തളിപ്പറമ്പ്: കുറുമാത്തൂർ വില്ലേജിലെ തുമ്പശേരി ഭൂമി തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയെ റിമാൻഡ് ചെയ്തു. എറണാകുളത്ത് താമസിക്കുന്ന കാസർകോട് കാലിക്കടവ് സ്വദേശി കാരയിൽ മുത്തലിബിനെയാണ് (50) തളിപ്പറമ്പ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിെൻറ സ്പെഷൽ സ്ക്വാഡ് എസ്.ഐ എ. പ്രേമരാജിെൻറ നേതൃത്വത്തിൽ മുത്തലിബിനെ ബുധനാഴ്ച എറണാകുളത്തുനിന്നാണ് പിടികൂടിയത്.
കേസിലെ മുഖ്യപ്രതിയാണ് റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ കൂടിയായ മുത്തലിബ്. ഈ കേസിൽ തളിപ്പറമ്പ് സബ് രജിസ്ട്രാറായിരുന്ന കണ്ണൂർ പുഴാതി ചിറക്കലിലെ പി.വി. വിനോദ് കുമാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
തുമ്പശേരി എസ്റ്റേറ്റിലെ 100 കോടിയോളം വിലവരുന്ന ഭൂമിയാണ് രണ്ട് തവണകളിലായി തട്ടിയെടുത്തത്. പരേതരായ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഫിലിപ്പോസ് തോമസ്, ഭാര്യ എറണാകുളം സ്വദേശിനി റോസ്മേരി എന്നിവരുടെ ഭൂമി തട്ടിയെടുത്തുവെന്നാണ് പരാതി. റോസ് മേരിയുടെ പേരിലുള്ള 7.5 ഏക്കർ സ്ഥലം രേഖയുടെ പകർപ്പ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി തട്ടിയെടുത്തെന്നാണ് ഒരു കേസ്. 2017ൽ റോസ്മേരിയുടെ ബന്ധുവായ ടി.എം. തോമസ് പവർ ഓഫ് അറ്റോണിയായ സ്ഥലം ആൾമാറാട്ടം നടത്തി 12 പേരുടെ പേരിൽ തട്ടിയെടുത്തെന്നാണ് രണ്ടാമത്തെ കേസ്. എട്ടേമുക്കാൽ ഏക്കർ സ്ഥലമാണ് ഇങ്ങനെ തട്ടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.