കൊച്ചി: അധികൃതരുടെ അനാസ്ഥ ജീവനെടുക്കുന്നുവെന്ന വിവാദം ശക്തമാകുമ്പോൾ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ സ്വന്തം വിദ്യാർഥി മുതൽ കോവിഡ് ബാധിതർവരെ ഇരയാക്കപ്പെട്ടെന്ന ആരോപണങ്ങളിൽ ചൂടുപിടിച്ച ചർച്ച. കോവിഡ് ബാധിതൻ ഓക്സിജൻ കിട്ടാതെ മരിച്ചെന്ന നഴ്സിങ് സൂപ്രണ്ടിെൻറ ശബ്ദസന്ദേശവും തുടർന്ന് ഡോക്ടറുടെ കൂടുതൽ വെളിപ്പെടുത്തലും പുറത്തുവന്നതോടെ അന്വേഷണം പുരോഗമിക്കുകയാണ്. കോവിഡ് ബാധിച്ച ഫോർട്ട്കൊച്ചി സ്വദേശി ഹാരിസ് (51), കുന്നുകര സ്വദേശിനി കെ.എ. ജമീല (53), ആലുവ സ്വദേശി ബൈഹഖി (59) എന്നിവരുടെ മരണത്തിലാണ് അന്വേഷണം.
ചികിത്സ പിഴവ് ആരോപണത്തിൽ എറണാകുളം ഗവ. മെഡിക്കൽ കോളജ് അകപ്പെടുന്നത് ആദ്യമായല്ല. 2017ൽ അവിടുത്തെ തന്നെ വിദ്യാർഥിയായിരുന്ന ഷംന തസ്നീമിെൻറ മരണവും വയറുവേദനക്ക് ചികിത്സ തേടിയെത്തിയ എടത്തല സ്വദേശി ജെറിൻ മൈക്കളിെൻറ മരണവും ആശുപത്രിയെ വിവാദത്തിലാക്കിയിരുന്നു. പനിയും തൊണ്ടവേദനയുമായി ചികിത്സക്കെത്തിയ ഷംനയെ കുത്തിവെപ്പിനു മുമ്പ് അലർജി പരിശോധന നടത്തിയിരുന്നു. അതിെൻറ ഫലം വരും മുമ്പുതന്നെ മുഴുവൻ ഡോസ് മരുന്നും കുത്തിവെച്ചു. ഇതോടെ ഗുരുതരാവസ്ഥയിലായ ഷംന 25 മിനിറ്റിനുള്ളിൽ മരിച്ചു. ഇ.സി.ജി റിപ്പോർട്ടിൽ ഷംന മരിെച്ചന്ന് രേഖപ്പെടുത്തിയിട്ടും സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കെന്ന് പറഞ്ഞ് കൊണ്ടുപോയി. ചികിത്സ പിഴവല്ലെന്ന് മെഡിക്കൽ ഓഫിസർ വിധിയെഴുതിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ പിതാവ് അബൂട്ടി ആരോഗ്യവകുപ്പ് സെക്രട്ടറിയെ സമീപിച്ചു. മെഡിക്കൽ ബോർഡ് അപ്പക്സ് കൗൺസിൽ രണ്ട് ഡോക്ടർമാരെ കുറ്റക്കാരെന്ന് കണ്ടെത്തി സസ്പെൻഡ് ചെയ്യുകയും ചെയ്തു. ചികിത്സ പിഴവ് മറച്ചുവെക്കാൻ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഇടപെടലിനെതിരെ നാളുകൾ നീണ്ട നിയമപോരാട്ടം നടത്തിയ അബൂട്ടിയും പിന്നീട് മരിച്ചു.
സൗണ്ട് എൻജിനീയറിങ് വിദ്യാർഥിയായിരുന്ന ജെറിൻ മൈക്കിളിനെ (25) വയറുവേദനയുമായാണ് 2017 മാർച്ചിൽ ആശുപത്രിയിൽ എത്തിച്ചത്. ഉടൻ ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡ്യൂട്ടി ഡോക്ടർ പറഞ്ഞത്. ഡോക്ടർ സ്ഥലത്തില്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയ മാറ്റിവെച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രാത്രി മൂന്നുതവണ അപസ്മാര ലക്ഷണങ്ങൾ കാണിച്ചെങ്കിലും അധികൃതർ വേണ്ട ശ്രദ്ധ നൽകിയില്ല. നാലാമതും അപസ്മാര ലക്ഷണം കാണിച്ച ജെറിെൻറ നില തീർത്തും വഷളായപ്പോഴാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ജെറിനുമായി ലിഫ്റ്റിന് അടുത്തെത്തിയപ്പോൾ അത് പ്രവർത്തിപ്പിക്കാനും ആളില്ലായിരുന്നു.
മെഡിക്കൽ കോളജായി ഉയർത്തുംമുമ്പ് 2012ൽ ഓക്സിജൻ ലഭിക്കാതെ മൂന്നുപേർ മരിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിവാദമായതോടെ ഓക്സിജൻ പ്ലാൻറ് ഓപറേറ്ററെ പുറത്താക്കിയതൊഴിച്ച് മറ്റു നടപടിയുണ്ടായില്ല. പ്രതിക്കൂട്ടിലാകുമ്പോഴെല്ലാം ആരോപണങ്ങൾ നിഷേധിക്കുന്ന നിലപാടാണ് കാലങ്ങളായി ആശുപത്രി അധികൃതർ കൈക്കൊള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.