കാസർകോട്: കോവിഡ് സമൂഹ വ്യാപനം തടയുന്നതിനായി ജില്ലയിൽ റാപിഡ് ആൻറിജൻ പരിശോധന വിപുലപ്പെടുത്തിയതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ.എ.വി. രാംദാസ് അറിയിച്ചു.
ജില്ലയിലെ പ്രധാനപ്പെട്ട സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സക്കെത്തുന്നവരിൽ ജലദോഷം, പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നവരെ അവിടെ വെച്ചുതന്നെ ആൻറിജൻ പരിശോധന നടത്തുന്നതിന് സൗകര്യമൊരുക്കി. കൂടുതൽ പേർ ചികിത്സക്കെത്തുന്ന ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളായ ജില്ല, ജനറൽ ആശുപത്രികൾ, താലൂക്കാശുപത്രികളായ തൃക്കരിപ്പൂർ, പനത്തടി, മംഗൽപാടി, ബേഡഡുക്ക സാമൂഹികാരോഗ്യ കേന്ദ്രങ്ങളായ പെരിയ, ചെറുവത്തൂർ, കുടുംബാരോഗ്യ കേന്ദ്രങ്ങളായ ഉദുമ, ചിറ്റാരിക്കാൽ, എണ്ണപ്പാറ, കരിന്തളം എന്നീ സ്ഥാപനങ്ങളിലാണ് പരിശോധന കേന്ദ്രങ്ങൾ ആരംഭിച്ചത്.
ജില്ലയിലെ തീരദേശ മേഖലകളിലും മറ്റിടങ്ങളിലും മത്സ്യ വിപണനം നടത്തുന്ന ആൾക്കാർ കോവിഡ് പരിശോധനക്ക് വിധേയരാകണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിൽ തീരദേശങ്ങൾ കേന്ദ്രീകരിച്ച് അഞ്ചു പരിശോധന കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു. കാസർകോട് കസബ കടപ്പുറം, ഉദുമ തൃക്കണ്ണാട്, അജാനൂർ കടപ്പുറം, തൈക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം, മടക്കര ഹാർബർ എന്നിവിടങ്ങളിലാണ് പരിശോധന കേന്ദ്രങ്ങൾ.
കോവിഡ് പരിധോധനക്ക് വിധേയമാകുന്നവർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചിട്ടുള്ള പരിശോധന കേന്ദ്രങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി ജില്ല, ജനറൽ ആശുപത്രികളിലെ സ്രവപരിശോധന കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.