തലശ്ശേരി: ഭിത്തി നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് അന്തർ സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. തലശ്ശേരി ഹോളോവേ റോഡിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് സമീപം റോഡിെൻറ സുരക്ഷാഭിത്തി കെട്ടുന്നതിനിടയിലാണ് അപകടം. നിർമാണ ജോലിക്കിടയിൽ പെട്ടെന്ന് മണ്ണിടിയുകയായിരുന്നു. മണ്ണിനടിയിപെട്ട് സാരമായി പരിക്കേറ്റ ബിഹാർ സ്വദേശി പിങ്കുവിനെ(36) തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. തലശ്ശേരി അഗ്നിരക്ഷസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. റോഡിെൻറ സുരക്ഷാഭിത്തിയുടെ അടിഭാഗം വാർത്തിരുന്നു. മുകളിലത്തെ ഭാഗത്ത് വാർക്കാനായി ഇരുമ്പ് ഷീറ്റും കമ്പിയും കെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. റസ്റ്റ് ഹൗസിലെ ഡ്രൈവറും തൊഴിലാളികളും ചേർന്ന് പിങ്കുവിെൻറ കഴുത്ത് വരെയുള്ള മണ്ണ് നീക്കം ചെയ്യുകയായിരുന്നു. തുടർന്ന് തലശ്ശേരി അഗ്നിരക്ഷസേനയിലെ മൂന്ന് യൂനിറ്റും കണ്ണൂരിലെ എമർജൻസി റസ്ക്യൂ ടെൻഡർ യൂനിറ്റും ചേർന്ന് രണ്ടര മണിക്കൂറോളം നടത്തിയ പ്രയത്നത്തിലൂടെയാണ് യുവാവിന് ജീവൻ തിരിച്ചുകിട്ടിയത്.
ശക്തമായ മഴ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. തലശ്ശേരി അഗ്നിരക്ഷസേന ഓഫിസർ വാസത്ത് ചേയച്ചാൻകണ്ടി, എം. രാജീവൻ, സി. ഉല്ലാസ്, കെ. ശിവപ്രസാദ്, പി.വി. രാജീവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. വാർഡ് കൗൺസിലർ എ.ടി. ഫിൽഷാദ്, തലശ്ശേരി എ.സി.പി വിഷ്ണുപ്രദീപ്, സി.ഐ കെ. സനൽകുമാർ, പ്രിൻസിപ്പൽ എസ്.ഐ അഖിൽ, എസ്.ഐ കെ. നജീബ്, തഹസിൽദാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.