തൊടുപുഴ: വേനൽച്ചൂടിൽ കരിഞ്ഞുണങ്ങുകയാണ് കർഷകരുടെ സ്വപ്നങ്ങൾ. അതോടൊപ്പം കൊടും ചൂടിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയും. വേനൽ മഴയിലാണ് ഇനി ജില്ലയുടെ പ്രതീക്ഷ. ചൂടിനെത്തുടർന്ന് വിളകൾ ഭൂരിഭാഗവും വാടിക്കരിഞ്ഞ് നിൽക്കുന്നത് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. പച്ചക്കറി വിളവെടുക്കുന്ന സമയം കൂടിയായതിനാൽ വരൾച്ച കർഷകരെ വലിയ പ്രതിസന്ധിയിലാക്കുകയാണ്.
മാർക്കറ്റിൽ നാടൻ പച്ചക്കറിയുടെ വരവ് കുറഞ്ഞുതുടങ്ങി. വിളവെടുക്കുന്ന ഏത്തക്കുലയുടെ തൂക്കത്തിലും വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഹൈറേഞ്ചിൽ ഏറെ കൃഷി ചെയ്യുന്ന വാഴ കർഷകരും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ഒക്ടോബർ, നവംബർ മാസങ്ങളിൽ നട്ട വാഴകൾ വേനൽ മഴ ലഭിക്കാത്തതുമൂലം കരിഞ്ഞു നാശത്തിന്റെ വക്കിലാണ്. വാഴയും കപ്പയുമടക്കം ഉണങ്ങി. വാഴപ്പിണ്ടിയുടെ വെള്ളം വറ്റി വാഴകൾ ഒടിഞ്ഞുവീഴുകയാണ്. വാഴ മാത്രമല്ല, കുരുമുളക്, ജാതി, പച്ചക്കറികൾ, ഫലവൃക്ഷത്തൈകൾ മുതൽ തെങ്ങിൻ തൈകളും കമുകും വരെ വാടിയ നിലയിലാണ്. വേനൽ മഴ ലഭിക്കുമ്പോഴാണ് കപ്പ, ചേന, കാച്ചിൽ തുടങ്ങിയ നടുതല കൃഷികൾ നടുന്നത്. എന്നാൽ, ഇത്തവണ വേനൽമഴ ലഭിക്കാതെ വന്നതിനാൽ നടുതല കൃഷികൾ നടാൻ കഴിഞ്ഞിട്ടില്ല. വേനൽ മഴ കിട്ടിയാൽ ഒരു പരിധി വരെ ആശ്വാസം കിട്ടുമെന്നാണ് കർഷകർ പറയുന്നത്. ഹൈറേഞ്ചിൽ പോലും മണ്ണ് ഉണങ്ങിക്കിടക്കുന്ന സാഹചര്യമാണെന്ന് കർഷകർ പറയുന്നു. പാവക്കയും പയറുമൊക്കെ മാർക്കറ്റിലേക്ക് ധാരാളം വരേണ്ട സമയമായിട്ടും വലിയ കുറവ് നേരിടുന്നതാതി കച്ചവടക്കാർ പറയുന്നു. തെങ്ങിന്റെ മച്ചിങ്ങയും കൊഴിഞ്ഞു തുടങ്ങി. നനച്ചു കൊടുക്കുന്ന തെങ്ങുകളിൽ മാത്രമാണ് തേങ്ങ പിടിക്കുന്നത്. ഈ സമയങ്ങളിൽ രണ്ടു മൂന്ന് മഴയെങ്കിലും കിട്ടേണ്ടതാണ്. ഇനിയും മഴ നീണ്ടാൽ കാർഷിക മേഖലയിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാകും.
തൊടുപുഴ: വേനല്‍ച്ചൂടിന്റെ കാഠിന്യത്തില്‍ ജില്ലയിൽ കൃഷി നാശമുണ്ടായത് 429.8 ഹെക്ടറിൽ. ജില്ലയുടെ വിവിധ കൃഷി ഭവനുകളിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ട് പ്രകാരമാണിത്. 244 കൃഷിക്കാരുടെ കൃഷി വേനലിൽ നശിച്ചു.
