ങളിൽ കണ്ടെത്താൻ സാധിച്ചില്ല. കണ്ടെത്തിയപ്പോൾ ജലവകുപ്പ് നന്നാക്കാനും തയാറാകുന്നില്ല. എത്രയും വേഗം ചോർച്ച പരിഹരിച്ച് കുടിവെള്ള വിതരണം സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.