നെടുമ്പന ആയുർവേദ ആശുപത്രിയിലെ മരം മുറി: പൊലീസ് മഹസർ രേഖപ്പെടുത്തി

നെടുമ്പന: ആയുർവേദ ആശുപത്രി വളപ്പിൽനിന്ന്​ മരങ്ങൾ മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട് കണ്ണനല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു. എസ്.ഐ സജീവിന്‍റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് നേരിട്ടെത്തി മഹസർ രേഖപ്പെടുത്തി. മുറിച്ച മരങ്ങളുടെ എണ്ണവും അളവും രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയത്. നേരിട്ടുള്ള അന്വേഷണത്തിൽ 27 മരങ്ങളിൽ കൂടുതൽ മുറിച്ചതായി കണ്ടെത്തി. നേരത്തേ, വിവാദം കനത്തതോടെ വലിയൊരു മരത്തിന്‍റെ എട്ട്​ കഷണം തടി തിരിച്ചിട്ട് അധികൃതർ തലയൂരാൻ ശ്രമിച്ചിരുന്നു. ഡോക്ടറുടെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തത്. മോഷണക്കുറ്റത്തിനാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. രാഷ്ട്രീയസമ്മർദത്തിന് വഴങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ചാൽ വരുംദിവസങ്ങളിൽ തുടർ പ്രക്ഷോഭങ്ങളും ജനകീയ കാമ്പയിനുകളുമായി മുന്നോട്ടുപോകുമെന്ന് മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗം ഫൈസൽ കുളപ്പാടം, മണ്ഡലം പ്രസിഡന്‍റുമാരായ കണ്ണനല്ലൂർ സമദ്, റോബിൻ മീയണ്ണൂർ, പഞ്ചായത്തംഗങ്ങളായ ശോഭനകുമാരി, റജില ഷാജഹാൻ, ഹാഷിം, സുജ ബിജു, ശിവദാസൻ, ആരിഫ സജീവ് എന്നിവർ അറിയിച്ചു. പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍ ഇരവിപുരം: പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍. വടക്കേവിള ഷെയ്ഖുന നഗര്‍ 11ല്‍ സലീന മന്‍സിലിൽ ഫാരിസ് (22) ആണ് പിടിയിലായത്. മൊബൈല്‍ ഫോണ്‍ വഴി പരിചയത്തിലായ പതിനാറുകാരിയോട് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ഫാരിസ് പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിനുശേഷം മാനസികമായി തകര്‍ന്ന പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞില്ല. വിവരമറിഞ്ഞ രക്ഷാകർത്താക്കള്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. ഇരവിപുരം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ സബ്​ ഇൻസ്​പെക്ടര്‍മാരായ അരുണ്‍ഷാ, ജയേഷ്, പ്രകാശ്, സി.പി.ഒമാരായ ദീപു, ഷീബ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഫാരിസിനെ റിമാൻഡ്​​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.