ഇതിൽ ഏറ്റവും കൂടുതൽ നശിച്ചത് വാഴ കൃഷിയാണ്. ജാതി, കുരുമുളക്, കമുകിൻ തൈ, കുരുമുളക് തുടങ്ങിയ കൃഷികളാണ് നശിച്ചത്. വേനല്‍ നീണ്ടുനില്‍ക്കാനിടയായാല്‍ വിളകള്‍ ഇനിയും കരിഞ്ഞുണങ്ങാൻ സാധ്യതയുണ്ട്.
കാര്‍ഷിക മേഖലയില്‍ ചൂടിന്റെ ആധിക്യം കൂടിയാല്‍ തൊഴിലാളികളെ കിട്ടാനില്ലെന്ന പ്രതിസന്ധിയും ഉടലെടുക്കും.
ഏലത്തോട്ടങ്ങളില്‍ ഉള്‍പ്പെടെ വിളകളെ വരള്‍ച്ച ബാധിച്ചുതുടങ്ങി. കൂടാതെ വേനല്‍ മൂലം ജലസ്രോതസ്സുകളും നീരൊഴുക്കുകളും പലതും വറ്റാന്‍ തുടങ്ങിയതും പല കാര്‍ഷിക വിളകള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കും.
വേനല്‍ നീണ്ട് നിന്നേക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം. ഇങ്ങനെ വന്നാല്‍ എങ്ങനെ പ്രതിരോധിക്കുമെന്നാണ് കര്‍ഷകരുടെ ആശങ്ക.
ചൂടും വരള്‍ച്ചയും രൂക്ഷമായതോടെ ജില്ലയിൽ ഹെക്ടർ കണക്കിന് വനമേഖലയാണ് കാട്ടു തീ വിഴുങ്ങുന്നത്. പല മേഖലകളിലായി ഇതിനോടകം ഏക്കര്‍ കണക്കിനു പുല്‍മേടുകളും സ്വകാര്യഭൂമിയും കത്തിയമര്‍ന്നു.
പുല്‍മേടുകള്‍ ഉണങ്ങിയ നിലയിലായതിനാല്‍ തീ പിടുത്തം വ്യാപകമാണ്. കാട്ടു തീ പടരുന്ന മേഖലകളില്‍ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടാണ് ഫയര്‍ഫോഴ്സിനെ കുഴയ്ക്കുന്നത്. പലപ്പോഴും വാഹനത്തിന് എത്തിപ്പെടാന്‍ കഴിയാത്ത മേഖലകളിലായിരിക്കും കാട്ടു തീ പടര്‍ന്നു പിടിക്കുന്നത്. പുല്‍മേടുകളിലും മറ്റും വെള്ളവുമായി വാഹനത്തിന് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ വൃക്ഷത്തലപ്പുകളും മറ്റും ഉപയോഗിച്ച് തല്ലിക്കെടുത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ജില്ലയിലെ ഫയര്‍സ്റ്റേഷനുകളില്‍ ദിനം പ്രതിയെന്നോണം കാട്ടുതീ പടര്ന്നുവെന്നറിയിച്ചുള്ള ഒട്ടേറെ ഫോണ്‍ കോളുകളെത്തുന്നുണ്ട്. ചൂട് വർധിക്കുന്നതും വരൾച്ച രൂക്ഷമായതും വേനൽമഴ കാര്യമായി ലഭിക്കാത്തതും കാരണം കാട്ടുതീ പടരാനുള്ള സാധ്യത ഇനിയും കൂടുമെന്നാണ് വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. മഴ പെയ്താൽ കാട്ടു തീയും അപ്രത്യക്ഷമാകും.
