തൊടുപുഴ: ജില്ലയിൽ പനിബാധിതർ കുത്തനെ വർധിക്കുന്നു. പനിക്കാരില്ലാത്ത വീടില്ലെന്നതാണ് സ്ഥിതി. വൈറൽ പനിയാണ് കൂടുതൽ പേർക്കും. കുടുംബത്തിൽ ഒരാൾക്ക് പനി വന്നാൽ മറ്റുള്ളവർക്കെല്ലാം വന്നേ പോകൂ.
വൈറൽ പനിക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി, എച്ച്.വൺ എൻ. വൺ എന്നിവയും വിടാതെ കൂടുകയാണ് ജില്ലയിൽ. വൈറൽ പനിയെത്തുടർന്ന് വെള്ളിയാഴ്ച മാത്രം 1399 പേർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി.
ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന സ്വകാര്യ ആശുപത്രികളിൽ ഇതിന്റെ മൂന്നിരട്ടിയെങ്കിലും വരും പനിക്കാർ. ഈമാസം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം ഇതോടെ 4569 ആയി. ഹോമിയോ, ആയുർവേദം,സ്വകാര്യ ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ എത്തിയവരുടെ എണ്ണം കൂടി നോക്കിയാൽ പനി ബാധിതരുടെ എണ്ണം ഇരട്ടിയിലേറെ വരും. സ്കൂൾ കുട്ടികൾക്കിടയിലും പനി വ്യാപകമാണ്.
വൈറൽ പനി, എലിപ്പനി എന്നിവ മൂലമുള്ള ഓരോ മരണങ്ങളാണ് ഈ മാസം റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച ജില്ലയിൽ മൂന്നുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ ജില്ലയിൽ 17 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആറു പേർക്ക് എലിപ്പനിയും നാലുപേർക്ക് എച്ച്.വൺ എൻ.വണ്ണും 11 പേർക്ക് മഞ്ഞപ്പിത്തവും (ഹെപ്പറ്റൈറ്റിസ് എ) റിപ്പോർട്ട് ചെയ്തു. വയറിളക്ക രോഗങ്ങളെത്തുടർന്ന് 367 പേർ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഈ മാസം ചികിത്സ തേടി.
പനി വന്നാൽ സ്വയം ചികിത്സിക്കാതെ തുടക്കത്തിൽത്തന്നെ ഡോക്ടറുടെ സഹായം തേടണമെന്നും സ്വയം ചികിത്സ അരുതെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രക്തപരിശോധന അടക്കം നടത്തി രോഗം മാറിയെന്ന് ഉറപ്പുവരുത്തുകയും വേണം. എല്ലാവിധ പകർച്ചവ്യാധികൾക്കും എതിരായ ചികിത്സയും മരുന്നും സർക്കാർ ആശുപത്രികളിൽ ലഭ്യമാണെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.