കെ.എസ്.ആർ.ടി.സി ബസ്‌ സ്​റ്റാൻഡ്​ റോഡിലെ വെള്ളക്കെട്ട്: എം.എൽ.എയും ഉദ്യോഗസ്ഥ സംഘവും സ്ഥലം സന്ദർശിച്ചു

കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി ബസ് സ്​റ്റാൻഡിന് മുന്നിലെ റോഡിലെയും പരിസരത്തെയും വെള്ളക്കെട്ട് പരിഹരിക്കാൻ സി.ആർ. മഹേഷ് എം.എൽ.എയുടെയും പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനീയറുടെയും നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.ആർ. മഹേഷ് എം.എൽ.എ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കത്തുനൽകിയിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരമാണ് ചീഫ് എൻജിനീയർ അജിത് രാമചന്ദ്ര​ൻെറ നേതൃത്വത്തിലുള്ള സംഘമെത്തിയത്. ബസ് സ്​റ്റാൻഡിന് മുന്നിൽ മാർക്കറ്റ് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗവും റോഡും സംഘം സന്ദർശിച്ചു. പ്രത്യേക ഓട നിർമിച്ച് കന്നേറ്റി കായലിലേക്കുള്ള തോട്ടിലേക്ക് വെള്ളം ഒഴുക്കിവിടാനുള്ള പദ്ധതിയുടെ രൂപരേഖ പൊതുമരാമത്ത് റോഡ് വിഭാഗം തയാറാക്കിയിരുന്നു. വെള്ളക്കെട്ടുള്ള ഭാഗത്തുനിന്ന്​ മാർക്കറ്റ് റോഡിലെ പി.ഡബ്ല്യു.ഡി റോഡുവശത്തുകൂടി നഗരസഭ റോഡിലൂടെയാകും തോട്ടിലേക്ക് ഓട നിർമിക്കുക. മൊത്തം 340 മീറ്റർ നീളത്തിലാണ് ഓട നിർമിക്കേണ്ടി വരിക. ഇതിനുള്ള സാധ്യത സംഘം പരിശോധിച്ചു. ഓട നിർമിക്കുന്നതോടെ വെള്ളക്കെട്ടിന് പൂർണ പരിഹാരമാകുമെന്നും സംഘം വിലയിരുത്തി. മൊത്തം 75 ലക്ഷം രൂപ ചെലവാകും. രണ്ടുമാസത്തിനുള്ളിൽ ടെൻഡർ ഉൾപ്പെടെ പൂർത്തിയാക്കി നിർമാണം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സി. എൻജിനീയർ ശാരി, പാലം വിഭാഗം ചീഫ് എൻജിനീയർ മനു മോഹൻ, റോഡ് വിഭാഗം കരുനാഗപ്പള്ളി അസി. എക്‌സി. എൻജിനീയർ ഭാമ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.