തൊടുപുഴ: വനമേഖലയിലെ മിക്ക നീർച്ചാലുകളും വറ്റിവരണ്ടതിനാൽ വന്യ മൃഗങ്ങൾ വെള്ളം തേടി ജനവാസ മേഖലക്കടുത്തേക്ക് എത്തുന്ന സാഹചര്യമുണ്ട്. രൂക്ഷമായ വന്യ മൃഗ ശല്യത്തിനും വേനൽ മഴ ഒരു പരിധി വരെ പരിഹാരമാകും. വന മേഖലയിലെ നീർച്ചാലുകളിൽ ഭൂരിഭാഗവും വറ്റി വരണ്ടു.
മിക്കയിടത്തും വെള്ളം താഴ്ന്നു. ഇതോടെ മൃഗങ്ങൾ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. വെള്ളം തേടിയെത്തുന്ന മൃഗങ്ങൾ കൃഷിയിടങ്ങൾക്കും വീടുകൾക്കും ജീവന് തന്നെയും ഭീഷണിയുയർത്തിയാണ് മടങ്ങുന്നതെന്ന് കർഷകർ പറയുന്നു. കാട്ടാനകളാണ് ഏറെ നാശം വിതക്കുന്നത്. മിക്കപ്പോഴും ഇവ കൂട്ടത്തോടെയാണ് എത്തുന്നത്. കൃഷിയിടങ്ങളിൽ തീറ്റക്ക് വക ഉണ്ടെങ്കിൽ ഉൾക്കാട്ടിലേക്കു പോകാൻ വൈകും.
വേനൽ മഴ പെയ്തു തുടങ്ങിയാൽ വന്യ മൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നതിന് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമെന്ന് വനാതിർത്തികളിൽ താമസിക്കുന്നവരും പറയുന്നു. വരൾച്ച ശക്തമാകുമ്പോൾ വനത്തോട് ചേർന്നുള്ള കൃഷിയിടത്തിലെ കർഷകരും ആശങ്കയിലാണ്.
വന്യ മൃഗങ്ങൾക്കു വെള്ളം കുടിക്കുന്നതിനു വനത്തിനുള്ളിൽ കൂടുതൽ കുളങ്ങൾ നിർമിക്കുന്നതിനുള്ള തയാറെടുപ്പിലാണ് വനം വകുപ്പ്.
തൊടുപുഴ: അന്തരീക്ഷത്തില്‍ ചൂട് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ. സൂര്യാഘാതം, സൂര്യതാപം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. സരള എ.സി.പറഞ്ഞു. അന്തരീക്ഷതാപം ഉയരുമ്പോള്‍ ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ചൂട് പുറന്തള്ളപ്പെടുന്നതിന് വിഘാതം നേരിടുകയും ചെയ്യുന്നതിലൂടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം.
കനത്ത ചൂടില്‍ ശരീരത്തില്‍നിന്നും ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ അമിത അളവില്‍ നഷ്ടമാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അവസ്ഥയാണ് സൂര്യാതപം. ക്ഷീണം, തലകറക്കം, ഛര്‍ദ്ദി, ബോധക്ഷയം ശരീരം ചുവന്ന് ചൂടാകുക, ശക്തമായ തലവേദന, പേശീവലിവ്, തലകറക്കം, ഉയര്‍ന്ന ശരീര താപനില തുടങ്ങിയവ താപ സംബന്ധമായ രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളാണ്. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തി ചികിത്സ നടത്തണം. ഉയര്‍ന്ന ചൂട്, സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയവ നിരവധി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും മരണത്തിനും കാരണമായേക്കാമെന്നും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
അടിമാലി: വേനല്‍ കനത്തതോടെ മലയോരമേഖലയില്‍ ജലസ്രോതസ്സുകള്‍ വറ്റിത്തുടങ്ങി. പലയിടത്തും പുഴകളിലും തോടുകളിലും നീരോഴുക്ക് നിലച്ചു.
