കല്ലടയാറ്റിൽ നിരോധനം ലംഘിച്ച് മണൽവാരൽ

ശാസ്താംകോട്ട: വ്യാപകമാകുന്നതായി പരാതി. ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതുടർന്ന് വർഷങ്ങളായി കല്ലടയാറ്റിലെ മണൽവാരൽ നിരോധിച്ചിരിക്കയാണ്. തൊഴിലാളികളും അവരുടെ കുടുംബങ്ങളും തൊഴിലില്ലാതെ വലയുമ്പോഴാണ് അനധികൃത മണൽ മാഫിയ ദിവസവും ലക്ഷങ്ങൾ സമ്പാദിക്കുന്നത്. ഏനാത്ത് പാലം മുതൽ കുന്നത്തൂർ പാലം വരെയും തെക്കോട്ട് ചീക്കൽകടവ് പാലം, കടപുഴ പാലം വരെയുള്ള ഭാഗത്താണ് അനധികൃത മണൽവാരൽ നടക്കുന്നത്. ബലക്ഷയം മൂലം അപകട ഭീഷണി നേരിടുന്ന കുന്നത്തൂർ പാലം ഭാഗത്ത് മണൽവാരൽ വ്യാപകമാണ്. 2018 ലെ പ്രളയം മുതൽ കല്ലടയാറ്റിൽ വൻതോതിൽ മണൽ അടിഞ്ഞിട്ടുണ്ട്. ചില ഭാഗങ്ങളിൽ മണൽതിട്ടവരെ രൂപപ്പെട്ടു. രാത്രികാലങ്ങളിൽ വാരുന്ന മണൽ സമീപ പുരയിടങ്ങളിൽ എത്തിച്ച് കടത്തുകയാണ് പതിവ്. പാത ഒരുക്കുന്നതിന് വസ്തു ഉടമകൾക്ക് വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് പണം ലഭിക്കാറുണ്ട്. ചിലർ മണൽ വാരി പുഴയോട് ചേർന്നുള്ള ഇഷ്ടിക ഫാക്ടറികളിലെ ചളിക്കുഴികളിൽ നിക്ഷേപിക്കുകയും പിന്നീട് കടത്തുകയുമാണ് രീതി. കല്ലടയാറിനോട് ചേർന്നുള്ള തിട്ടയിടിച്ചും മണൽ വാരുന്നുണ്ട്. കുന്നത്തൂർ തോട്ടത്തുംമുറി മൂന്നാം കിഴക്കതിൽ കടവ് ഭാഗത്ത് ഏക്കർ കണക്കിന് ഭൂമിയാണ് ഓരോ മഴക്കാലത്തും കർഷകർക്ക് നഷ്ടപ്പെടുന്നത്. പൊലീസ് - റവന്യൂ അധികൃതർക്ക് പരാതി നൽകിയാലും രക്ഷയില്ല. പരാതികൾ രൂക്ഷമാകുമ്പോൾ രംഗത്തിറങ്ങുന്ന പൊലീസ് വിവരം മുൻകൂട്ടി മണൽ മാഫിയ സംഘത്തെ അറിയിക്കുന്നതായും ആക്ഷേപമുണ്ട്. പൊലീസിന്‍റെ വരവ് അറിയിക്കാൻ പ്രധാന ഭാഗങ്ങളിലെല്ലാം എസ്കോർട്ട് സംഘവും ഉണ്ടാകും. മണൽ ഖനന പ്രദേശങ്ങൾ ശാസ്താംകോട്ട, പുത്തൂർ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലായതിനാൽ പൊലീസ് ഇവിടേക്ക് ശ്രദ്ധിക്കാറില്ലെന്നും പറയപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.