സ​ജു, ബി​നു

കാട്ടുപോത്തിനെ വേട്ടയാടിയ കേസ്: രണ്ടുപേർകൂടി അറസ്റ്റിൽ

അടിമാലി: അടിമാലി റേഞ്ചിലെ നെല്ലിപ്പാറ വനമേഖലയിൽ കാട്ടുപോത്തിനെ വേട്ടയാടി മാംസം വിൽപന നടത്തിയ കേസിൽ രണ്ടുപേർകൂടി വനപാലകരുടെ പിടിയിൽ. തോപ്രാംകുടി സ്വദേശികളായ വെള്ളംകുന്നേൽ സജു, പൂമറ്റത്തിൽ ബിനു എന്നിവരാണ് വ്യാഴാഴ്ച പിടിയിലായത്.

48 കിലോ ഇറച്ചി വാങ്ങി തോപ്രാംകുടി മേഖലയിൽ വിൽപന നടത്തിയവരാണ് ഇവർ. ഇതോടെ ഈ കേസിൽ 12 പ്രതികൾ അറസ്റ്റിലായി. റേഞ്ച് ഓഫിസർ കെ.വി. രതീഷ്, മച്ചിപ്ലാവ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ ആർ. ബിനോജ്, സെക്ഷൻ ഫോറസ്റ്റർ പി.ജി. സന്തോഷ്‌, സജീവ്, ബെന്നി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

മ്ലാവിനെ കൊന്ന് ഇറച്ചി പങ്കിട്ട അഞ്ചുപേർ അറസ്റ്റിൽ

മൂന്നാർ: വഴിതെറ്റിയെത്തിയ മ്ലാവിനെ കൊന്ന് ഇറച്ചി പങ്കുവെച്ച അഞ്ചുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. ലക്ഷ്മി എസ്റ്റേറ്റിലെ സൗത്ത് ഡിവിഷനിൽ 25ാം നമ്പർ ഫീൽഡിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സൗത്ത് ഡിവിഷനിൽ താമസിക്കുന്ന എസ്റ്റേറ്റ് തൊഴിലാളികളായ പ്രവീൺ (26), അന്തോണി (45), കോവിൽ രാജ് (40), സൂപ്പർവൈസർ ചെല്ലദുരൈ(47), ഫീൽഡ് ഓഫിസർ മനോജ് (30) എന്നിവരെയാണ് മൂന്നാർ റേഞ്ച് ഓഫിസർ എസ്. ഹരീന്ദ്രകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെ കാട്ടിൽനിന്ന് വഴിതെറ്റി തേയിലത്തോട്ടത്തിലെത്തിയ 30 കിലോ വരുന്ന മ്ലാവിനെ ഒന്നാം പ്രതി പ്രവീണിന്റെ നേതൃത്വത്തിൽ കൊല്ലുകയായിരുന്നു. തുടർന്ന് ഇറച്ചി അഞ്ചായി വീതം വെച്ചു എന്നാണ് കേസ്. ബുധനാഴ്ച രാത്രിയോടെ വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മാംസാവശിഷ്ടങ്ങളൊന്നും ലഭിച്ചില്ല. വ്യാഴാഴ്ച പകൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇവരുടെ വീടിന്റെ സമീപത്തുനിന്ന് മ്ലാവിന്റെ തൊലിയും കാലുകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

വനപാലകരായ കെ.വി. ബിനു, ദീപക്, രമേഷ്,രാജൻ, സായ്കുമാർ, അഭിഷേക് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Wild buffalo poaching case: Two more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.