നല്ലതണ്ണിയാര്‍, മുതിരപ്പുഴയാര്‍, ചിന്നാര്‍, ദേവിയാര്‍, പെരിയാര്‍, പാമ്പനാര്‍ തുടങ്ങി ജില്ലയിലെ ചെറുതും വലുതുമായ പുഴകളെല്ലാം ഇപ്പോള്‍ ഭാഗികമായാണ് ഒഴുകുന്നത്. ചെറിയ അരുവികളും തോടുകളുമെല്ലാം വെള്ളം കുറഞ്ഞതോടെ മാലിന്യവാഹിനിയായി മാറി. ഇതോടെ ജലസ്രോതസ്സുകള്‍ മാലിന്യമുക്തമാക്കി സംരക്ഷിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
പ്ലാസ്റ്റിക്കുള്‍ ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ കൂമ്പാരമാണ് ജില്ലയിലെ ഭൂരിഭാഗം പുഴകളിലും അരുവികളിലും. കുളങ്ങളും കിണറുകളുമടക്കം കൃത്യമായി സംരക്ഷിക്കാനുള്ള നടപടിയെടുക്കാത്തത് ജില്ലയിൽ പകര്‍ച്ചവ്യാധി ഭീഷണി ഉയർത്തുകയാണ്. ജില്ലയില്‍ അടുത്തിടെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല തോടുകളും കഴിഞ്ഞവേനല്‍ക്കാലത്ത് വൃത്തിയാക്കിയിരുന്നെങ്കിലും മഴ വന്നതോടെ പഴയ പടിയായി. ഈ വര്‍ഷം ഇതിന്റെ ഭാഗമയി ചെറിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും പൂര്‍ണ്ണതയിലെത്തിയില്ല. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നവീകരിച്ച കുളങ്ങളുടെയും കിണറുകളുടെ സ്ഥിതിയും ഇതു തന്നെ. കൈത്തോടുകളും നാശത്തിലാണ്.
ചെറുതും വലുതുമായ നിരവധി തോടുകളാണ് അടിമാലി, മൂന്നാര്‍ പഞ്ചായത്തുകളിലുണ്ടായിരുന്നത്. ഇവയില്‍ ഭൂരിഭാഗവും മാലിന്യം നിറഞ്ഞു കിടക്കുകയാണ്. പട്ടണം കേന്ദ്രീകരിച്ചാണ് മാലിന്യം കൂടുതലും. മൂന്നാര്‍ ടൗണിന്റെ മദ്യഭാഗത്ത് കൂടി ഒഴുകുന്ന പുഴ കറുത്ത് കുറുകിയാണ് ഒഴുകുന്നത്. വന്‍കിട ഫാക്ടറികള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവകളിലെ മാലിന്യമാണ് പുഴയിലൂടെ ഒഴുക്കുന്നത്. വാണിജ്യ കേന്ദ്രമായ അടിമാലിയില്‍ ഹട്ടലുകള്, ആശുപത്രികള്‍, ബഹുനില മന്ദിരങ്ങള്‍ മുതലായവയിലെ കക്കൂസ് മാലിന്യങ്ങളും തോട്ടിലൂടെ തന്നെ ഒഴുക്കുന്നു.
ജലം മലിനമാണെന്നറിയാതെ കുളിക്കാനും തുണികഴുകാനും കന്നുകാലികളെ കുളിപ്പിക്കാനുമെല്ലാം ഈ ജലസ്രോതസുകളെയാണ് ഭൂരിഭാരം പേരും ആശ്രയിക്കുന്നത്. വേനല്‍ കനക്കും മുമ്പ് ജലസ്രോതസുകളില്‍ നീരോഴുക്ക് കുറയാന്‍ കാരണം പാടങ്ങല്‍ മണ്ണിട്ട് നികത്തിയതും മലകള്‍ ഇടിച്ച് നിരത്തിയതും ജലക്ഷാമത്തിനു കാരണമായി. നിലങ്ങള്‍ തരിശായി മാറിയത് പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. വെള്ളംതേടി കാട്ടാന, കാട്ടുപന്നി, കുരങ്ങ് എന്നിവ നാട്ടിലിറങ്ങുന്നതും വേനലില്‍ പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.