െചറുതോണി: ഇടുക്കി ജില്ലക്ക് റിപ്പബ്ലിക് ദിനമായ ചൊവ്വാഴ്ച 49ാം പിറന്നാൾ. ഹൈറേഞ്ചിനെ ഉൾപ്പെടുത്തി ഒരു പുതിയ ജില്ല വേണമെന്ന ആവശ്യം 1960 മുതൽ ഉയർന്നിരുന്നു. അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നതിനാൽ ജില്ലയുടെ രൂപവത്കരണം നീണ്ടു.
ഒരുവിഭാഗം തൊടുപുഴ ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ല വേണമെന്നും മറുവിഭാഗം ഹൈറേഞ്ച് പ്രദേശം മാത്രം ഉൾപ്പെടുത്തി മലനാടു ജില്ല വേണമെന്നും വാദിച്ചു. ജില്ല മാത്രം യാഥാർഥ്യമായില്ല. അക്കാലത്ത് റവന്യൂ സെക്രട്ടറിയായിരുന്ന എം.കെ.കെ. നമ്പ്യാർ ഇത് സംബന്ധിച്ച് റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു.
ഇത് അംഗീകരിച്ച് ജില്ല രൂപവത്കരിക്കാൻ പിന്നീട് സർക്കാർ തീരുമാനിച്ചു. ആസ്ഥാനം ഇടുക്കിതന്നെ എന്നും ഉറപ്പിച്ചു. പെെട്ടന്ന് കലക്ടറേറ്റിന് വേണ്ട സൗകര്യമൊരുക്കാൻ ഇടുക്കിയിൽ കഴിയില്ല. തൽക്കാലം ആസ്ഥാനം കോട്ടയത്താകാം എന്ന് തീരുമാനിച്ചു. ഈ നിർദേശംെവച്ചത് അന്നത്തെ വൈദ്യുതി ബോർഡ് ചെയർമാൻ രാമചന്ദ്രനായിരുന്നു.
ജില്ല രൂപവത്കരിച്ചുള്ള ഉത്തരവ് 1972 ജനുവരി 25ന് സർക്കാർ പുറപ്പെടുവിപ്പിച്ചു. പുതിയ ജില്ല പിറ്റേ ദിവസം റിപ്ലബ്ലിക് ദിനത്തിൽ തന്നെ ഉദ്ഘാടനം ചെയ്യണമെന്ന് സർക്കാറിന് നിർബന്ധമുണ്ടായിരുന്നു. 24 മണിക്കൂറിനകം വേണ്ടത് ചെയ്യണമെന്ന സർക്കാർ നിർദേശവും പിന്നാലെയെത്തി.
പുതിയ ജില്ലയുടെ കലക്ടറായി ഇടുക്കി പദ്ധതിയുടെ കോഓഡിനേറ്ററായ ബാബു പോളിനെയും ഡി.എസ്.പിയായി പദ്ധതിയുടെ ചീഫ് സെക്യൂരിറ്റി ഓഫിസറായിരുന്ന ഉമ്മനെയും നിയമിച്ച് ഉത്തരവും രാവിലെ എത്തി. തലേദിവസം രാവിലെ മൂലമറ്റത്തായിരുന്ന ബാബു പോളിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് വേണ്ട നിർദേശം നൽകി.
സന്ധ്യയോടെ തന്നെ ബാബുപോൾ കോട്ടയത്തെത്തി കലക്ടറായിരുന്ന രഘുനാഥനെ കണ്ടു. രണ്ടുപേരുംകൂടി രാത്രി തന്നെ ഓടിനടന്ന് ചില കെട്ടിടങ്ങൾ നോക്കി. ഒടുവിൽ യൂനിയൻ ക്ലബിനടുത്തുള്ള ഒരു കെട്ടിടം തെരഞ്ഞെടുത്തു. പെെട്ടന്നുതന്നെ ഉള്ള സൗകര്യം തട്ടിക്കൂട്ടി പിറ്റേദിവസം റിപ്പബ്ലിക് ദിനത്തിൽ വൈകീട്ട് നാലിന് കൊട്ടും കുരവയും ആർപ്പുവിളികളുമില്ലാതെ ആ കെട്ടിടത്തിെൻറ മുകളിൽ ബാബുപോൾ ദേശീയപതാക ഉയർത്തി.
ജില്ലയുടെ പ്രഥമ കലക്ടറായി ബാബുപോൾ രേഖകളിൽ ഒപ്പുെവച്ചു. കോട്ടയം ജില്ല ജഡ്ജിയായിരുന്ന ജസ്റ്റിസ് ബാലഗംഗാധരൻ നായരും കോട്ടയം കലക്ടറായിരുന്ന രഘുനാഥനും ഈ ചരിത്ര സംഭവത്തിന് സാക്ഷ്യംവഹിക്കാനുണ്ടായിരുന്നു.
സ്റ്റാഫില്ല, ഫർണിച്ചറില്ല, കാലഹരണപ്പെട്ട ഒരു പഴയ ജീപ്പാണ് ആകെ കിട്ടിയത്. ജേക്കബ് എന്നൊരു ഡ്രൈവറും വാടകക്കെടുത്ത മേശയും കസേരയുമായി 1972 ജനുവരി 26ന് അങ്ങനെ ഇടുക്കി കലക്ടറേറ്റ് പ്രവർത്തനം തുടങ്ങി.
ബാബു പോളിെൻറ കീഴിൽ ഒരു െഡപ്യൂട്ടി കലക്ടറെക്കൂടി നിയമിച്ചു. പി.സി. മാത്തുണ്ണി. നാലാളുകളുടെ ജോലിവരെ ഇദ്ദേഹം ഒറ്റക്ക് ചെയ്യും. ഒരാഴ്ചക്കുള്ളിൽ ഒരു ഡസനോളം ഗുമസ്തൻമാരേക്കൂടി നിയമിച്ചു.കലക്ടറുടെ ആദ്യത്തെ പൊതുചടങ്ങ് പെരുവന്താനം പഞ്ചായത്തിലെ മുറിഞ്ഞപുഴ സ്കൂളിെൻറ ഉദ്ഘാടനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.