കേളകം (കണ്ണൂർ): തുടർച്ചയായ മഴമൂലം റമ്പൂട്ടാന്റെ വില കുത്തനെ കുറഞ്ഞു. കഴിഞ്ഞ വർഷം വിപണിയിൽ കിലോക്ക് 250 മുതൽ 500 രൂപ വരെ വിലയുണ്ടായിരുന്ന റമ്പൂട്ടാന്‍ ഇക്കുറി കിലോക്ക് 100 രൂപയിൽ താഴെയായി. വിലയിടിവിൽ വിഷമവൃത്തത്തിലാണ് കർഷകർ. ഇതോടെ റമ്പൂട്ടാൻ വിളവെടുക്കാതെ നശിക്കുന്ന സ്ഥിതിയാണ്.
കനത്തമഴയെ തുടർന്ന് വിളവെടുക്കുന്ന റമ്പൂട്ടാന്റെ പുറംതോട് കറുക്കുന്നതും പെട്ടെന്നു കേടാകുന്നതുമാണ് കർഷകർക്കും കച്ചവടക്കാർക്കും ഒരു പോലെ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഇളം ചുവപ്പ്, കടും ചുവപ്പ്, ഇളംമഞ്ഞ, കടുംമഞ്ഞ നിറങ്ങളിലായി ആറിലധികം ഇനങ്ങളാണ് ഉളളത്. പഴങ്ങളുടെ ഇനമനുസരിച്ചാണ് ഇവയുടെ വില. വടക്കൻ കേളത്തിലും ചെന്നൈ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലും റമ്പൂട്ടാന്‍ വൻ മാർക്കറ്റാണ്. ജൂൺ, ജൂലൈ മാസങ്ങളിലും ആഗസ്റ്റ് മാസത്തിന്റെ ആദ്യ വാരത്തിലുമായി റമ്പൂട്ടാന്റെ വിളവെടുപ്പ് അവസാനിക്കും.
റമ്പൂട്ടാൻ ഏറ്റവും കൂടുതൽ വിളവെടുക്കുന്ന സമയത്താണ് ഇക്കുറി തുടർച്ചയായ മഴ പെയ്തത്. പാകമായ റമ്പൂട്ടാന്റെ ആകർഷണിയതയും മധുരവുമാണ് ആളുകളെ ആകർഷിക്കുന്നത്. നേരിട്ടു കഴിക്കുന്നതിനു പുറമേ വിളഞ്ഞ റമ്പൂട്ടാൻ അച്ചാറിടുന്നതിനും ജ്യൂസായും സാലഡിൽ ഉൾപ്പെടുത്തിയും ആളുകൾ കഴിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.