തൊടുപുഴ: ഇടുക്കിയുടെ ഞരമ്പുകളിലൂടെ ഇപ്പോൾ ഭയത്തിന്റെ രാപ്പകലുകൾ അരിച്ചിറങ്ങുന്നു. ഏത് മലമടക്കിൽ നിന്നും മരണത്തിന്റെ മുരൾച്ചയുമായി ഒരു വന്യമൃഗം പ്രത്യക്ഷപ്പെട്ടേക്കാം എന്ന ആശങ്കയുടെ മുൾമുനയിലാണ് മലയോരവാസികൾ. അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിൽ ഇന്ദിര രാമകൃഷ്ണന് എന്ന 74കാരി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുമ്പോൾ ഒരാഴ്ചയ്ക്കിടെ കാട്ടാനക്കലിയിൽ പൊലിഞ്ഞത് രണ്ടുപേരാണ്. രണ്ടു മാസത്തിനുള്ളിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഇന്ദിര.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10 മണിക്കാണ് മൂന്നാർ കന്നിമല എസ്റ്റേറ്റിൽ ടോപ് ഡിവിഷനിൽ ഓട്ടോറിക്ഷ ഡ്രൈവറായ സുരേഷ് കുമാറിനെ (26) കാട്ടാന കൊന്നത്. ഒപ്പമുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. വീടിന് തൊട്ടടുത്തായിരുന്നു സുരേഷ് കുമാറിന് നേരെ ആനയുടെ ആക്രമണമുണ്ടായത്. അടിമാലി പഞ്ചായത്തിലെ 20ാം വാർഡിൽ കാഞ്ഞിരവേലി മുണ്ടോൻ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര രാമകൃഷ്ണന് തിങ്കളാഴ്ച രാവിലെ 8.30ഓടെ പറമ്പിൽ ആടിനെ കെട്ടിയ ശേഷം കൂവ പറിക്കുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്.
ഇക്കഴിഞ്ഞ ജനുവരി എട്ടിനായിരുന്നു തോണ്ടിമല പന്നിയാർ എസ്റ്റേറ്റിൽ തേയില കൊളുന്ത് നുള്ളാൻ പോയ തൊഴിലാളി സ്ത്രീ പരിമള (44) കാട്ടാനയുടെ അടിയേറ്റ് മരിച്ചത്. 15 ദിവസം കഴിഞ്ഞ് ജനുവരി 23ന് ബന്ധുവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മൂന്നാറിലെത്തിയ കോയമ്പത്തൂർ സ്വദേശി കെ. പോൾ രാജ് (79) എന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വീണു പോയതാണ് പോൾരാജ്.
മൂന്നു ദിവസം കഴിഞ്ഞപ്പോൾ ചിന്നക്കനാൽ ബി.എൽ റാം സ്വദേശി വെള്ളക്കല്ലിൽ സൗന്ദർരാജൻ (68) എന്നയാൾ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2023ൽ ഒരാളാണ് കൊല്ലപ്പെട്ടത്. 2022ൽ നാലുപേരെ ആന കൊന്നു. 2018 മുതൽ ആറ് വർഷത്തിനിടയിൽ ഇടുക്കി ജില്ലയിൽ കൊല്ലപ്പെട്ടത് 20 പേരാണ്. ഒട്ടേറെ പേർക്ക് പരിക്കുമേറ്റു. ആനയുടെ മുന്നിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവർ അതിലുമേറെയുണ്ട്.
പതിവിൽ കവിഞ്ഞ് ചൂട് കൂടുകയും വന്യമൃഗങ്ങൾ കാടുവിട്ട് കൂട്ടത്തോടെ വെളിയിലിറങ്ങുകയും ചെയ്യാൻ തുടങ്ങിയപ്പോൾ ജില്ലയിലെ മലയോരങ്ങിലെ മനുഷ്യരുടെ രാപ്പകലുകൾ ഭയത്തിന്റെ മുനയിലാണ്. നിരവധി പേരെ കൊന്ന അരിക്കൊമ്പനെ പിടികൂടി നാടുകടത്തിയെങ്കിലും അക്രമകാരികളായ ചക്കക്കൊമ്പനും പടയപ്പയും മൂന്നാർ മേഖലയിൽ അഴിഞ്ഞാട്ടം തുടരുകയാണ്. വാഹനങ്ങൾ തടഞ്ഞും അക്രമിച്ചും കച്ചവട സ്ഥാപനങ്ങൾ തകർത്തും വിലസുന്ന പടയപ്പയെ എന്തു ചെയ്യണമെന്നറിയാതെ വനപാലകരും വട്ടംകറങ്ങുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.