പുനലൂർ: കൊല്ലം - പുനലൂർ റെയിൽവേ പാതയിൽ വ്യാഴാഴ്ച മുതൽ വൈദ്യുതി എൻജിനുകൾ ഓടിത്തുടങ്ങും. ഇത് സംബന്ധിച്ച ഉത്തരവ് ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം ഇറങ്ങി. തുടക്കത്തിൽ പുനലൂർ - നാഗർകോവിൽ സ്പെഷൽ, കന്യാകുമാരി - പുനലൂർ സ്പെഷൽ എന്നീ സർവിസുകൾക്കാണ് ഇലക്ട്രിക് എൻജിനിൽ സർവിസ് നടത്താൻ അനുമതിയുള്ളത്. വൈദ്യുതീകരണം പൂർത്തിയായ ഈ ലൈൻ കഴിഞ്ഞ മാർച്ച് 21ന് ദക്ഷിണ റെയിൽവേ സുരക്ഷാ കമീഷണർ അഭയകുമാർ സുരക്ഷാ പരിശോധന നടത്തിയിരുന്നു. ഇതിനെതുടർന്ന് ഈ പാതയിൽ വൈദ്യുതി എൻജിനുകളും മെമു സർവിസുകളും ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ, സുരക്ഷ കമീഷണർ നിർദേശിച്ച ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നതിനാലാണ് സർവിസ് ആരംഭിക്കാൻ വൈകിയത്. ഇതിനിടെ കഴിഞ്ഞ ഫെബ്രുവരി 24ന് അലഹബാദിലുള്ള സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലക്ട്രിഫിക്കേഷൻ (കോർ) ജനറൽ മാനേജർ വൈ.പി. സിങ് പാതയിൽ പരിശോധന നടത്തിയിരുന്നു. ഈ പരിശോധന റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഇലക്ട്രിക് എൻജിന് അനുമതിയായത്. മുമ്പുണ്ടായിരുന്ന കൊല്ലം - പുനലൂർ പാസഞ്ചർ കഴിഞ്ഞ 30ന് പുനരാരംഭിച്ചപ്പോൾ മെമു സർവിസായിട്ടാണ് പ്രഖ്യാപിച്ചത്. എങ്കിലും ഇപ്പോഴും ഐ.സി.എഫ് കോച്ചുകൾ ഉപയോഗിച്ചാണ് സർവിസ് നടത്തുന്നത്. വൈദ്യുതി എൻജിനുകൾ ഓടിക്കാൻ അനുമതി ലഭിച്ചതോടെ മെമുവും ഉടൻതന്നെ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ഇപ്പോൾ വൈദ്യുതി എൻജിൻ അനുമതിയായ സർവിസ് രാവിലെ 6.30ന് പുനലൂരിൽനിന്ന് പുറപ്പെട്ട് 11.35ന് നാഗർകോവിലിൽ എത്തിച്ചേരും. തിരികെ കന്യാകുമാരിയിൽനിന്ന് ഉച്ചക്കുശേഷം 3.10 ന് പുറപ്പെട്ട് രാത്രിയിൽ 8.15 ന് പുനലൂരിൽ എത്തും. മധുര - പുനലൂർ എക്സ്പ്രസ്, ഗുരുവായൂർ - പുനലൂർ ഇന്റർസിറ്റി എക്സ്പ്രസ് എന്നീ സർവിസുകൾക്ക് പുനലൂർവരെ വൈദ്യുതി എൻജിൻ ഉപയോഗിക്കാനുള്ള അനുമതി ഉടൻതന്നെ ലഭിച്ചേക്കും. പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലുള്ള സബ് സ്റ്റേഷൻ കമീഷൻ ചെയ്യുന്നതോടെ കൂടുതൽ സർവിസുകൾ ഇലക്ട്രിക് ലൈനിലാകും. ഇപ്പോൾ പെരിനാട് സബ് സ്റ്റേഷനിൽനിന്നാണ് ലൈൻ ചാർജ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.