തലശ്ശേരി: നിരവധി വ്യാപാര സ്ഥാപനങ്ങളും സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിൽ ചോർച്ച രൂക്ഷം. തലശ്ശേരി നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് മൂന്നര പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടം.
കാലവർഷം ശക്തിപ്പെട്ടതോടെ കെട്ടിടത്തിന്റെ മുകളിലും താഴെ നിലയിലുമായി വെള്ളം തളം കെട്ടുകയാണ്. മഴയും കാറ്റും ശക്തിയുള്ള സമയങ്ങളിൽ കെട്ടിടത്തിൽ ചോർച്ച രൂക്ഷമാണ്. മുകളിൽ നിന്നൊലിച്ചിറങ്ങുന്ന വെള്ളം കോവണിയിലാകെ തളം കെട്ടുന്നു. താഴെ നിലയിലും ഇതാണ് സ്ഥിതി. ബാങ്കിലും മറ്റ് ഓഫിസുകളിലും വ്യത്യസ്ത ആവശ്യങ്ങൾക്കായെത്തുന്ന പ്രായമേറിയവരാണ് വെള്ളക്കെട്ട് കാരണം ദുരിതമനുഭവിക്കുന്നത്.
സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, മാധ്യമസ്ഥാപനങ്ങൾ, സഹകരണ പ്രസ്, തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫിസ്, ചാർട്ടേഡ് അക്കൗണ്ടൻറ് ഓഫിസുകൾ, ട്യൂഷൻ സെൻറർ, ട്രാവൽ ഏജൻസി, തുന്നൽ കടകൾ, പഴം പച്ചക്കറി സഹകരണ സംഘം ഓഫിസ്, കൂടാതെ നിരവധി വ്യാപാര സ്ഥാപനങ്ങളും ഈ ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.
മഴക്കാലത്ത് കെട്ടിടത്തിൽ ചോർച്ച പതിവാണ്. ഏതാനും വർഷം മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിടത്തിന്റെ മുകളിൽ ആസ്ബസ്റ്റോസ് ഷീറ്റുകൾ പാകിയിരുന്നു. തൊട്ടടുത്ത വർഷത്തെ മഴയിൽ തൊട്ടുതാഴെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ചോർച്ച തുടങ്ങി. പ്രശ്നം പരിഹരിക്കുന്നതിന് നഗരസഭ അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ നടപടികൾ ഉണ്ടാകാത്തതിനാൽ വ്യാപാരികൾക്കിടയിൽ പ്രതിഷേധം കനക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.