പടന്ന: 1973ൽ ഉപ്പാപ്പ ഉപയോഗിച്ച ഫിയറ്റ് കാർ കൊച്ചുമകൻ തിരികെ വീട്ടിലെത്തിച്ചപ്പോൾ പടന്ന റഹ് മാനിയ്യ മദ്റസക്ക് സമീപമുള്ള നഫീസ മൻസിലിൽ ആഹ്ലാദം തിരതല്ലി. കുടുംബാംഗം ഏറെക്കാലത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ പ്രതീതി. പടന്നയിലെ പൗര പ്രമുഖനും മംഗളൂരുവിലെ ഹോട്ടൽ വ്യവസായിയും ആയിരുന്ന പരേതനായ എം.കെ. അബ്ദുൽ ഖാദർ ഹാജി ഉപയോഗിച്ച ഫിയറ്റ് കാറാണ് കൊച്ചുമകൻ ദാനിഷ് അബ്ദുൽ ഖാദർ ഒരു വർഷത്തെ അലച്ചിലിനൊടുവിൽ മൂന്നാർ സ്വദേശിയിൽ നിന്നും വാങ്ങി പടന്നയിലെ വീട്ടിൽ എത്തിച്ചത്.
എം.കെ. ഹാജിയുടെ മകനും മംഗളൂരുവിലെ ഹോട്ടൽ വ്യവസായിയും ആയ മകൻ എസ്.സി സുലൈമാൻ ഹോട്ടലിലെ പഴയ ഷെൽഫിൽ നിന്നും ഫിയറ്റ് കാറുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് കാണാൻ ഇടയായതാണ് കാറിലേക്ക് എത്തിച്ചത്. സുലൈമാന്റെ മകനും സ്പേസ് ആൻഡ് ആസ്ട്രോണമിക്കുമായ ദാനിഷ് കൗതുകത്തിന് വണ്ടി കാറിന് പിറകെ അന്വേഷിച്ച് പോവുകയായിരുന്നു.
എം.കെ ഹാജിക്ക് ഫിയറ്റ് കാറിനോട് വല്ലാത്ത കമ്പമായിരുന്നു. അമ്പത് വർഷം മുമ്പ് ഫിയറ്റ് കാറിൽ തന്നെ ആയിരുന്നു അദ്ദേഹം പടന്നയിൽ നിന്ന് മംഗളൂരുവിലേക്ക് യാത്ര ചെയ്തിരുന്നത്. കാർ പ്രേമി ആയിരുന്ന ഹാജി ഓരോ വർഷവും പുതിയ കാർ വാങ്ങുമായിരുന്നു. അത്തരത്തിൽ ഇപ്പോൾ പടന്നയിൽ എത്തിച്ച കാറിന് മറ്റൊരു പ്രത്യേകതയുംകൂടി ഉണ്ടായിരുന്നു.
അന്നത്തെ യൂനിയൻ ലീഗിന്റെ പടന്നയിലെ നേതാവ് കൂടിയായിരുന്ന എം.കെ ഹാജിയുടെ ഈ കാറിലാണ് മുൻ മുഖ്യമന്ത്രിയും ലീഗ് നേതാവും ആയിരുന്ന സി.എച്ച്. മുഹമ്മദ് കോയ പടന്നയിൽ വന്നത്.
പടന്നയിലേക്കുള്ള യാത്രക്കിടെ പഴയ സ്വപ്നവണ്ടിക്ക് വഴിനീളെ സ്വീകരണമായിരുന്നു എന്ന് ദാനിഷ് പറയുന്നു. യാത്രക്കിടെ പല സ്ഥലത്തും വിവാഹ പാർട്ടികൾ വരെ ഫോട്ടോ ഷൂട്ടിന് കാറ് ആവശ്യപ്പെട്ടു. പടന്നയിൽ എത്തിച്ചപ്പോഴും കാറിന് സമീപം നിന്ന് ഫോട്ടോ എടുക്കാൻ ബന്ധുക്കളും നാട്ടുകാരും മത്സരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.