തലശ്ശേരി: കണ്ണൂർ റവന്യൂ ജില്ല സ്കൂൾ കായികമേളക്ക് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ തലശ്ശേരി നഗരസഭ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച തുടക്കം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളക്ക് എല്ലാവിധ ഒരുക്കവും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. അഞ്ച്, ആറ്, എട്ട് തീയതികളിലായാണ് മത്സരം.
15 സബ്ജില്ലകളിൽ നിന്ന് ഒന്നു മുതൽ മൂന്നാം സ്ഥാനം വരെ ലഭിച്ച മൽസരാർഥികളും തലശ്ശേരി സായി സെന്ററിൽ നിന്ന് ഏഴ് കുട്ടികളും കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ നിന്ന് 31 കുട്ടികളുമടക്കം 2700 ൽപരം മൽസരാർഥികൾ പങ്കെടുക്കും. വ്യാഴാഴ്ച രാവിലെ 6.15 ന് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ക്രോസ് കൺട്രി മത്സരത്തോട് കൂടിയാണ് മേളയുടെ തുടക്കം. തുടർന്ന് 8.40 ന് കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ എ.പി. അംബിക പതാക ഉയർത്തുന്നതോടെ മത്സരങ്ങൾ തുടരും.
വെള്ളിയാഴ്ച രാവിലെ ഒമ്പതരക്ക് നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി മേളയുടെ ഉദ്ഘാടനം നിർവഹിക്കും. സബ്ജൂനിയർ, ജൂനിയർ, സീനിയർ (അണ്ടർ 14, 17, 19 വിഭാഗം) ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 98 മത്സരയിനങ്ങൾ മൂന്ന് ദിവസങ്ങളിലായി നടക്കും. മേളയുടെ വിജയത്തിനായി തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ചെയർമാനായും കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ എ.പി. അംബിക എന്നിവരുടെ നേതൃത്വത്തിൽ 10 സബ്കമ്മിറ്റികളും പ്രവർത്തിച്ചുവരുന്നു.
ഞായറാഴ്ച വൈകീട്ട് നാലിന് സമാപന സമ്മേളനത്തിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത സമ്മാനദാനം നിർവഹിക്കും. വാർത്തസമ്മേളനത്തിൽ സംഘാടകരായ പി.കെ. മനോജ്, പി.പി. മുഹമ്മദലി, കെ.പി. സായന്ത്, വി.വി. വിനോദ്കുമാർ, ഡി. ജിനൽകുമാർ, ടി.പി. ആനന്ദ് കൃഷ്ണ, പി.വി. ഉദയകുമാർ എന്നിവർ പങ്കെടുത്തു.
കണ്ണൂർ: അധ്യയന വർഷം പകുതി പിന്നിടുന്നതോടെ സ്കൂളുകളിൽ ഇനി മേളകളുടെ കാലം. ഉപജില്ല കായികമേളകൾ പൂർത്തിയാക്കി റവന്യൂ ജില്ല കായികമേളക്ക് വെള്ളിയാഴ്ച തലശ്ശേരിയിൽ തുടക്കമാവുകയാണ്. ജില്ല സ്കൂൾ ശാസ്ത്ര-പ്രവൃത്തി പരിചയ മേള നവംബറിലും സ്കൂൾ കലോത്സവം ഡിസംബറിലും നടക്കും.
തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 21, 22 തിയതികളിലാണ് ശാസ്ത്ര പ്രവൃത്തി പരിചയ മേള. ഡിസംബർ രണ്ടു മുതൽ ഏഴു വരെ തലശ്ശേരിയിലാണ് കലോത്സവം. വേദികൾ ഏതൊക്കെയാണെന്ന് തീരുമാനമായിട്ടില്ല.
15 ഉപജില്ലകളിൽനിന്ന് കലോത്സവങ്ങളിൽ മാറ്റുരച്ചെത്തുന്ന പ്രതിഭകളാണ് ജില്ല കലോത്സവത്തിൽ പങ്കെടുക്കുക. തലശ്ശേരി നഗരത്തിലെ സ്കൂളുകളും ഓഡിറ്റോറിയങ്ങളുമാവും കലയുടെ ആഘോഷമേളക്ക് ആതിഥ്യമരുളുക. ശാസ്ത്ര-പ്രവൃത്തി പരിചയ മേളയിൽ പ്രതിഭാധനരായ നാലായിരത്തിലേറെ വിദ്യാർഥികളാണ് മത്സരിക്കാനെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.