തൊടുപുഴ: നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കും. പുഴകളിലും തോടുകളിലും പൊതു ഇടങ്ങളിലുമടക്കം മാലിന്യം തള്ളുന്നത് പതിവായ സാഹചര്യത്തിലാണ് സ്ഥിരമായി മാലിന്യം തള്ളാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി കാമറകൾ സ്ഥാപിക്കാനുള്ള തീരുമാനമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. ആദ്യഘട്ടമെന്ന നിലയിൽ 20 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുക. ഫെബ്രുവരിയോടെ കാമറകൾ സ്ഥാപിക്കും. മാലിന്യ സംസ്കരണം, ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നഗരസഭ കൗൺസിൽ അവലോകനയോഗത്തിലാണ് ചെയർമാൻ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ഏറ്റവും നല്ല ശുചിത്വ നഗരമായി തൊടുപുഴയെ മാറ്റുമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു.
മലിനജലം പൊതുസ്ഥലങ്ങളിലേക്കും ജലസ്രോതസ്സിലേക്കും ഒഴുക്കുന്നവർക്കെതിരെയും പിഴ, പ്രോസിക്യൂഷൻ ഉൾപ്പെടെ നടപടികൾ സ്വീകരിക്കും. മാലിന്യസംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്താത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യും.
നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കും. പാറക്കടവ് ഡമ്പ് സൈറ്റ് ബയോ മൈനിങ് ടെൻഡർ നടപടികൾ പൂർത്തിയാക്കി മാലിന്യം നീക്കുന്ന പ്രവർത്തനം ഉടൻ ആരംഭിക്കും.
മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട കാമ്പയിൻ സംബന്ധിച്ച സർക്കാർ ഉത്തരവിലെ നിർദേശങ്ങൾ കൗൺസിൽ വിശദമായി ചർച്ച ചെയ്തു. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ കൗൺസിലിൽ പ്രത്യേകം അവലോകനം ചെയ്തു. കെ.എസ്.ഡബ്ല്യു.എം.പി പദ്ധതി മുഖേന 2.28 കോടി രൂപയുടെ അധിക പ്രോജക്ടുകൾ പുതുതായി ഏറ്റെടുത്തിട്ടുണ്ട്.
ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ വിവരവിജ്ഞാന പരിപാടികള്‍ സംഘടിപ്പിക്കുന്നതടക്കം പദ്ധതികൾ, സിവിൽ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, കോലാനി ചേരി കോളനി എന്നിവിടങ്ങളിൽ തുമ്പൂർമുഴി കമ്പോസ്റ്റിങ് യൂനിറ്റുകൾ സ്ഥാപിക്കും, മാലിന്യം തരംതിരിക്കാനും സംസ്കരിക്കാനും ആവശ്യമായ ഉപാധികള്‍ അംഗന്‍വാടികള്‍ ലോവര്‍ പ്രൈമറി സ്കൂളുകള്‍ എന്നിവിടങ്ങളിലേക്ക് നല്‍കും. കൃത്യമായി ഖരമാലിന്യ ശേഖരണം ഉറപ്പുവരുത്താൻ ഹരിത കർമസേനക്ക് പുഷ്കാര്‍ട്ട്, ചെറുവാഹനങ്ങള്‍ എന്നിവ വാങ്ങിക്കും, എല്ലാ വാര്‍ഡുകളിലും മിനി എം.സി.എഫുകള്‍ സ്ഥാപിച്ച് ഹരിത കർമ സേനയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും, മിനി എം.സി.എഫുകളില്‍ മെയിന്‍ എം.സി.എഫുകളിലേക്ക് അജൈവ മാലിന്യങ്ങള്‍ കൊണ്ടുപോകാനും റോഡ് സ്വീപ്പിങ് അടക്കമുള്ള ഖരമാലിന്യം നീക്കാനുമുള്ള വാഹനം വാങ്ങല്‍, പടിഞ്ഞാറേ മാര്‍ക്കറ്റിലെ നിലവിലുള്ള ബയോഗ്യാസ് പ്ലാന്റ് നവീകരിക്കൽ, കാഞ്ഞിരമറ്റം ആര്.ആര്.എഫ് സെന്ററിന്റെ വിപുലീകരണത്തിനാവശ്യമായ സാധന സാമഗ്രികള്‍ വാങ്ങിക്കുക, നഗരസഭ പരിധിയിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ഡയപ്പര്‍/ നാപ്കിന് ഡിസ്ട്രോയര്‍ സ്ഥാപിക്കല്‍, നഗരസഭ തലത്തില്‍ സാനിറ്ററിപാഡ്/ ഡയപ്പര്‍/ നാപ്കിന് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള ഡിസ്ട്രോയര്‍ സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികളുടെ പ്രവർത്തന പുരോഗതി കൗൺസിൽ യോഗം വിലയിരുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.